Sanju Samson: ക്യാപ്റ്റന്‍സി മോഹങ്ങള്‍ സഞ്ജുവിന് ഉപേക്ഷിക്കാം; ബിസിസിഐയുടെ പ്ലാനില്‍ മലയാളി താരമില്ല?
The Race for India’s T20I Captaincy : സഞ്ജു സാംസണ്‍ സൂര്യകുമാര്‍ യാദവിന്റെ പിന്‍ഗാമിയായി ഇന്ത്യയുടെ ടി20 ക്യാപ്റ്റനാകാനുള്ള സാധ്യത മങ്ങുന്നു. സഞ്ജു ടി20 ലോകകപ്പിലെ പ്ലെയര്‍ ഓഫ് ദ ടൂര്‍ണമെന്റായിരുന്നെങ്കിലും, പ്രകടനത്തില്‍ താരം സ്ഥിരത പുറത്തെടുക്കുന്നില്ലെന്നാണ് ബിസിസിഐയുടെ നിരീക്ഷണം.

സഞ്ജു സാംസൺ
India’s T20I Captaincy Dilemma: സഞ്ജു സാംസണ്‍ സൂര്യകുമാര്‍ യാദവിന്റെ പിന്‍ഗാമിയായി ഇന്ത്യയുടെ ടി20 ക്യാപ്റ്റനാകാനുള്ള സാധ്യത മങ്ങുന്നു. ടി20 ലോകകപ്പിലെ പ്ലെയര്‍ ഓഫ് ദ ടൂര്‍ണമെന്റായിരുന്നെങ്കിലും, പ്രകടനത്തില്‍ താരം സ്ഥിരത പുറത്തെടുക്കുന്നില്ലെന്നാണ് ബിസിസിഐയുടെ നിരീക്ഷണം. ഐപിഎല്ലില്‍ രണ്ട് സെഞ്ചുറി നേടിയെങ്കിലും സഞ്ജു ‘ഇന്‍കണ്‍സിസ്റ്റന്റ്’ ആയിരുന്നു. സഞ്ജുവിന്റെ സമീപകാല പ്രകടനങ്ങള്‍ അനുകൂല ഘടകമാണെങ്കിലും, താരത്തിന്റെ സ്ഥിരതയില്ലായ്മയില്‍ ബിസിസിഐ അതൃപ്തിയിലാണെന്ന് ക്രിക്കറ്റ് ബോര്‍ഡ് വൃത്തങ്ങളെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു.
നിലവിലെ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവിന്റെ മോശം ഫോമും ബിസിസിഐ ചര്‍ച്ച ചെയ്യുന്നുണ്ട്. ഈ വർഷം അവസാനം നടക്കുന്ന ഏഷ്യൻ ഗെയിംസിനുള്ള സാധ്യതാ പട്ടികയിൽ 35-കാരനായ സൂര്യകുമാറിനെ ഉള്‍പ്പെടുത്തിയിരുന്നില്ല. താരം ടി20 ടീമില്‍ നിന്ന് പുറത്തായേക്കുമെന്നാണ് സൂചന.
സൂര്യകുമാറിന് അല്പം കൂടി സമയം നൽകണമെന്ന് സെലക്ഷൻ കമ്മിറ്റിയിലെ ഒരു ചെറിയ വിഭാഗം വാദിക്കുന്നുണ്ട്. എന്നാൽ 2028-ലെ ലോസ് ആഞ്ചലസ് ഒളിമ്പിക്സും ആ വർഷത്തെ ട്വന്റി-20 ലോകകപ്പും മുന്നിൽക്കണ്ട് ടീമിന്റെ നേതൃത്വത്തിൽ മാറ്റം വരുത്തണമെന്നാണ് ഭൂരിപക്ഷത്തിന്റെയും അഭിപ്രായം. ചീഫ് സെലക്ടർ അജിത് അഗാർക്കറും മുഖ്യപരിശീലകൻ ഗൗതം ഗംഭീറും സ്വീകരിക്കുന്ന നിലപാട് നിര്‍ണായകമാകും.
Also Read: Sanju Samson: അയര്‍ലന്‍ഡ് പര്യടനത്തില്‍ ഇന്ത്യയെ ആരു നയിക്കും? ഓപ്ഷണുകളില്‍ സഞ്ജുവും
ശ്രേയസ് അയ്യരും പരിഗണനയില്‍
ശ്രേയസ് അയ്യരുടെ പേരും ടി20 ക്യാപ്റ്റന്‍സിയിലേക്ക് ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്. എന്നാൽ ഈ നീക്കത്തോട് ഗൗതം ഗംഭീർ എങ്ങനെ പ്രതികരിക്കുമെന്നതാണ് ശ്രദ്ധേയം. ഗംഭീറും അഗാര്‍ക്കറും ഒറ്റ പേരിലെത്തുമോയെന്നും കണ്ടറിയണം. നേരത്തെ ചില തീരുമാനങ്ങളില്‍ ഇരുവരും തമ്മില്‍ അഭിപ്രായ വ്യത്യാസങ്ങളുണ്ടായിരുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
“ഇതുവരെ ചുമതലയേറ്റവരിൽ വെച്ച് ഏറ്റവും ശക്തനായ ചീഫ് സെലക്ടർമാരിൽ ഒരാളാണ് അജിത് അഗാർക്കർ. ഭാവി മുൻകൂട്ടി കണ്ട് ചില തീരുമാനങ്ങൾ അദ്ദേഹം എടുത്തിട്ടുണ്ട്. ട്വന്റി-20 നായകസ്ഥാനത്തെക്കുറിച്ചും മുന്നോട്ടുള്ള വഴിയെക്കുറിച്ചും അദ്ദേഹത്തിനും പാനലിനും വ്യക്തമായ പദ്ധതിയുണ്ട്. അതുകൊണ്ടാണ് ലോകകപ്പിന് തൊട്ടുമുമ്പ് ഇന്ത്യ കളിച്ച അവസാന ഉഭയകക്ഷി പരമ്പരയ്ക്കുള്ള ടീമിൽ ശ്രേയസ് അയ്യരെ ഉൾപ്പെടുത്തിയതും ഏകദിന ടീമിന്റെ വൈസ് ക്യാപ്റ്റനായി നിയമിച്ചതും”-ഇങ്ങനെയാണ് വിശ്വസനീയമായ ഒരു കേന്ദ്രം ടൈംസ് ഓഫ് ഇന്ത്യയോട് പ്രതികരിച്ചത്.
ഗംഭീറിന്റെ മനസ്സിൽ മറ്റാരെങ്കിലും ഉണ്ടോ? ഇനി അങ്ങനെ മറ്റാരെയെങ്കിലും നിർദ്ദേശിച്ചാൽ അത് സെലക്ടർമാർക്ക് സമ്മതമാകുമോ? ഇവയൊക്കെയാണ് ഇനി നടക്കാനിരിക്കുന്ന പ്രധാന ചർച്ചകൾ. ലോകകപ്പിൽ അക്സർ പട്ടേൽ ആയിരുന്നു വൈസ് ക്യാപ്റ്റൻ.
ഇഷാൻ കിഷനും നായകനാകാനുള്ള യോഗ്യതയുണ്ട്. പ്രായവും, ഫോമും അദ്ദേഹത്തിന് അനുകൂലമാണ്. ഇതിനൊക്കെ പുറമെ സഞ്ജു സാംസണിന്റെ പേരും സജീവമായി കേൾക്കുന്നുണ്ട്. സഞ്ജുവിന് സമീപകാലത്തെ മികച്ച പ്രകടനങ്ങള്‍ അനുകൂല ഘടകമാണ്. എന്നാല്‍ അദ്ദേഹത്തിന്റെ കരിയറിലെ സ്ഥിരതയില്ലായ്മയില്‍ അതൃപ്തിയുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ജൂണ്‍ 26-നാണ് അയര്‍ലന്‍ഡിനെതിരായ പരമ്പരയിലെ ആദ്യ മത്സരം. ജൂണ്‍ 17-നകം ടീം പ്രഖ്യാപനമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. ആരാണ് സൂര്യകുമാറിന്റെ പിന്‍ഗാമിയെന്ന് അറിയാന്‍ അതുവരെ കാത്തിരിക്കണം.
English Summary
Suryakumar Yadav faces removal from India’s T20I captaincy due to poor form. Shreyas Iyer is a strong contender for the leadership role and the number four slot. Sanju Samson and Ishan Kishan are also being discussed as potential captaincy options.