FIFA World Cup 2026: രക്ഷകനായി ഹാളണ്ട്; മെസിയുടെ റെക്കോർഡിനരികെ എംബാപ്പെ! നോർവേയും ഫ്രാൻസും പ്രീ-ക്വാർട്ടറിൽ
Norway vs Ivory Coast and France vs Sweden World Cup 2026 Round of 32 Match Results: സ്വീഡനെ ഏകപക്ഷീയമായ മൂന്ന് ഗോളുകള്‍ക്ക് തകര്‍ത്ത് ഫ്രാന്‍സും, ഐവറി കോസ്റ്റിനെ 2-1ന് തോല്‍പ്പിച്ച് നോര്‍വേയും പ്രീ-ക്വാര്‍ട്ടര്‍ റൗണ്ടിലേക്ക് യോഗ്യത നേടി.
ഫിഫ ലോകകപ്പിന്റെ ആവേശകരമായ പ്രീ-ക്വാര്‍ട്ടര്‍ പോരാട്ടങ്ങളിലേക്ക് യോഗ്യത നേടി കരുത്തരായ ഫ്രാന്‍സും, നോര്‍വേയും. മെറ്റ്‌ലൈഫ് സ്റ്റേഡിയത്തില്‍ നടന്ന റൗണ്ട് ഓഫ് 32 പോരാട്ടത്തില്‍ സ്വീഡനെ ഏകപക്ഷീയമായ മൂന്ന് ഗോളുകള്‍ക്ക് തകര്‍ത്താണ് ഫ്രാന്‍സ് ‘റൗണ്ട് ഓഫ് 16’ യോഗ്യത നേടിയത്. കിലിയന്‍ എംബാപ്പെയുടെ ഇരട്ട ഗോള്‍ പ്രകടനമായിരുന്നു ഹൈലൈറ്റ്. ഡാളസ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഐവറി കോസ്റ്റിനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് നോര്‍വേ തകര്‍ത്തു. സൂപ്പര്‍ താരം എര്‍ലിങ് ഹാളണ്ട് അവസാന നിമിഷം നേടിയ ഗോളാണ് നോര്‍വേയ്ക്ക് തുണയായത്.
ഫ്രാന്‍സ് vs സ്വീഡന്‍
മത്സരത്തിന്റെ തുടക്കം മുതല്‍ ഫ്രാന്‍സിന്റെ മേധാവിത്തമായിരുന്നു. എന്നാല്‍ സ്വീഡിഷ് ഗോള്‍കീപ്പര്‍ ജേക്കബ് വിഡെല്‍ സെറ്റർസ്ട്രോമിന്റെ മികച്ച സേവുകള്‍ പലപ്പോഴും സ്വീഡന് രക്ഷയായി. ആദ്യ പകുതിയുടെ അവസാന മിനിറ്റില്‍ (45′) മൈക്കൽ ഒലീസെയുടെ പാസിൽ നിന്ന് കിലിയൻ എംബാപ്പെ ഫ്രാൻസിനെ മുന്നിലെത്തിച്ചു.
രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ ഫ്രാന്‍സ് ലീഡുയര്‍ത്തി. 53-ാം മിനിറ്റില്‍ ബ്രാഡ്‌ലി ബാര്‍കോളയാണ് ഫ്രാന്‍സിന്റെ രണ്ടാം ഗോള്‍ നേടിയത്. 74-ാം മിനിറ്റില്‍ എംബാപ്പെ വീണ്ടും വല കുലുക്കിയതോടെ ഫ്രാന്‍സ് ആധികാരിക ജയം ഉറപ്പിച്ചു. പ്രീക്വാർട്ടറിൽ പരാഗ്വേയാണ് ഫ്രാൻസിന്റെ എതിരാളികൾ. ജേക്കബ് സെറ്റർസ്ട്രോമിന്റെ മികച്ച സേവുകളാണ് സ്വീഡന്റെ പരാജയഭാരം കുറച്ചത്.
എംബാപ്പെയ്ക്ക് റെക്കോഡ്
സ്വീഡനെതിരായ ഡബിള്‍ ഗോള്‍ പ്രകടനത്തോടെ ഗോള്‍ഡന്‍ ബൂട്ട് റേസില്‍ അര്‍ജന്റീനയുടെ ലയണല്‍ മെസിക്കൊപ്പം എംബാപ്പെ ഒന്നാമതെത്തി. ഇരുവരും ഇതുവരെ ആറു ഗോളുകളാണ് നേടിയത്. ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടിയ രണ്ടാമത്തെ താരമെന്ന നേട്ടവും സ്വന്തമാക്കി. ജര്‍മ്മനിയുടെ സൂപ്പര്‍ സ്‌ട്രൈക്കര്‍ മിറോസ്ലാവ് ക്ലോസെയുടെ റെക്കോഡാണ് മറികടന്നത്.
Also Read: കപ്പടിച്ചാൽ ഞങ്ങ പൊളിക്കും! ജർമ്മനിയെ തകർത്തതിന് ദേശീയ അവധി പ്രഖ്യാപിച്ച് പരാഗ്വേ ആഘോഷം
ഈ റെക്കോഡില്‍ ഒന്നാമതുള്ള മെസിയും (19 ഗോളുകള്‍), രണ്ടാമതുള്ള എംബാപ്പെയും (18 ഗോളുകള്‍) തമ്മില്‍ വെറും ഒരു ഗോളിന്റെ വ്യത്യാസം മാത്രമാണുള്ളത്. ലോകകപ്പ് നോക്കൗട്ട് റൗണ്ടുകളില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടുന്ന താരമെന്ന നേട്ടവും എംബാപ്പെ സ്വന്തമാക്കി. നോക്കൗട്ട് റൗണ്ടുകളില്‍ ഇതുവരെ 10 ഗോളുകളാണ് താരം അടിച്ചുകൂട്ടിയത്.
നോര്‍വേ vs ഐവറി കോസ്റ്റ്
അവസാന നിമിഷം രക്ഷകനായി അവതരിച്ച എര്‍ലിങ് ഹാലണ്ടാണ് നോര്‍വേയ്ക്ക് വിജയം സമ്മാനിച്ചത്. മത്സരത്തിന്റെ തുടക്കം മുതല്‍ ഐവറി കോസ്റ്റ് മികച്ച പ്രകടനം പുറത്തെടുത്തെങ്കിലും, കടുത്ത പരീക്ഷണത്തെ അതിജീവിച്ചാണ് നോര്‍വേ വിജയക്കൊടി പാറിച്ചത്. ഐവറി കോസ്റ്റ് പലതവണ നോര്‍വേയുടെ പ്രതിരോധത്തെ പരീക്ഷിച്ചെങ്കിലും ലക്ഷ്യം കാണാനായില്ല. എന്നാല്‍ ആദ്യം ലീഡെടുത്തത് നോര്‍വേയാണ്. 39-ാം മിനിറ്റില്‍ മാർട്ടിൻ ഒഡെഗാർഡ് നൽകിയ പാസിൽ നിന്നും ബോക്സിന് പുറത്തുനിന്ന് അന്റോണിയോ നുസ ഉതിർത്ത ഒരു ഷോട്ട് ഐവറി കോസ്റ്റ് ഗോൾകീപ്പർ യഹിയ ഫോഫാനയെ മറികടന്ന് വല കുലുക്കി.
രണ്ടാം പകുതിയിൽ പകരക്കാരനായി ഇറങ്ങിയ അമദ് ഡിയാലോ 74-ാം മിനിറ്റിൽ ഐവറി കോസ്റ്റിന് സമനില ഗോൾ സമ്മാനിച്ചു. 86-ാം മിനിറ്റിൽ പാട്രിക് ബെർഗ് ബോക്സിലേക്ക് നൽകിയ ലോ ക്രോസ് കൃത്യമായി കണക്ട് ചെയ്ത എർലിങ് ഹാലണ്ട് നോര്‍വേയ്ക്ക് ലീഡും ജയവും സമ്മാനിച്ചു. പ്രീ-ക്വാര്‍ട്ടറില്‍ ബ്രസീലാകും നോര്‍വേയുടെ എതിരാളികള്‍.
English Summary
Norway defeated Ivory Coast 2-1 to enter the Round of 16. Erling Haaland scored the crucial late winning goal for Norway. France dominated Sweden with a comfortable 3-0 victory. Kylian Mbappe scored twice.