Vozinha: ഗോള്‍ പോസ്റ്റിന് മുന്നിലെ വന്‍മതില്‍; ഓരോ ‘പോസ്റ്റി’നും വാരുന്നത് കോടികള്‍; അര്‍ജന്റീന പേടിക്കുന്നത് ഈ 40-കാരനെ
Cape Verde Goalkeeper Vozinha’s World Cup Stardom : സര്‍വസൈന്യാധിപന്റെ കെട്ടിലും മട്ടിലും ഗോള്‍പോസ്റ്റിന് മുന്നില്‍ നില്‍ക്കുന്ന 40-കാരന്‍ വോസീന്യയാണ് കാംബോ വെര്‍ദെയുടെ തുറുപ്പുചീട്ട്. പുലര്‍ച്ചെ 3.30-നാണ് അര്‍ജന്റീന-കാംബോ വെര്‍ദെ പോരാട്ടം. വോസീന്യയുടെ പ്രകടനത്തെ ആശ്രയിച്ചാകും ഈ മത്സരത്തിന്റെ റിസള്‍ട്ട്.
അപരാജിതക്കുതിപ്പ് തുടരുന്ന നിലവിലെ ജേതാക്കളായ അര്‍ജന്റീനയ്ക്ക്, ലോകകപ്പിലെ പുതുമുഖങ്ങളായ കാംബോ വെര്‍ദെ വലിയ ഭീഷണിയല്ല, എന്നാല്‍ എഴുതിത്തള്ളാനുമാകില്ല. കുഞ്ഞന്‍ ടീമെന്ന് കരുതി നിസാരമായി കണ്ടവര്‍ക്കെല്ലാം കണക്കിന് കൊടുത്താണ് കാംബോ വെര്‍ദെ ഗ്രൂപ്പ് ഘട്ടം പിന്നിട് ‘റൗണ്ട് ഓഫ് 32’ലെത്തിയത്. സര്‍വസൈന്യാധിപന്റെ കെട്ടിലും മട്ടിലും ഗോള്‍പോസ്റ്റിന് മുന്നില്‍ നില്‍ക്കുന്ന 40-കാരന്‍ വോസീന്യയാണ് കാംബോ വെര്‍ദെയുടെ തുറുപ്പുചീട്ട്. പുലര്‍ച്ചെ 3.30-നാണ് അര്‍ജന്റീന-കാംബോ വെര്‍ദെ പോരാട്ടം. വോസീന്യയുടെ പ്രകടനത്തെ ആശ്രയിച്ചാകും മത്സരത്തിന്റെ റിസള്‍ട്ട്.
ജൂൺ 15-ന് നടന്ന ഗ്രൂപ്പ് മത്സരത്തിൽ ശക്തരായ സ്പെയിനെ കാംബോ വെര്‍ദെ സമനിലയില്‍ കുരുക്കിയത് മുതലാണ് വോസീന്യ ശ്രദ്ധാകേന്ദ്രമായത്. സ്‌പെയിനെതിരെ ഉജ്ജ്വലമായ സേവുകളാണ് താരം പുറത്തെടുത്തത്. ഗോളെന്നുറച്ച ഒട്ടേറെ മുന്നേറ്റങ്ങളെ ഒറ്റയ്ക്ക് ചെറുത്തു. വോസീന്യയുടെ കരിയറിലെ ഏറ്റവും വലിയ നേട്ടമായിരുന്നു ഇത്. സ്‌പെയിനെതിരായ മത്സരശേഷം മുതല്‍ അദ്ദേഹത്തിന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിന്റെ ജനപ്രീതി കുതിച്ചുയരുകയാണ്.
ഓരോ പോസ്റ്റിനും കോടികള്‍
ടൂർണമെന്റ് ആരംഭിച്ചതിന് ശേഷം ഈ 40 കാരന് ഇൻസ്റ്റാഗ്രാമിൽ 1.7 കോടിയിലധികം (17 മില്യൺ) പുതിയ ഫോളോവേഴ്സിനെയാണ് ലഭിച്ചത്. ഇതിന്റെ ഫലമായി സ്പോൺസേർഡ് പോസ്റ്റുകളിലൂടെയുള്ള അദ്ദേഹത്തിന്റെ ഏകദേശ വരുമാന സാധ്യത ഓരോ പോസ്റ്റിനും ഏകദേശം 1.44 കോടി രൂപയായി വര്‍ധിച്ചെന്നാണ് വിലയിരുത്തല്‍.
ലോകകപ്പ് ആരംഭിക്കുന്നതിന് മുൻപ് വോസീന്യക്ക് ഇൻസ്റ്റാഗ്രാമിൽ വെറും 31,538 ഫോളോവേഴ്സ് മാത്രമാണുണ്ടായിരുന്നത്. എന്നാൽ ഇപ്പോൾ അത് 17.6 മില്യൺ) ആയി ഉയർന്നു കഴിഞ്ഞു. ഇപ്പോഴും വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. അര്‍ജന്റീനയ്‌ക്കെതിരെ തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്താല്‍ ഫോളോവേഴ്‌സിന്റെ എണ്ണം ഇനിയും കുതിച്ചുയരുമെന്ന് തീര്‍ച്ച.
നാളെ നമ്മൾ ഒന്നാണ്
അര്‍ജന്റീനയ്‌ക്കെതിരായ മത്സരത്തിന് മുമ്പ് താരം സോഷ്യല്‍ മീഡിയയില്‍ കുറിച്ച വാക്കുകള്‍ വൈറലാവുകയാണ്. താരം ഇന്‍സ്റ്റഗ്രാമില്‍ കുറിച്ച വാക്കുകളുടെ ഏകദേശ പരിഭാഷ ചുവടെ:
“നാളെ, ഞങ്ങളുടെ രാജ്യത്തിന്റെയും കായികരംഗത്തിന്റെയും ചരിത്രത്തിലെ ഏറ്റവും മനോഹരമായ അധ്യായങ്ങളിലൊന്ന് തുടർന്നെഴുതാനുള്ള അവസരവുമായാണ് ഞങ്ങൾ കളിക്കളത്തിലേക്ക് ഇറങ്ങുന്നത്. എന്നാൽ നാളെ മൈതാനത്ത് കാൽവെക്കുന്നത് കേവലം പതിനൊന്ന് കളിക്കാർ മാത്രമല്ല, ഒരു രാജ്യം മുഴുവനാണ്. കാരണം നാളെ ദ്വീപുകൾ തമ്മിൽ വേർതിരിവുകളില്ല, ദൂരങ്ങളില്ല, അതിരുകളുമില്ല. നാളെ നമ്മൾ ഒന്നാണ്. ഒരു ജനത, ഒരു പതാക, കേപ് വെർദെയ്ക്കായി മാത്രം തുടിക്കുന്ന ഒരൊറ്റ ഹൃദയം. ആദ്യ മിനിറ്റ് മുതൽ അവസാന നിമിഷം വരെ നമ്മുടെ കരുത്തും സംസ്കാരവും ധീരതയും ലോകം തൊട്ടറിയട്ടെ. നമ്മുടെ മണ്ണ്, നമ്മുടെ ജനങ്ങൾ, നമ്മുടെ സ്വപ്നം.”
കഠിനാധ്വാനവും പ്രതിരോധക്കരുത്തുമാണ് കാബോ വെർദെയുടെ മുന്നേറ്റത്തിന് അടിത്തറയിട്ടത്. ടൂർണമെന്റിലെ നവാഗതരായ ഇവർ ഗ്രൂപ്പ് ഘട്ടത്തിൽ ഒരു മത്സരം പോലും തോറ്റില്ല. സ്പെയിനെ ഗോളടിക്കാൻ അനുവദിക്കാതെ സമനിലയിൽ തളച്ച കാബോ വെർദെ, ഉറുഗ്വേക്കെതിരെ 2-2 എന്ന ആവേശസമനിലയും, സൗദി അറേബ്യക്കെതിരെ ഗോൾരഹിത സമനിലയും വഴങ്ങി.
English Summary
Argentina will face World Cup debutants Cape Verde in the ‘Round of 32’ match. Cape Verde’s key player is their 40-year-old goalkeeper, Vozinha, who recently performed brilliantly against Spain. Following his stellar performance, Vozinha’s Instagram followers jumped from around 31,000 to over 17 million. Ahead of the match, the goalkeeper shared an emotional viral post calling for national unity and pride.