ബ്രസീൽ ജയത്തിന് ഇരട്ടി മധുരം! സ്റ്റേഡിയത്തെ കോരിത്തരിപ്പിച്ച് നെയ്മറിന്റെ എൻട്രി; ടീമിന്റെ ചങ്കായി വിനീഷ്യസ്
FIFA World Cup 2026: Neymar's entry- ഫിഫ ലോകകപ്പിൽ ഗ്രൂപ്പ് സിയിൽ സ്കോട്ട്ലൻഡിനെ നേരിട്ട ബ്രസീൽ 3-0ന് തകർപ്പൻ ജയം സ്വന്തമാക്കിയപ്പോൾ ആരാധകർക്ക് ഇരട്ടിമധുരമായി 'സുൽത്താന്റെ' തിരിച്ചുവരവ്. ആരാധകരുടെ നീണ്ട കാത്തിരിപ്പുകൾക്കും ആശങ്കകൾക്കും വിരാമമിട്ടുകൊണ്ട് 981 ദിവസങ്ങൾക്കു ശേഷമാണ് ബ്രസീൽ ജേഴ്‌സിയിൽ നെയ്മർ ജൂനിയർ കളിക്കാനിറങ്ങിയത്.
ഫിഫ ലോകകപ്പിൽ ഗ്രൂപ്പ് സിയിൽ സ്കോട്ട്ലൻഡിനെ നേരിട്ട ബ്രസീൽ 3-0ന് തകർപ്പൻ ജയം സ്വന്തമാക്കിയപ്പോൾ ആരാധകർക്ക് ഇരട്ടിമധുരമായി ‘സുൽത്താന്റെ’ തിരിച്ചുവരവ്. ആരാധകരുടെ നീണ്ട കാത്തിരിപ്പുകൾക്കും ആശങ്കകൾക്കും വിരാമമിട്ടുകൊണ്ട് 981 ദിവസങ്ങൾക്കു ശേഷമാണ് ബ്രസീൽ ജേഴ്‌സിയിൽ നെയ്മർ ജൂനിയർ കളിക്കാനിറങ്ങിയത്. 76-ാം മിനിറ്റിൽ മാത്യൂസ് കുന്യയ്ക്ക് പകരക്കാരനായി നെയ്മർ മൈതാനത്തേക്ക് ഇറങ്ങിയപ്പോൾ വൻ ആവേശമാണ് ഗാലറിയിൽ നിറഞ്ഞത്. മത്സരം തത്സമയം കണ്ടുകൊണ്ടിരുന്ന ബ്രസീൽ ആരാധകർക്കും സുൽത്താന്റെ വരവ് രോമാഞ്ചമണിയിക്കുന്നതായിരുന്നു. നെയ്മർ വാം-അപ്പ് ആരംഭിച്ചപ്പോൾ മുതൽ തന്നെ മയാമിയിലെ ഹാർഡ് റോക്ക് സ്റ്റേഡിയത്തിൽ ആവേശത്തിന്റെ തിരയിളക്കം ആരംഭിച്ചിരുന്നു. പിന്നീട് നെയ്മർ കളത്തിലിറങ്ങിയതോടെ ആയിരക്കണക്കിന് കാനറി ആരാധകർ “നെയ്മർ… നെയ്മർ…” എന്ന് ആർത്തുവിളിച്ചപ്പോൾ അത് ഈ ഈ ലോകകപ്പിലെ തന്നെ ഏറ്റവും മനോഹരമായ കാഴ്ചകളിലൊന്നായി മാറി.
ഗോൾ നേടിയില്ലെങ്കിലും ആവേശം തന്നെ
പകരക്കാരനായി കളത്തിലിറങ്ങിയ നെയ്മറിന് ഗോളടിക്കാൻ കഴിഞ്ഞില്ലങ്കിലും അത് ആരാധകരെ നിരാശരാക്കുന്നില്ല. ഏറെ നാളുകൾക്ക് ശേഷം നെയ്മറെ ടീം ജഴ്സിയിൽ, അതും ലോകകപ്പിലെ നിർണായക മത്സരത്തിൽ കാണാൻ സാധിച്ചതിന്റെ ആവേശത്തിലായിരുന്നു ബ്രസീൽ ആരാധകർ. കളിക്കളത്തിൽ ചിലവഴിച്ച ചുരുങ്ങിയ സമയംകൊണ്ടുതന്നെ തന്റെ ഡ്രിബ്ലിംഗുകൾ കൊണ്ട് ടീമിന്റെ ആക്രമണങ്ങൾക്ക് പുതിയ ഊർജ്ജം നൽകാൻ നെയ്മർക്ക് കഴിഞ്ഞു.
Also Read: റോണോയ്ക്ക് ഇനി കൊളംബിയൻ പരീക്ഷ! പാസാകാൻ പാടുപെടും
ആരാധകരുടെ ആവേശം ബ്രസീൽ ടീമിലും പ്രതിഫലിച്ചു. “അവൻ കളിക്കളത്തിലേക്ക് തിരിച്ചെത്തുന്നത് കാണുന്നത് തന്നെ ടീമിനും ആരാധകർക്കും തരുന്ന ആത്മവിശ്വാസം ചെറുതല്ല. നെയ്മറുടെ സാന്നിധ്യം ഞങ്ങളെ കൂടുതൽ ശക്തരാക്കുന്നു.” എന്നാണ് മത്സരശേഷം സഹതാരങ്ങൾ പ്രതികരിച്ചത്. ബ്രസീലിന് ‘ഹെക്സ’ (ആറാം ലോകകിരീടം) എന്ന ലക്ഷ്യത്തിലേക്ക് കുതിക്കാൻ നെയ്മറുടെ ഈ തിരിച്ചുവരവ് ടീമിന് വലിയ ഊർജമാണ് നൽകുന്നത്. അഭിമാനാർഹമായ വിജയവും നെയ്മറുടെ വരവും കൂടിയായപ്പോൾ ഇന്നത്തെക്കളിയിൽ ആരാധകരും വളരെ ഹാപ്പിയാണ്.
നെയ്മർ എന്ന കുന്തമുന
നെയ്മർ കൂടി ഫുൾ ഫോമിൽ മൈതാനത്ത് എത്തുന്നതോടെ ബ്രസീലിന്റെ ആക്രമണങ്ങൾക്ക് വീര്യം കൂടും. എതിരാളികളുടെ പ്രതിരോധ നിര വിനീഷ്യസിനെ മാത്രം മാർക്ക് ചെയ്യുന്നതിൽ നിന്നും മാറി നെയ്മറെയും പ്രതിരോധിക്കേണ്ടി വരും. ഇത് ബ്രസീലിയൻ വിങ്ങർമാർക്ക് കൂടുതൽ സ്പേസ് ലഭിക്കാൻ സഹായിക്കും. നോക്കൗട്ട് മത്സരങ്ങളുടെ കടുത്ത സമ്മർദ്ദങ്ങളെ അതിജീവിക്കാൻ നെയ്മറുടെ പരിചയസമ്പത്തും നേതൃത്വപാടവവും ടീമിനും വലിയ ആത്മവിശ്വാസം നൽകും.
ടീമിന്റെ ചങ്കായി വിനീഷ്യസ്
നെയ്മറുടെ തിരിച്ചുവരവിനോടൊപ്പം തന്നെ പ്രാധാന്യമുള്ളതാണ് ഇന്നത്തെ ബ്രസീൽ വിജയത്തിൽ വിനീഷ്യസ് ജൂനിയറിന്റെ പെർഫോമൻസ്. ഇരട്ടഗോളുകളുമായി ബ്രസീൽ ടീമിന്റെ ചങ്കും ചങ്കിടിപ്പുമായി വിനീഷ്യസ് മാറി. ആറാം ലോകകിരീടം എന്ന സ്വപ്നത്തിലേക്ക് ടീമിനെ നയിക്കാൻ ഈ ഇരുപത്തഞ്ചുകാരന്റെ കളിമിടുക്ക് ബ്രസീലിന് ഏറെ ഗുണം ചെയ്യും.
സ്കോട്ട്ലൻഡിനെതിരേ ബ്രസീൽ നേടിയ മൂന്നിൽ രണ്ട് ഗോളും വിനീഷ്യസിന്റേതായിരുന്നു. 7-ാം മിനിറ്റിലും ആദ്യ പകുതിയുടെ അധികസമയത്തുമായിരുന്നു (45+3) വിനീഷ്യസ് ഗോൾ നേടിയത്. 60-ാം മിനിറ്റിൽ മത്തേയൂസ് കുഞ്ഞയിലൂടെ ബ്രസീലിന്റെ മൂന്നാം ഗോൾ എത്തി. ഇന്നത്തെ വിജയത്തോടെ ഗ്രൂപ്പ് ചാമ്പ്യന്മാരായി ബ്രസീൽ റൗണ്ട് ഓഫ് 32-ലേക്ക് യോഗ്യത നേടിക്കഴിഞ്ഞു.
ഇരട്ട ഗോളുകൾ നേടിയ വിനീഷ്യസ് ജൂനിയർ, ബ്രസീലിനായി ലോകകപ്പിൽ ഗോൾ നേടുന്നതിൽ ഇതിഹാസ താരങ്ങളായ റൊമാരിയോ, സീക്കോ, ഗാരിഞ്ച എന്നിവർക്കൊപ്പമെത്തി (5 ഗോളുകൾ). ഈ ടൂർണമെന്റിൽ ഇതുവരെ 4 ഗോളുകൾ വിനീഷ്യസ് നേടിക്കഴിഞ്ഞു. ബ്രസീലിന്റെ മൂന്നാമത്തെ ഗോൾ നേടിയ മത്തേയൂസ് കുഞ്ഞയും മികച്ച ഫോം തുടരുകയാണ്, ഈ ടൂർണമെന്റിൽ മത്തേയൂസ് മൂന്നാമത്തെ ഗോളായിരുന്നു ഇന്ന് പിറന്നത്.
English Summary
Brazil’s 3-0 win over Scotland in Group C of the FIFA World Cup made the return of the ‘Sultan’ doubly sweet for the fans. Neymar Jr. played in a Brazil jersey after 981 days, ending the long wait and worries of the fans. When Neymar came on the field in the 76th minute as a substitute for Matheus Cunha, the gallery was filled with great excitement.