Womens ODI World Cup 2026: ടാറ്റ സിയേറയുടെ ആദ്യ അവകാശികൾ ലോകകപ്പ് നേടിയ ഇന്ത്യൻ ടീം; ഉടൻ സമ്മാനിക്കുമെന്ന് കമ്പനി
Tata Sierra SUV For Indian Womens Team: ലോകകപ്പ് നേടിയ ഇന്ത്യൻ വനിതാ ടീമിന് സമ്മാനവുമായി ടാറ്റ മോട്ടേഴ്സ്. ടാറ്റയുടെ ഏറ്റവും പുതിയ ടാറ്റ സിയേറ എസ്‌യുവിയാണ് സമ്മാനമായി നൽകുക.
ടാറ്റ ഏറ്റവും പുതുതായി പുറത്തിറക്കുന്ന സിയേറ എസ്‌യുവിയുടെ ആദ്യ അവകാശികൾ വനിതാ ലോകകപ്പ് നേടിയ ഇന്ത്യൻ ടീം. വാഹനം ഉടൻ തന്നെ ടീം അംഗങ്ങൾക്ക് സമ്മാനിക്കുമെന്ന് ടാറ്റ മോട്ടേഴ്സ് പാസഞ്ചർ വെഹിക്കിൾസ് ലിമിറ്റഡ് സിഇഒ ശൈലേഷ് ചന്ദ്ര അറിയിച്ചു. സിയേറയുടെ എക്സ്ക്ലൂസിവ് ബാച്ചാണ് വനിതാ ടീം അംഗങ്ങൾക്ക് സമ്മാനിക്കുക.
“തകർപ്പൻ പ്രകടനങ്ങളും ഗംഭീര വിജയവും കൊണ്ട് വനിതാ ക്രിക്കറ്റ് ടീം രാജ്യത്തിനാകെ അഭിമാനമായിരിക്കുന്നു. ആത്മവിശ്വാസത്തിൻ്റെയും ദൃഡനിശ്ചയത്തിൻ്റെയും സാക്ഷ്യപത്രമാണ് അവരുടെ യാത്ര. ഈ ഇതിഹാസങ്ങൾക്ക് മറ്റൊരു ഇതിഹാസമായ ടാറ്റ സിയേറ സമ്മാനമായി നൽകാൻ ഞങ്ങൾക്ക് വളരെ അഭിമാനമുണ്ട്.”- അദ്ദേഹം പറഞ്ഞു.
Also Read: WPL 2026: ലോകകപ്പിലെ താരമായിട്ടും കാര്യമില്ല; ദീപ്തി ശർമ്മയെ റിലീസ് ചെയ്ത് യുപി വാരിയേഴ്സ്
ടാറ്റയുടെ ഉടൻ പുറത്തിറങ്ങാനിരിക്കുന്ന എസ്‌യുവിയാണ് ടാറ്റ സിയേര. ജനപ്രിയ വാഹനമായിരുന്ന സിയേറ പുത്തൻ ലുക്കിൽ തിരികെയെത്തുന്നു എന്നതാണ് ശ്രദ്ധേയം. 1990കളിൽ ടാറ്റയുടെ അഭിമാനവാഹനമായിരുന്നു സിയേറ. ഈ മാസം 25ന് വാഹനം നിരത്തുകളിലെത്തും. സിയേറ ഇവി പിന്നാലെ എത്തും.
ഫൈനലിൽ ദക്ഷിണാഫ്രിക്കയെ വീഴ്ത്തിയാണ് ഇന്ത്യ ചരിത്രത്തിൽ ആദ്യമായി വനിതാ ലോകകപ്പ് ജേതാക്കളായത്. 52 റൺസിനായിരുന്നു ഇന്ത്യയുടെ ജയം. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 299 റൺസ് വിജയലക്ഷ്യം മുന്നോട്ടുവെച്ചപ്പോൾ 246 റൺസിന് ദക്ഷിണാഫ്രിക്ക ഓൾ ഔട്ടായി. 78 പന്തുകളിൽ 87 റൺസ് നേടുകയും രണ്ട് വിക്കറ്റ് വീഴ്ത്തുകയും ചെയ്ത ഷഫാലി വർമ്മയാണ് കളിയിലെ താരമായത്. ദീപ്തി ശർമ്മ (58 റൺസും അഞ്ച് വിക്കറ്റും), സ്മൃതി മന്ദന (45), റിച്ച ഘോഷ് (24 പന്തിൽ 34) എന്നിവരും ഇന്ത്യക്കായി തിളങ്ങി. ദക്ഷിണാഫ്രിക്കായി ക്യാപ്റ്റൻ ലോറ വോൾഫാർട്ട് (101) സെഞ്ചുറി നേടി.