Womens ODI World Cup: ‘എന്തൊരു മോശം പ്രകടനം, ഹർമൻപ്രീതിനെ പുറത്താക്കൂ’; ഇന്ത്യൻ ക്യാപ്റ്റനെതിരെ രൂക്ഷവിമർശനം
Social Media Against Harmanpreet Kaur: ഇന്ത്യൻ വനിതാ ടീം ക്യാപ്റ്റൻ ഹർമൻപ്രീത് കൗറിനെതിരെ സോഷ്യൽ മീഡിയ. ഹർമനെ ക്യാപ്റ്റൻ സ്ഥാനത്തുനിന്ന് പുറത്താക്കണമെന്നാണ് സോഷ്യൽ മീഡിയയുടെ ആവശ്യം.

ഹർമൻപ്രീത് കൗർ
ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ ഹർമൻപ്രീത് കൗറിനെതിരെ രൂക്ഷവിമർശനവുമായി സോഷ്യൽ മീഡിയ. മോശം പ്രകടനമാണ് ഹർമൻ നടത്തുന്നതെന്നും ക്യാപ്റ്റൻസിയിൽ നിന്ന് പുറത്താക്കണമെന്നുമാണ് സമൂഹമാധ്യമങ്ങളിൽ ഉയരുന്ന വിമർശനം. ഓസ്ട്രേലിയക്കെതിരായ പരാജയത്തോടെ താരത്തിൻ്റെ ക്യാപ്റ്റൻസി ഭീഷണിയിലാണ്.
വനിതാ ലോകകപ്പിൽ തുടർച്ചയായ രണ്ട് പരാജയങ്ങളുമായി പതറുകയാണ് ഇന്ത്യ. ദക്ഷിണാഫ്രിക്കക്കെതിരെയും ഓസ്ട്രേലിയക്കെതിരെയും പരാജയപ്പെട്ട ഇന്ത്യക്ക് സെമിഫൈനലിലെത്താൻ ഇനി രണ്ട് മത്സരങ്ങളെങ്കിലും ജയിക്കേണ്ടതുണ്ട്. ശ്രീലങ്കയ്ക്കും പാകിസ്താനുമെതിരായ ആദ്യ മത്സരങ്ങളിലാണ് ഇന്ത്യ വിജയിച്ചത്. ഈ മത്സരങ്ങളിലൊന്നും തിളങ്ങാൻ ഹർമന് സാധിച്ചില്ല. ഓസ്ട്രേലിയക്കെതിരായ കഴിഞ്ഞ മത്സരത്തിലെ 22 റൺസ് ആണ് ഈ ലോകകപ്പിൽ താരത്തിൻ്റെ ടോപ്പ് സ്കോർ.
ആദ്യ മത്സരങ്ങളിൽ ടോപ്പ് ഓർഡർമാർക്ക് കാര്യമായ സംഭാവന നൽകാൻ സാധിച്ചിരുന്നില്ല. ഇതോടെ ദക്ഷിണാഫ്രിക്കക്കെതിരായ മത്സരത്തിലെ പരാജയത്തിന് ശേഷം ഹർമ്മൻ ടോപ്പ് ഓർഡറിനെതിരെ വിമർശനമുയർത്തി. എന്നാൽ, സ്വന്തം ഫോമാണ് ഹർമ്മൻ ആദ്യം പരിഗണിക്കേണ്ടതെന്ന് സോഷ്യൽ മീഡിയ പറയുന്നു.
സഹ ആതിഥേയരായ ശ്രീലങ്കക്കെതിരെയാണ് ഇന്ത്യ ലോകകപ്പ് ക്യാമ്പയിൻ ആരംഭിച്ചത്. മത്സരത്തിൽ 59 റൺസിന് ഇന്ത്യ വിജയിച്ചു. പാകിസ്താനെതിരെയായിരുന്നു അടുത്ത മത്സരം. ഈ കളി 88 റൺസിനായിരുന്നു വിജയം. ജയിച്ചെങ്കിലും ഇന്ത്യൻ ടീമിൻ്റെ പ്രകടനത്തിൽ നിരവധി ആശങ്കകളുണ്ടായിരുന്നു. ഇത് പിന്നീടുള്ള മത്സരങ്ങളിൽ കണ്ടു. ദക്ഷിണാഫ്രിക്കക്കെതിരെയും ഓസ്ട്രേലിയക്കെതിരെയും മൂന്ന് വിക്കറ്റിന് ഇന്ത്യ പരാജയപ്പെടുകയായിരുന്നു.
എന്നാൽ, ഓസ്ട്രേലിയക്കെതിരെ ഇന്ത്യ നടത്തിയത് നല്ല പ്രകടനമായിരുന്നു എന്ന് പരിശീലകൻ അമോൽ മസുംദാർ പറഞ്ഞിരുന്നു. കഴിഞ്ഞ ഒന്നര വർഷമായി ഇന്ത്യ കളിക്കുന്നത് അഗ്രസീവ് ക്രിക്കറ്റാണ്. ഇന്ന് നടത്തിയതും നല്ല പ്രകടനമാണ്. പാകിസ്താനെതിരായ മത്സരത്തിന് ശേഷം ഡോട്ട് ബോളുകൾ എങ്ങനെ കുറയ്ക്കാമെന്നതിനെപ്പറ്റി സംസാരിച്ചിരുന്നു. അത് നടപ്പിലാക്കാനായെന്നും മസുംദാർ പറഞ്ഞു.