Womens ODI World Cup 2025: പൊളിച്ചടുക്കി മന്ദനയും റാവലും; ഓസ്ട്രേലിയക്ക് മുന്നിൽ മികച്ച സ്കോറുയർത്തി ഇന്ത്യ
India Innings Against Australia: ഓസ്ട്രേലിയക്കെതിരായ ലോകകപ്പ് മത്സരത്തിൽ ഇന്ത്യക്ക് മികച്ച സ്കോർ. ഫിഫ്റ്റികൾ നേടിയ സ്മൃതി മന്ദനയും പ്രതിക റാവലുമാണ് ഇന്ത്യയെ വൻ സ്കോറിലെത്തിച്ചത്.

പ്രതിക റാവൽ, സ്മൃതി മന്ദന
ഓസ്ട്രേലിയക്കെതിരെ മികച്ച സ്കോറുമായി ഇന്ത്യൻ വനിതകൾ. 48.5 ഓവറിൽ 330 റൺസെടുക്കുന്നതിനിടെ ഇന്ത്യ ഓളൗട്ടാവുകയായിരുന്നു. 80 റൺസ് നേടിയ സ്മൃതി മന്ദന ഇന്ത്യയുടെ ടോപ്പ് സ്കോററായി. പ്രതിക റാവലും (75) മികച്ച പ്രകടനം നടത്തി. ഓസ്ട്രേലിയക്കായി അന്നബെൽ സതർലൻഡ് 5 വിക്കറ്റ് വീഴ്ത്തി.
കഴിഞ്ഞ മത്സരങ്ങളിലൊന്നും കാര്യമായി തിളങ്ങാൻ കഴിയാതിരുന്ന ഇന്ത്യൻ ഓപ്പണർമാർ ഓസ്ട്രേലിയക്കെതിരെ പതിവ് തിരുത്തി. പതിവിന് വിപരീതമായി സാവധാനം തുടങ്ങിയ സ്മൃതി മന്ദന എട്ടാം ഓവർ മുതലാണ് ഗിയർ മാറ്റിയത്. ഇതോടെ പ്രതിക റാവലും ബൗണ്ടറികൾ കണ്ടെത്തി. രണ്ട് പേരും ആക്രമിച്ചുകളിക്കാൻ തുടങ്ങിയതോടെ ഇന്ത്യൻ സ്കോർ കുതിച്ചുയർന്നു. കേവലം 44 പന്തുകളിൽ സ്മൃതി ഫിഫ്റ്റിയിലെത്തി. 69 പന്തുകളിലാണ് പ്രതിക റാവൽ ഫിഫ്റ്റി തികച്ചത്.
ഫിഫ്റ്റിയ്ക്ക് പിന്നാലെ ആക്രമണം ശക്തമാക്കിയ സ്മൃതി അനായാസം ബൗണ്ടറികൾ കണ്ടെത്തി. ഇതിനിടെ വനിതാ ഏകദിനത്തിൽ ഏറ്റവും വേഗം 5000 റൺസിലെത്തുന്ന താരമായും മന്ദന മാറി. ഏറ്റവും പ്രായം കുറഞ്ഞ താരവും മന്ദന തന്നെ. അതിവേഗം സെഞ്ചുറിയിലേക്ക് കുതിച്ച സ്മൃതിയെ ഒടുവിൽ സോഫി മോളിന്യു ആണ് വീഴ്ത്തിയത്. കേവലം 66 പന്തുകളിൽ നിന്ന് 80 റൺസ് നേടിയ താരം പുറത്താവുമ്പോൾ പ്രതികയുമൊത്ത് ആദ്യ വിക്കറ്റിൽ 155 റൺസിൻ്റെ കൂട്ടുകെട്ടും പടുത്തുയർത്തിയിരുന്നു. ഇത് ലോകകപ്പിൽ ഇന്ത്യയുടെ റെക്കോർഡാണ്. ഓസ്ട്രേലിയക്കെതിരെ ഏതൊരു ടീമിൻ്റെയും ഉയർന്ന ലോകകപ്പ് കൂട്ടുകെട്ടും ഇത് തന്നെ.
മൂന്നാം നമ്പറിലെത്തിയ ഹർലീൻ ഡിയോളും ആക്രമിച്ചുകളിച്ചു. എന്നാൽ, ഏറെ വൈകാതെ പ്രതിക റാവൽ (75) മടങ്ങി. താരത്തെ അന്നബെൽ സതർലൻഡ് ആണ് പുറത്താക്കിയത്. പിന്നാലെ ആക്രമിച്ചുകളിച്ച ഹർമൻപ്രീത് കൗർ (22) മേഗൻ ഷൂട്ടിനും ഹർലീൻ ഡിയോൾ (38) സോഫി മോളിന്യുവിനും ഇരയായി മടങ്ങി.
അഞ്ചാം വിക്കറ്റിൽ റിച്ച ഘോഷും ജമീമ റോഡ്രിഗസും ചേർന്നതോടെ വീണ്ടും സ്കോർബോർഡിലേക്ക് റണ്ണൊഴുകി. ആദ്യ പന്ത് മുതൽ ആക്രമിച്ചുകളിച്ച ഇരുവരും ചേർന്ന് ഇന്ത്യയെ 300 കടത്തി. റിച്ച(32), ജെമി (33) എന്നിവർ ചേർന്ന് 54 റൺസാണ് കൂട്ടിച്ചേർത്തത്. ഇരുവരെയും സതർലൻഡ് പുറത്താക്കുകയായിരുന്നു. ദീപ്തി ശർമ്മ (1) വേഗം പുറത്തായി. സോഫി മോളിന്യുവിനായിരുന്നു വിക്കറ്റ്. അമൻജോത് കൗർ (16) ആഷ്ലി ഗാർഡ്നറിൻ്റെ ആദ്യ വിക്കറ്റായി. ക്രാന്തി ഗൗഡ്(1), ശ്രീ ചരണി എന്നിവരെ 49ആം ഓവറിൽ പുറത്താക്കിയ അന്നബെൽ സതർലൻഡ് അഞ്ച് വിക്കറ്റ് പൂർത്തിയാക്കി ഇന്ത്യയെ ഓൾഔട്ടാക്കി.