AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

India vs South Africa : അങ്ങനെ കൈവിടുമോ! കന്നി സെഞ്ചുറിയുമായി ജയ്സ്വാൾ; ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഇന്ത്യക്ക് പരമ്പര

India vs South Africa Highlights : ഒന്നിനെതിരെ രണ്ട് മത്സരങ്ങൾ ജയിച്ചാണ് ഇന്ത്യ പരമ്പര സ്വന്തമാക്കിയത്. യശ്വസ്വി ജയ്സ്വാളിന് പുറമെ രോഹിത് ശർമയും വിരാട് കോലിയും അർധ സെഞ്ചുറി നേടി.

India vs South Africa : അങ്ങനെ കൈവിടുമോ! കന്നി സെഞ്ചുറിയുമായി ജയ്സ്വാൾ; ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഇന്ത്യക്ക് പരമ്പര
Yashasvi JaiswalImage Credit source: BCCI X
jenish-thomas
Jenish Thomas | Updated On: 06 Dec 2025 21:17 PM

വിശാഖപട്ടണം : ദക്ഷിണാഫ്രിക്കയ്ക്കെതിരെയുള്ള മൂന്നാം ഏകദിനത്തിൽ ഇന്ത്യക്ക് ഒമ്പത് വിക്കറ്റിൻ്റെ കൂറ്റൻ ജയം. ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക ഉയർത്തിയ 271 റൺസ് വിജയലക്ഷ്യം ഏകദേശം പത്ത് ഓവർ ബാക്കി നിർത്തിയാണ് ഇന്ത്യ മറികടന്നത്. ജയത്തോടെ ഇന്ത്യ 2-1ന് മൂന്ന് മത്സരങ്ങളുടെ പരമ്പര സ്വന്തമാക്കി. ഇന്ത്യക്കായി യശ്വസ്വി ജയ്സ്വാൾ സെഞ്ചുറി നേടി. യുവതാരത്തിൻ്റെ ആദ്യ രാജ്യാന്തര ഏകദിന സെഞ്ചുറി നേട്ടമാണിത്. ജയ്സ്വാളിന് പുറമെ വെറ്ററൻ താരങ്ങളായ രോഹിത് ശർമയും വിരാട് കോലിയും അർധ സെഞ്ചുറി നേടി. പ്രോട്ടീസിനായി ക്വിൻ്റൺ ഡികോക്കും സെഞ്ചുറി നേടിയിരുന്നു.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക 270 റൺസിന് പുറത്താകുകയായിരുന്നു. ഓപ്പണർ ക്വിൻ്റൺ ഡിക്കോക്കിൻ്റെ സെഞ്ചുറിയുടെ പിൻബലത്തിലാണ് സന്ദർശകർക്ക് 270 റൺസെടുക്കാൻ സാധിച്ചത്. എന്നാൽ പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളിലെ പോലെ ദക്ഷിണാഫ്രിക്കയുടെ വാലറ്റത്തിന് കാര്യമായ സംഭാവന സ്കോർ ബോർഡിലേക്ക് നൽകാനായില്ല. ഇന്ത്യൻ പേസിൻ്റെയും സ്പിന്നിൻ്റെയും മുന്നിൽ പ്രോട്ടീസ് മധ്യനിര തകർന്നടിയുകയായിരിന്നു. ഇന്ത്യക്കായി പ്രസിദ്ധ് കൃഷ്ണയും കുൽദീപ് യാദവും നാല് വീതം വിക്കറ്റുകൾ സ്വന്തമാക്കി. അർഷ്ദീപ് സിങ്ങും രവീന്ദ്ര ജഡേജയുമാണ് മറ്റ് രണ്ട് വിക്കറ്റുകൾ നേടിയത്.

മറുപടി ബാറ്റിങ്ങിനറങ്ങിയ ഇന്ത്യ കരുതലോടെയാണ് ബാറ്റ് വീശിയത്. അനയാസം മറികടക്കാൻ സാധിക്കുന്ന ലക്ഷ്യമാണെങ്കിലും കൈവിട്ട് കളയാതെയാണ് ഓപ്പണർമാരായ ജയ്സ്വാളും രോഹിത് ശർമയും തുടക്കമിട്ടത്. ഇരുവരും ചേർന്ന് 150 റൺസിൻ്റെ കൂട്ടുകെട്ടാണ് ഒരുക്കിയത്. 75 റൺസെടുത്ത് രോഹിത് ശർമ തൻ്റെ ഫോം നഷ്ടമായിട്ടില്ലയെന്നും വ്യക്തമാക്കി. ആദ്യ വിക്കറ്റിന് ശേഷമെത്തിയ വിരാട് കോലി ഇന്ത്യയുടെ സ്കോറിങ് ഒന്നും കൂടി വേഗത്തിലാക്കി. ദക്ഷിണാഫ്രിക്കയ്ക്കായി ഏക വിക്കറ്റ് നേടിയത് കേശവ് മഹാരാജാണ്.

ജയത്തോടെ 2-1ന് ഇന്ത്യ പരമ്പര സ്വന്തമാക്കി. ഇതോടെ ടെസ്റ്റ് പരമ്പരയിലേറ്റ കനത്ത തോൽവിക്ക് മറുപടി നൽകാൻ ഇന്ത്യക്ക് സാധിച്ചു. ഇനി ദക്ഷിണാഫ്രിക്കയ്ക്കെതിരെ ടി20 പരമ്പരയാണ് ഇന്ത്യക്കുള്ളത്. അഞ്ച് മത്സരങ്ങളുടെ പരമ്പര ഡിസംബർ ഒമ്പതിന് ആരംഭിക്കും. ഡിസംബർ ഒമ്പതിന് കട്ടക്കിലാണ് പരമ്പരയിലെ ആദ്യ മത്സരം. പരമ്പരയ്ക്കുള്ള ഇന്ത്യൻ സ്ക്വാഡിൽ മലയാളി താരം സഞ്ജു സാംസൺ ഇടം നേടി.