Yash Dayal: ലൈംഗികാതിക്രമ കേസ്; യഷ് ദയാലിനെതിരായ അറസ്റ്റ് തടഞ്ഞ് കോടതി
Court Stays Arrest Of Yash Dayal: യഷ് ദയാലിനെതിരായ അറസ്റ്റ് തടഞ്ഞ് കോടതി. ലൈംഗികാതിക്രമ കേസിൽ അലഹബാദ് ഹൈക്കോടതിയാണ് താരത്തിൻ്റെ അറസ്റ്റ് തടഞ്ഞത്.

യഷ് ദയാൽ
ലൈംഗികാതിക്രമ കേസിൽ യഷ് ദയാലിനെതിരായ അറസ്റ്റ് തടഞ്ഞ് കോടതി. അലഹബാദ് ഹൈക്കോടതിയാണ് ആർസിബി താരത്തിനെതിരായ അറസ്റ്റ് തടഞ്ഞത്. യുവതിയുടെ പരാതിയിൽ തനിക്കെതിരെ രജിസ്റ്റർ ചെയ്ത എഫ്ഐആറിനെ ചോദ്യം ചെയ്ത് താരം കോടതിയിൽ അപേക്ഷ സമർപ്പിച്ചിരുന്നു. ഇത് പരിഗണിച്ചുകൊണ്ടാണ് ജസ്റ്റിസ് സിദ്ധാർത്ഥ വർമ്മയും അനിൽ കുമാറും അടങ്ങുന്ന ബഞ്ചിൻ്റെ വിധി.
പാലിക്കാൻ യാതൊരു വിധ ഉദ്ദേശ്യവുമില്ലാതെ വിവാഹവാഗ്ദാനം നൽകുമ്പോഴാണ് എഫ്ഐആറിലെ കുറ്റം ആരോപിക്കാനാവുന്നതെന്ന് ദയാലിൻ്റെ അഭിഭാഷകൻ വാദിച്ചു. കഴിഞ്ഞ അഞ്ച് വർഷമായി ഇവർ പ്രണയത്തിലായിരുന്നു എന്നാണ് എഫ്ഐആർ പറയുന്നത്. ഏറെക്കാലം നിശബ്ദയായിരുന്ന യുവതി ഇന്ത്യൻ ടീമിൽ ദയാലിന് അവസരം ലഭിച്ചപ്പോൾ പരാതിനൽകിയതിന് പിന്നിൽ പണം തട്ടാനുള്ള ശ്രമമാണ്. പ്രണയത്തിലായിരുന്ന സമയത്ത് പരാതിക്കാരൻ യുവതിയ്ക്ക് പണം നൽകിയിരുന്നു. ഒരിക്കലും ദയാൽ യുവതിയ്ക്ക് വ്യാജ വാഗ്ദാനങ്ങൾ നൽകിയിട്ടില്ല. ഇത്തരത്തിലാണ് പരാതിക്കാരൻ യുവതിയുമായി ലൈംഗികബന്ധത്തിൽ ഏർപ്പെട്ടതെന്നും എഫ്ഐആറിൽ ഇല്ല എന്നും ദയാലിൻ്റെ അഭിഭാഷകൻ വാദിച്ചു. എന്നാൽ, വിവാഹം കഴിക്കാമെന്ന് വാഗ്ദാനം നൽകിയാണ് യുവതിയെ പരാതിക്കാരൻ തൻ്റെ കുടുംബത്തിന് പരിചയപ്പെടുത്തിയതെന്ന് എതിർ കക്ഷിയുടെ അഭിഭാഷകൻ വാദിച്ചു. ഇത് വ്യാജ വാഗ്ദാനമാണെന്നും അഭിഭാഷകൻ കോടതിയിൽ പറഞ്ഞു.
എന്നാൽ, അഞ്ച് വർഷത്തിനിടെ വിവാഹവാഗ്ദാനം നൽകിയെന്നോ അങ്ങനെയൊരു വാഗ്ദാനം ഉണ്ടായിരുന്നു എന്നോ സംശയലേശമന്യേ പറയാൻ കഴിയില്ലെന്നായിരുന്നു കോടതിയുടെ നിഗമനം. ഇതിൽ കൂടുതൽ വാദം കേൾക്കേണ്ടതുണ്ട്. കോടതി ഇനി വാദം കേൾക്കുന്നത് വരെ പരാതിക്കാരനെ അറസ്റ്റ് ചെയ്യാൻ പാടില്ലെന്നും കോടതി നിർദ്ദേശം നൽകി.
അഞ്ച് വർഷം മുൻപാണ് തങ്ങൾ പരിചയപ്പെട്ടതെന്നും അന്ന് മുതൽ തങ്ങൾ പ്രണയത്തിലായിരുന്നു എന്നുമാണ് യുവതിയുടെ പരാതിയിൽ ഉണ്ടായിരുന്നത്. വിവാഹക്കാര്യം പറയുമ്പോഴൊക്കെ ദയാൽ അത് മാറ്റിവെക്കുകയായിരുന്നു എന്നും പിന്നീട് മറ്റ് യുവതികളുമായും ദയാലിന് ബന്ധമുള്ളതായി താൻ അറിഞ്ഞു എന്നും യുവതി തൻ്റെ പരാതിയിൽ പറഞ്ഞിരുന്നു.