KCL Auction 2025 Live : സഞ്ജുവിന് വേണ്ടി ലക്ഷങ്ങൾ മുടക്കാൻ ടീമുകൾ; കെസിഎൽ താരലേലം എപ്പോൾ, എവിടെ കാണാം?
KCL Auction 2025 Live Streaming Details : ജൂലൈ അഞ്ചാം തീയതി രാവിലെ പത്ത് മണി മുതലാണ് ലേല നടപടികൾ ആരംഭിക്കുക. 170 താരങ്ങളാണ് ലേല പട്ടികയിൽ ഉൾപ്പെട്ടിരിക്കുന്നത്.
തിരുവനന്തപുരം : കേരള ക്രിക്കറ്റ് ലീഗ് (കെസിഎൽ) രണ്ടാം സീസണിന് മുന്നോടിയായിട്ടുള്ള താരലേലം നാളെ ജൂലൈ അഞ്ചാം തീയതിയാണ് സംഘടിപ്പിക്കുന്നത്. നാളെ രാവിലെ പത്ത് മണി മുതലാണ് ലേല നടപടികൾക്ക് തുടക്കമാകുന്നത്. ഇന്ത്യൻ താരം സഞ്ജു സാംസൺ ഉൾപ്പെടെ കേരളത്തിൽ നിന്നും പുറത്ത് നിന്നുമുള്ള പ്രമുഖ താരങ്ങളും കെസിഎല്ലിൻ്റെ താരലേലത്തിനായി രജിസ്റ്റർ ചെയ്തിട്ടുണ്ട്. 170 താരങ്ങളുടെ പേരാണ് ലേല പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഓഗസ്റ്റ് 21നാണ് കെസിഎല്ലിൻ്റെ രണ്ടാം സീസൺ ആരംഭിക്കുന്നത്, സെപ്റ്റംബർ ആറിനാണ് ഫൈനൽ.
50 ലക്ഷം രൂപ വരെയാണ് ഒരു ടീമിന് പരമാവധി ചിലവഴിക്കാൻ സാധിക്കുക. ഒരു ടീമിന് 20 താരങ്ങളെ വരെ ടീമിലെടുക്കാം. ഏറ്റവും കുറഞ്ഞത് 16 പേരെങ്കിലും വേണം. ഗ്രൂപ്പ് എ, ബി, സി എന്നിങ്ങിനെ നാല് വിഭാഗങ്ങളിലായിട്ടാണ് ലേല പട്ടകി തരംതിരിച്ചിരിക്കുന്നത്. സഞ്ജു ഉൾപ്പെടെയുള്ള എ ഗ്രൂപ്പിലുള്ള താരങ്ങളുടെ അടിസ്ഥാന വില മൂന്ന് ലക്ഷം രൂപയാണ്. ബി ഗ്രൂപ്പിലുള്ളവരുടെ അടിസ്ഥാന വില ഒന്നര ലക്ഷം രൂപയാണ്. 75,000 രൂപയാണ് ഏറ്റവും കുറഞ്ഞ അടിസ്ഥാനതുക. എ ഗ്രൂപ്പിൽ 39 താരങ്ങളാണുള്ളത്. ബിയിൽ 42 പേരും സിയിൽ 87 പേരെയും ഉൾപ്പെടുത്തിട്ടുണ്ട്.
ALSO READ : World Club Championship 2026: ഐപിഎൽ, ബിബിഎൽ, പിഎസ്എൽ ക്ലബുകൾ നേർക്കുനേർ; പേര് മാറ്റി ചാമ്പ്യൻസ് ലീഗ് എത്തുന്നു




കേരള ക്രിക്കറ്റ് ലീഗ് താരലേലം തത്സമയ സംപ്രേഷണം എവിടെ, എപ്പോൾ കാണാം?
കെസിഎല്ലിൻ്റെ ബ്രോഡ്കാസ്റ്റിങ് അവകാശം സ്റ്റാർ നെറ്റ്വർക്കിനാണ് നൽകിയിരിക്കുന്നത്. ഓൺലൈൻ അവകാശം ഫ്രാൻകോഡ് ആപ്പിനാണുള്ളത്. നാളെ നടക്കുന്ന താരം ലേലം ടിവിയിൽ സ്റ്റാർ സ്പോർട്സ് 3യിലും ഒടിടിയിൽ ഫാൻകോഡ് ആപ്പിലും കാണാൻ സാധിക്കുന്നതാണ്. ഓഗസ്റ്റിൽ നടക്കുന്ന മത്സരം ഏഷ്യനെറ്റ് പ്ലസിലും കാണാൻ സാധിക്കുന്നതാണ്. നാളെ ജൂലൈ അഞ്ചാം തീയതി രാവിലെ പത്ത് മണി മുതലാണ് ലേല നടപടികൾ ആരംഭിക്കുന്നത്.