Sanju Samson: രാജസ്ഥാന്‍ റോയല്‍സ് വില്‍പനയ്ക്ക് വച്ചതിന് പിന്നില്‍ സഞ്ജു സാംസണ്‍ ഇഫക്ട്? ആരാധകരുടെ സംശയം
Rajasthan Royals Sale: രാജസ്ഥാന്‍ റോയല്‍സും വില്‍പനയ്ക്ക് വച്ചതായി റിപ്പോര്‍ട്ട്. റോയല്‍സ് ഓണര്‍ഷിപ്പ് വില്‍ക്കുന്നതിന്റെ കാരണങ്ങള്‍ വ്യക്തമല്ല. ഫ്രാഞ്ചെസി ഇതുസംബന്ധിച്ച് പ്രതികരിച്ചിട്ടില്ല
റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന് പിന്നാലെ മറ്റൊരു ഐപിഎല്‍ ടീമായ രാജസ്ഥാന്‍ റോയല്‍സും വില്‍പനയ്ക്ക് വച്ചതായി റിപ്പോര്‍ട്ട്. റോയല്‍സ് ഉടമകള്‍ ഓണര്‍ഷിപ്പ് വില്‍ക്കുന്നതിന്റെ കാരണങ്ങള്‍ വ്യക്തമല്ല. നിലവില്‍ ഫ്രാഞ്ചെസി ഇതുസംബന്ധിച്ച് പ്രതികരിച്ചിട്ടില്ല. റോയൽസ് സ്പോർട്സ് ഗ്രൂപ്പാണ് (എമർജിംഗ് മീഡിയ സ്പോർട്ടിംഗ് ഹോൾഡിംഗ്സ് ലിമിറ്റഡ്) റോയല്‍സിന്റെ ഏകദേശം 65 ശതമാനം ഓഹരികളും നിയന്ത്രിക്കുന്നത്. ലാച്ലാൻ മർഡോക്ക് 13 ശതമാനം ഓഹരികളും, റെഡ്ബേർഡ് ക്യാപിറ്റൽ 15 ശതമാനം ഓഹരികളും കൈകാര്യം ചെയ്യുന്നു.
ബോളിവുഡ് നടി ശിൽപ ഷെട്ടിയും രാജ് കുന്ദ്രയും ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് ടീമിന്റെ 12 ശതമാനം ഓഹരികള്‍ കൈവശം വച്ചിരുന്നു. എന്നാല്‍ 2013ലെ വാതുവെപ്പ് വിവാദത്തെ തുടര്‍ന്ന് ഫ്രാഞ്ചെസി സസ്‌പെന്‍ഷനിലാവുകയും, പിന്നീട് ഇവരുടെ ഓഹരികള്‍ വില്‍ക്കുകയും ചെയ്തു.
ലഖ്‌നൗ സൂപ്പർ ജയന്റ്‌സ് (എൽഎസ്ജി) ഉടമ സഞ്ജീവ് ഗോയങ്കയുടെ സഹോദരൻ ഹർഷ് ഗോയങ്കയാണ് റോയല്‍സ് വില്‍പനയ്ക്ക് വച്ചതായി വെളിപ്പെടുത്തിയത്. ഒന്നല്ല, രണ്ട് ഐപിഎൽ ടീമുകൾ ഇപ്പോൾ വിൽപ്പനയ്ക്ക് വച്ചിട്ടുണ്ടെന്ന് താന്‍ കേട്ടതായി ഹർഷ് ഗോയങ്ക വെളിപ്പെടുത്തി. ആര്‍സിബിയും, ആര്‍ആറുമാണതെന്നും ഇദ്ദേഹം പറഞ്ഞു.
I hear, not one, but two IPL teams are now up for sale- RCB and RR. It seems clear that people want to cash in the rich valuations today. So two teams for sale and 4/5 possible buyers! Who will be the successful buyers- will it be from Pune, Ahmedabad, Mumbai, Bengaluru or USA?
— Harsh Goenka (@hvgoenka) November 27, 2025
ആരായിരിക്കും ഓഹരികള്‍ സ്വന്തമാക്കുന്നതെന്നും, പൂനെ, അഹമ്മദാബാദ്, മുംബൈ, ബെംഗളൂരു അല്ലെങ്കിൽ യുഎസ്എ എന്നിവിടങ്ങളിൽ നിന്നായിരിക്കുമോയെന്നും എക്‌സില്‍ പങ്കുവച്ച പോസ്റ്റിലൂടെ ഹർഷ് ഗോയങ്ക ചോദിച്ചു.
സഞ്ജു സാംസണ്‍ ഇഫക്ട്
അതേസമയം, വലിയ മാറ്റങ്ങളാണ് രാജസ്ഥാന്‍ റോയല്‍സില്‍ നടക്കുന്നത്. കഴിഞ്ഞ സീസണുകളില്‍ ടീമിനെ നയിച്ചിരുന്ന സഞ്ജു സാംസണ്‍ ഇത്തവണ ചെന്നൈ സൂപ്പര്‍ കിങ്‌സിലെത്തി. പുതിയ സീസണില്‍ രാജസ്ഥാന് പുതിയ ക്യാപ്റ്റനെ കണ്ടെത്തേണ്ടി വരും. ചെന്നൈ സൂപ്പര്‍ കിങ്‌സില്‍ നിന്ന് എത്തിയ രവീന്ദ്ര ജഡേജ അടക്കമുള്ളവരാണ് പരിഗണനയില്‍.
സഞ്ജു ടീം വിട്ടതോടെ റോയല്‍സിന്റെ മൂല്യം കുറഞ്ഞെന്നും, ഇതുമൂലമാണ് ടീം വില്‍ക്കുന്നതെന്നുമാണ് ചില ആരാധകര്‍ സോഷ്യല്‍ മീഡിയയിലൂടെ അഭിപ്രായപ്പെട്ടത്. എന്നാല്‍ അത്തരം വാദങ്ങള്‍ക്ക് കഴമ്പില്ല. റോയല്‍സിന്റെ ഹോം ഗ്രൗണ്ട് ജയ്പൂരില്‍ നിന്നു മാറ്റിയേക്കുമെന്നും അഭ്യൂഹമുണ്ട്.