WPL 2026: വനിതാ പ്രീമിയർ ലീഗിലെ ആദ്യ മത്സരം ബെംഗളൂരുവും മുംബൈയും തമ്മിൽ; ടൂർണമെൻ്റ് ജനുവരി 9ന് ആരംഭിക്കും
WPL 2026 Schedule MI vs RCB: വനിതാ പ്രീമിയർ ലീഗിലെ ഉദ്ഘാടന മത്സരം മുംബൈ ഇന്ത്യൻസും റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവും തമ്മിൽ. ജനുവരി 9നാണ് ടൂർണമെൻ്റ് ആരംഭിക്കുക.

വനിതാ പ്രീമിയർ ലീഗ്
2026 വനിതാ പ്രീമിയർ ലീഗ് ജനുവരി 9ന് ആരംഭിക്കും. നവി മുംബൈയിലെ ഡിവൈ പാട്ടിൽ സ്റ്റേഡിയത്തിലാണ് ഉദ്ഘാടന മത്സരം. നിലവിലെ ജേതാക്കളായ മുംബൈ ഇന്ത്യൻസും കഴിഞ്ഞ സീസൺ ചാമ്പ്യന്മാരായ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവും തമ്മിലാണ് മത്സരം. ഫെബ്രുവരി അഞ്ചിനാണ് ഫൈനൽ മത്സരം നടക്കുക.
വനിതാ പ്രീമിയർ ലീഗ് ചെയർമാൻ ജയേഷ് ജോർജാണ് മത്സരക്രമം പുറത്തുവിട്ടത്. ജനുവരി 9 മുതൽ 17 വരെ ആദ്യ പാദ മത്സരങ്ങളും ജനുവരി 19 മുതൽ ഫെബ്രുവരി അഞ്ച് വരെ രണ്ടാം പാദ മത്സരങ്ങളും നടക്കും. ആദ്യ പാദ മത്സരങ്ങൾ നവി മുംബൈയിലും രണ്ടാം പാദ മത്സരങ്ങൾ ബറോഡയിലുമാണ് നടക്കുക. എലിമിനേറ്റർ, ഫൈനൽ മത്സങ്ങൾക്കും ബറോഡ തന്നെ വേദിയാവും. ലീഗ് ഘട്ടത്തിൽ 19 മത്സരങ്ങളാണ് ഉള്ളത്.
Also Read: WPL Auction: ലേലത്തിൽ സ്കോർ ചെയ്ത് യുപിയും ആർസിബിയും; നൊസ്റ്റാൾജിയ പിടിച്ച് മുംബൈ
ആകെ അഞ്ച് ടീമുകളാണ് വനിതാ പ്രീമിയർ ലീഗിൽ പങ്കെടുക്കുക. മുംബൈ ഇന്ത്യൻസ്, റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു എന്നീ ടീമുകൾക്കൊപ്പം ഡൽഹി ക്യാപിറ്റൽസ്, ഗുജറാത്ത് ജയൻ്റ്സ്, യുപി വാരിയേഴ്സ് എന്നീ ടീമുകളാണ് പ്രീമിയർ ലീഗിലുള്ളത്. കഴിഞ്ഞ മൂന്ന് സീസണിലും ഡൽഹി ക്യാപിറ്റൽസ് റണ്ണർ അപ്പായിരുന്നു.
കഴിഞ്ഞ ദിവസമാണ് വരുന്ന സീസണിലേക്കുള്ള മെഗാ ലേലം നടന്നത്. ന്യൂഡൽഹിയിൽ നടന്ന ലേലത്തിൽ 67 താരങ്ങൾ വിവിധ ടീമുകളിലെത്തി. ഇതിൽ 23 പേർ വിദേശതാരങ്ങളാണ്. ആകെ 277 പേരാണ് ലേലത്തിൽ രജിസ്റ്റർ ചെയ്തിരുന്നത്. ആകെ 40.8 കോടി രൂപ ഫ്രാഞ്ചൈസികൾ ചിലവഴിച്ചു. മൂന്ന് മലയാളി താരങ്ങൾ വിവിധ ടീമുകളിലെത്തി. മിന്നു മണി (40 ലക്ഷം രൂപ), സജന സജീവൻ (75 ലക്ഷം രൂപ) എന്നിവരെ പഴയ ഫ്രാഞ്ചൈസികളായ ഡൽഹി ക്യാപിറ്റൽസും മുംബൈ ഇന്ത്യൻസും യഥാക്രമം സ്വന്തമാക്കിയപ്പോൾ ആശ ശോഭനയെ 1.10 കോടി രൂപയ്ക്ക് യുപി വാരിയേഴ്സ് ടീമിലെത്തിച്ചു.