ആഘോഷിച്ചു, മരിച്ചു! ലോകകപ്പ് മത്സരത്തിലെ വിജയാഘോഷത്തിനിടെ രണ്ട് മരണം
Two people die in Mexico City during World Cup celebrations: ഫിഫ ലോകകപ്പിലെ മത്സര വിജയം ആഘോഷിക്കുന്നതിനിടെ രണ്ട് പേർ മരിച്ചതായി റിപ്പോർട്ട്. മെക്സിക്കോ ടീം റൗണ്ട് ഓഫ് 32 കടമ്പ കടന്ന് റൗണ്ട് ഓഫ് 16-ലേക്ക് മുന്നേറിയതിന്റെ ആവേശത്തിൽ ആരാധകർ മെക്സിക്കോ സിറ്റിയിൽ നടത്തിയ വമ്പൻ ആഘോഷത്തിനിടയിലാണ് രണ്ട് ആരാധകർക്ക് ദാരുണാന്ത്യം ഉണ്ടായത്.

Fifa World Cup 2026 Mexican Team Celebrates Victory Against Ecuador
മെക്സിക്കോ സിറ്റി: ഫിഫ ലോകകപ്പിലെ മത്സര വിജയം ആഘോഷിക്കുന്നതിനിടെ രണ്ട് പേർ മരിച്ചതായി റിപ്പോർട്ട്. മെക്സിക്കോ ടീം റൗണ്ട് ഓഫ് 32 കടമ്പ കടന്ന് റൗണ്ട് ഓഫ് 16-ലേക്ക് മുന്നേറിയതിന്റെ ആവേശത്തിൽ ആരാധകർ മെക്സിക്കോ സിറ്റിയിൽ നടത്തിയ വമ്പൻ ആഘോഷത്തിനിടയിലാണ് രണ്ട് ആരാധകർക്ക് ദാരുണാന്ത്യം ഉണ്ടായത്. മൂന്നാമതൊരാൾ കൂടി മരിച്ചതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ടെങ്കിലും ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. റൗണ്ട് ഓഫ് 32-ൽ ഇക്വഡോറിനെ 2-0 ന് തകർത്ത് മെക്സിക്കോ പ്രീ ക്വാർട്ടറിലേക്ക് യോഗ്യത നേടിയിരുന്നു. ഇതിന്റെ വിജയാഘോഷമാണ് ദുരന്തത്തിൽ കലാശിച്ചത്.
19 വയസ്സുള്ള ഒരു യുവതിയും 44 വയസ്സുള്ള ഒരു യുവാവുമാണ് മരിച്ചത് എന്ന് മെക്സിക്കോ സിറ്റി ആരോഗ്യ സെക്രട്ടറി പറഞ്ഞു. അടിയന്തര സഹായം എത്തിച്ചെങ്കിലും ഇവരെ രക്ഷിക്കാൻ കഴിഞ്ഞില്ല. മെക്സിക്കോയുടെ ഗ്രൂപ്പ് ഘട്ട വിജയത്തിന് ശേഷം പതിനായിരക്കണക്കിന് ആരാധകരാണ് തലസ്ഥാന നഗരമായ മെക്സിക്കോ സിറ്റിയിലെ തെരുവുകളിൽ വിജയാഘോഷവുമായി ഒത്തുകൂടിയത്.
Also Read: എല്ലാം പറഞ്ഞ് ‘കോംപ്ലിമെന്റാക്കി ! ശ്രീശാന്തിന്റെ വിലക്ക് പിൻവലിച്ച് കെസിഎ
തിരക്കിനിടെ ശ്വാസംമുട്ടിയാണ് ഇരുവരുടെയും മരണം എന്നാണ് കരുതപ്പെടുന്നത്. നിരവധി പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുകളുണ്ട്. വിജയാഹ്ലാദ പ്രകടനങ്ങൾ പലയിടത്തും അതിരുകടക്കുകയും സുരക്ഷാ ഉദ്യോഗസ്ഥർക്ക് ഇടപെടേണ്ടി വരികയും ചെയ്തു. രണ്ട് പേർ മരിച്ചതായി സ്ഥിരീകരിക്കപ്പെട്ടതിന് പിന്നാലെ സംഭവത്തിൽ അന്വേഷണത്തിന് അധികൃതർ ഉത്തരവിട്ടിട്ടുണ്ട്. അടുത്ത ഘട്ടത്തിലേക്ക് കടന്നതിന്റെ ആഘോഷത്തിനിടെ ഉണ്ടായ ഈ ദുരന്തം കായിക പ്രേമികളുടെ സന്തോഷം ഇല്ലാതാക്കി.
ടീമിന്റെ ചങ്കായ ആരാധകർ
മെക്സിക്കോ ടീമിന്റെ ചങ്കാണ് ആരാധകർ. ലോകത്ത് എവിടെ കളി നടന്നാലും മെക്സിക്കൻ ടീമിന് പിന്തുണ നൽകാൻ ആരാധകർ അവിടെ ഉണ്ടാകും. ഗാലറികളിലെ ഈ ‘പന്ത്രണ്ടാമന്റെ’ സാന്നിധ്യം ടീമിനും വലിയ ഊർജ്ജം പകരാറുണ്ട്. എന്നാൽ ഈ ആവേശം പലപ്പോഴും അതിരുകടക്കുകയും ഇപ്പോൾ ഉണ്ടായതുപോലെയുള്ള അപകടങ്ങൾ സംഭവിക്കുകയും ചെയ്യുന്നു എന്നതാണ് അൽപ്പം നിരാശയുണ്ടാക്കുന്നത്.
ജയം ആവേശകരം
മെക്സിക്കോ ടീം ലോകകപ്പിൽ ഇക്വഡോറിനെതിരേ ആവേശ ജയമാണ് നേടിയത് എന്നത് ആരാധകരുടെ ആഹ്ലാദപ്രകടനങ്ങളുടെ ശക്തി കൂട്ടി. എതിരില്ലാത്ത 2 ഗോളിനാണ് മെക്സിക്കോ ഇക്വഡോറിനെ വീഴ്ത്തി അടുത്ത ഘട്ടത്തിലേക്ക് മുന്നേറിയത്. തുടക്കം മുതൽ കളിയിലുടനീളം ആധിപത്യം പുലർത്തിയത് മെക്സിക്കോ ആയിരുന്നു. ആദ്യപകുതിയിലായിരുന്നു രണ്ട് ഗോളുകളും പിറന്നത്. 22-ാം മിനിറ്റിൽ ഹൂലിയൻ ക്വിനോനെസും 31ാം മിനിറ്റിൽ റൗൾ ഹിമെനെസും ആണ് ഗോൾ നേടിയത്.
മെക്സിക്കോയുടെ എതിരാളി
ഇംഗ്ലണ്ടും ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയും തമ്മിലുള്ള മത്സരത്തിലെ വിജയിയെ ആണ് മെക്സിക്കോ പ്രീ ക്വാർട്ടറിൽ നേരിടുക. ജൂലൈ 5 -ന് മെക്സിക്കോ സിറ്റി സ്റ്റേഡിയത്തിൽ വെച്ചാണ് മെക്സിക്കോയുടെ പ്രീ ക്വാർട്ടർ മത്സരം ഷെഡ്യൂൾ ചെയ്തിരിക്കുന്നത്. ചരിത്രം പരിശോധിച്ചാൽ, പ്രീ ക്വാർട്ടർ ഘട്ടങ്ങളിൽ മെക്സിക്കോ പലപ്പോഴും പതറാറുണ്ട്. ഈ ‘നോക്കൗട്ട് ഭയം’ മറികടക്കുക എന്നതാണ് കോച്ചിനും ടീമിനും മുന്നിലുള്ള പ്രധാന വെല്ലുവിളിയെന്ന് പറയാം.
English Summary
Two people have reportedly died while celebrating a FIFA World Cup victory. The two fans died in Mexico City during a huge celebration after Mexico’s team advanced to the round of 16 after advancing from the round of 32. Local media reported that a third person had died, but this has not been officially confirmed.