Yash Dayal: ‘ലക്ഷങ്ങൾ തട്ടിയെടുത്തു, ഐഫോണും ലാപ്ടോപ്പും മോഷ്ടിച്ചു’; യുവതിക്കെതിരെ മറുപരാതിയുമായി യഷ് ദയാൽ
Yash Dayal Against The Woman: ലൈംഗികാതിക്രമ പരാതിനൽകിയ യുവതിക്കെതിരെ മറുപരാതി നൽകി യഷ് ദയാൽ. പണം തട്ടിയെടുത്തു എന്നും ഐഫോണും ലാപ്ടോപ്പും മോഷ്ടിച്ചു എന്നുമാണ് പരാതി.
തനിക്കെതിരെ ലൈംഗികാതിക്രമ പരാതിനൽകിയ യുവതിക്കെതിരെ മറുപരാതിയുമായി റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു താരം യഷ് ദയാൽ. തന്നിൽ നിന്ന് ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്തു എന്നും ഐഫോണും ലാപ്ടോപ്പും മോഷ്ടിച്ചു എന്നും യഷ് ദയാൽ നൽകിയ പരാതിയിൽ പറയുന്നു. പ്രയാഗ്‌രാജ് പോലീസ് സ്റ്റേഷനിലാണ് ദയാൽ പരാതിനൽകിയത്.
2021ൽ ഇൻസ്റ്റഗ്രാമിലൂടെയാണ് താൻ യുവതിയെ പരിചയപ്പെടുന്നതെന്ന് ദയാൽ നൽകിയ പരാതിയിലുണ്ടെന്ന് എൻഡിടിവി റിപ്പോർട്ട് ചെയ്തു. അതിന് ശേഷം തുടർച്ചയായി തങ്ങൾ ഇടപഴകാൻ തുടങ്ങി. യുവതിയ്ക്കും കുടുംബത്തിനുമുള്ള ചികിത്സയ്ക്കെന്ന വ്യാജേന തന്നിൽ നിന്ന് ലക്ഷങ്ങൾ തട്ടിയെടുത്തു. ഈ പണം ഇതുവരെ തിരികെ തന്നില്ല. ഷോപ്പിങിനായി തന്നിൽ നിന്ന് ഒരുപാട് പണം തട്ടി. ഈ ആരോപണങ്ങൾക്കൊക്കെ തെളിവുകളുണ്ട് തനിക്കെതിരെ യുവതി പരാതിനൽകിയെന്നറിഞ്ഞപ്പോൾ യുവതിക്കെതിരെ നടപടി സ്വീകരിക്കാൻ താൻ തീരുമാനിച്ചു എന്നും ദയാൽ പറയുന്നു.
മൂന്ന് പേജുകളുള്ള പരാതിയിൽ യുവതിക്കെതിരെയും കുടുംബത്തിലെ രണ്ട് അംഗങ്ങൾക്കെതിരെയും കേസെടുക്കണമെന്നാണ് ആവശ്യം. മറ്റ് ചിലരുടെ പേരുകളും പരാതിയിൽ പരാമർശിക്കുന്നുണ്ട്.




ഒരു എഡ്-ടെക് കമ്പനിയിലെ മുൻ ജീവനക്കാരിയായ യുവതിയാണ് ദയാലിനെതിരെ പരാതിപ്പെട്ടത്. വിവാഹവാദ്ഗാനം നൽകി തന്നെ മാനസികമായും ശാരീരികമായും ദയാൽ പീഡിപ്പിച്ചു എന്നായിരുന്നു പരാതി. തന്നെ മരുമകളെന്ന് പറഞ്ഞാണ് ദയാൽ കുടുംബത്തിന് പരിചയപ്പെടുത്തിയത്. ഇതോടെ അദ്ദേഹത്തെ വിശ്വസിച്ചു. ചതിച്ചതിനെപ്പറ്റി ചോദിച്ചപ്പോൾ തന്നെ ശാരീരികവും മാനസികവുമായി ദയാൽ പീഡിപ്പിച്ചു. താനുമായി പ്രണയത്തിലായിരുന്ന സമയത്ത് മറ്റ് സ്ത്രീകളുമായും ദയാലിന് ബന്ധമുണ്ടായിരുന്നു എന്നും യുവതി പരാതിപ്പെട്ടിരുന്നു.
കഴിഞ്ഞ ജൂൺ 14ന് വനിതകളുടെ ഹെല്പ് ലൈൻ നമ്പറായ 181ൽ വിളിച്ച് ഇക്കാര്യം അറിയിച്ചിരുന്നു. എന്നാൽ, ഈ പരാതി കൊണ്ട് ഒരു ഗുണവും ഉണ്ടായില്ല. തുടർന്ന് യുവതി മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെടുകയായിരുന്നു. തൻ്റെ ആരോപണങ്ങൾ തെളിയിക്കുന്ന ചാറ്റുകൾളും സ്ക്രീൻഷോട്ടുകളും ചിത്രങ്ങളും മറ്റും തൻ്റെ പക്കലുണ്ട് എന്നും യുവതിയുടെ പരാതിയിൽ പറയുന്നു.