Diogo Jota: ഡിയോഗോ ജോട്ടയ്ക്ക് അമരത്വം നൽകി ലിവർപൂൾ; 20ആം നമ്പർ ജഴ്സി ഇനിയാരും അണിയില്ലെന്ന് സൂചന
Diogo Jota Jersey Will Be Immortalised: കാറപകടത്തിൽ കൊല്ലപ്പെട്ട ഡിയോഗോ ജോട്ടയുടെ 20ആം നമ്പർ ജഴ്സി അനശ്വരമാക്കുകയാണെന്ന് ലിവർപൂൾ. വാർത്താകുറിപ്പിലൂടെയാണ് താരത്തിൻ്റെ വെളിപ്പെടുത്തൽ.
കാറപകടത്തിൽ കൊല്ലപ്പെട്ട പോർച്ചുഗീസ് താരം ഡിയോഗോ ജോട്ടയുടെ ജഴ്സി നമ്പറിന് അമരത്വം നൽകി താരത്തിൻ്റെ ക്ലബ് ലിവർപൂൾ. ജോട്ട അണിഞ്ഞിരുന്ന 20ആം നമ്പർ ജഴ്സിയെ അനശ്വരമാക്കുകയാണെന്ന് വാർത്താ കുറിപ്പിലൂടെ ലിവർപൂൾ തന്നെ അറിയിച്ചു. ഈ മാസം മൂന്നാം തീയതിയാണ് ജോട്ട കാറപകടത്തിൽ കൊല്ലപ്പെട്ടത്. സഹോദരനും ഫുട്ബോൾ താരവുമായ ആന്ദ്രേ സിൽവയ്ക്കൊപ്പം കാറിൽ സഞ്ചരിക്കുമ്പോഴാണ് അപകടമുണ്ടായത്.
‘ലിവർപൂളിൻ്റെ 2024-2025 സീസൺ കിരീടധാരണത്തിൽ വഹിച്ച പങ്ക് കണക്കിലെടുത്ത് 20ആം നമ്പർ ജഴ്സി അനശ്വരമാക്കാൻ ക്ലബ് തീരുമാനിച്ചിരിക്കുന്നു. ക്ലബിൻ്റെ 20ആം പ്രീമിയർ ലീഗ് കിരീടമായിരുന്നു അത്. തൻ്റെ ജീവിതത്തിലെ അവസാന ഗോളിലൂടെ ക്ലബിന് കിരീടം നേടിക്കൊടുക്കാൻ അദ്ദേഹത്തിന് സാധിച്ചു.’- ലിവർപൂൾ വിശദീകരിച്ചു. വിശദമായ ഒരു കുറിപ്പിലൂടെയാണ് ലിവർപൂളിൻ്റെ പ്രഖ്യാപനം.
View this post on Instagram
ജഴ്സി അനശ്വരമാക്കുന്നു എന്നാണ് ക്ലബ് അറിയിച്ചത്. ഇതുകൊണ്ട് എന്താണ് ഉദ്ദേശിക്കുന്നതെന്ന് വ്യക്തമല്ല. എങ്കിലും ജോട്ട അണിഞ്ഞിരുന്ന 20ആം നമ്പർ ജഴ്സി ഇനി ക്ലബിൽ ആരും അണിയില്ലെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇക്കാര്യത്തിൽ വ്യക്തതയില്ല.
സഞ്ചരിച്ചുകൊണ്ടിരുന്ന കാർ തെന്നിമാറി തീപിടിച്ചാണ് ഡിയോഗോ ജോട്ടയും സഹോദരൻ ആന്ദ്രേ സിൽവയും കൊല്ലപ്പെട്ടത്. 2020ൽ വോൾവർഹാംപ്ടൺ വാണ്ടറേഴ്‌സിൽ നിന്ന് ലിവർപൂളിലെത്തിയ താരത്തിൻ്റെ കരാർ അഞ്ച് വർഷത്തേക്കായിരുന്നു. ഈ വർഷമാണ് താരത്തിൻ്റെ കരാർ പുതുക്കേണ്ടിയിരുന്നത്. ലിവര്‍പൂളിനായി 123 മത്സരങ്ങളില്‍ നിന്നു 47 ഗോളുകള്‍ നേടിയ താരം പോർച്ചുഗൽ ദേശീയ ടീമിനായി 49 മത്സരങ്ങളില്‍ നിന്ന് 14 ഗോളുകളും നേടി. ലിവര്‍പൂളിനൊപ്പം പ്രീമിയര്‍ ലീഗ്, എഫ്എ കപ്പ്, ഇഎഫ്എല്‍ കപ്പ് എന്നിവ നേടിയിട്ടുണ്ട്.
10 ദിവസം മുൻപായിരുന്നു ജോട്ടയുടെ വിവാഹം. ദീർഘകാലമായി പ്രണയത്തിലായിരുന്ന കാമുകി റൂട്ട് കാര്‍ഡോസെയെയാണ് താരം വിവാഹം കഴിച്ചത്. ദമ്പതിമാർക്ക് മൂന്ന് മക്കളുണ്ട്.