FIFA World Cup 2026 Round of 32: പ്രീ ക്വാര്‍ട്ടറിലേക്ക് ടിക്കറ്റെടുത്ത് ബ്രസീലും, പരാഗ്വേയും; ജര്‍മ്മനിക്കും ജപ്പാനും കണ്ണീര്‍ മടക്കം
World Cup 2026 Round of 32 Analysis: ജപ്പാനെ കീഴടക്കി ബ്രസീലും, ജര്‍മ്മനിയെ അട്ടിമറിച്ച് പരാഗ്വേയും ഫിഫ ലോകകപ്പിന്റെ പ്രീ ക്വാര്‍ട്ടറിലേക്ക് യോഗ്യത നേടി. റൗണ്ട് ഓഫ് 32 പോരാട്ടത്തിലെ ആദ്യ മത്സരത്തില്‍ ദക്ഷിണാഫ്രിക്കയെ എതിരില്ലാത്ത ഒരു ഗോളിന് തോല്‍പ്പിച്ച് കാനഡയും യോഗ്യത നേടിയിരുന്നു.
ആവേശപ്പോരാട്ടത്തില്‍ ജപ്പാനെ കീഴടക്കി ബ്രസീലും, മുന്‍ ചാമ്പ്യന്‍മാരായ ജര്‍മ്മനിയെ അട്ടിമറിച്ച് പരാഗ്വേയും ഫിഫ ലോകകപ്പിന്റെ പ്രീ ക്വാര്‍ട്ടറിലേക്ക് യോഗ്യത നേടി. റൗണ്ട് ഓഫ് 32 പോരാട്ടത്തിലെ ആദ്യ മത്സരത്തില്‍ ദക്ഷിണാഫ്രിക്കയെ എതിരില്ലാത്ത ഒരു ഗോളിന് തോല്‍പ്പിച്ച് കാനഡയും റൗണ്ട് ഓഫ് 16-ലേക്ക് നേരത്തെ യോഗ്യത നേടിയിരുന്നു. ഇന്ന് രാവിലെ നടക്കുന്ന മത്സരത്തില്‍ നെതര്‍ലന്‍ഡ്‌സ് മൊറോക്കോയെ നേരിടും. രാത്രി 10.30-നാണ് ഐവറി കോസ്റ്റ്-നോര്‍വേ പോരാട്ടം.
പൊരുതിത്തോറ്റ് ജപ്പാന്‍
ജപ്പാനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് തകര്‍ത്താണ് മുന്‍ ചാമ്പ്യന്‍മാരായ ബ്രസീല്‍ പ്രീ ക്വാര്‍ട്ടറിലേക്ക് ടിക്കറ്റെടുത്തത്. ഒരു ഗോളിന് പിന്നില്‍ നിന്ന ശേഷമായിരുന്നു കാനറികളുടെ തകര്‍പ്പന്‍ തിരിച്ചുവരവ്. ഇഞ്ചുറി ടൈമിന്റെ അവസാന നിമിഷങ്ങളിൽ (90+5′ മിനിറ്റ്) ഗബ്രിയേൽ മാർട്ടിനെല്ലി നേടിയ ഗോളാണ് ലാറ്റിനമേരിക്കന്‍ കരുത്തര്‍ക്ക് വിജയമധുരം സമ്മാനിച്ചത്.
ആദ്യ പകുതിയില്‍ ജപ്പാന്റെ മേധാവിത്തമായിരുന്നു. 29-ാം മിനിറ്റിൽ ബ്രസീൽ ഡിഫൻഡർ ഡാനിലോയുടെ ഒരു പാസ്സ് പിടിച്ചെടുത്ത് കൈഷു സാനോ ജപ്പാന് ലീഡ് സമ്മാനിച്ചു. സാനോയുടെ ബോക്സിന് പുറത്തുനിന്നുള്ള റൈറ്റ്-ഫൂട്ടഡ് ഷോട്ട് ബ്രസീൽ ഗോൾകീപ്പർ അലിസൺ ബെക്കറെ മറികടന്ന് വല കുലുക്കി.
ബ്രസീലിന്റെ പ്രത്യാക്രമണങ്ങള്‍ക്ക് ആദ്യ പകുതിയില്‍ ജാപ്പനീസ് പ്രതിരോധം മറികടക്കാനായില്ല. എന്നാല്‍ രണ്ടാം പകുതിയില്‍ കഥ മാറി. 56-ാം മിനിറ്റിൽ ഗബ്രിയേൽ മഗൽഹീസിന്റെ ക്രോസിൽ നിന്നും ഹെഡ്ഡറിലൂടെ സീനിയർ താരം കസെമിറോ ബ്രസീലിന് സമനില നേടിക്കൊടുത്തു.
മത്സരം അധികസമയത്തേക്ക് നീങ്ങുമെന്ന് കരുതിയിരിക്കെയാണ് പകരക്കാരനായി എത്തിയ ഗബ്രിയേൽ മാർട്ടിനെല്ലി ബ്രസീലിന്റെ രക്ഷകനും ജപ്പാന്റെ അന്തകനുമായത്. ഇഞ്ചുറി ടൈമിന്റെ അഞ്ചാം മിനിറ്റിൽ ബ്രൂണോ ഗ്വിമാരസ് നൽകിയ പാസ്സ് സ്വീകരിച്ച് മാർട്ടിനെല്ലി ജപ്പാൻ ഗോൾകീപ്പർ സിയോൺ സുസുക്കിയെ കീഴടക്കി പന്ത് വലയിലെത്തിച്ചു.
ജൂലൈ 5-ന് ന്യൂയോർക്ക് ന്യൂജേഴ്‌സി സ്റ്റേഡിയത്തിൽ വെച്ച് നടക്കുന്ന പ്രീ-ക്വാർട്ടർ മത്സരത്തിൽ ഐവറി കോസ്റ്റ്-നോർവേ മത്സരത്തിലെ എതിരാളികളെ ബ്രസീല്‍ നേരിടും. തോറ്റെങ്കിലും തല ഉയര്‍ത്തിയാണ് ഏഷ്യന്‍ കരുത്തരായ ജപ്പാന്റെ മടക്കം.
ജര്‍മ്മനിക്ക് മടങ്ങാം
ഏറ്റവും വലിയ അട്ടിമറികളിലൊന്നിനാണ് ബോസ്റ്റണ്‍ സ്‌റ്റേഡിയം സാക്ഷ്യം വഹിച്ചത്. ജർമ്മനിയെ പെനാൽറ്റി ഷൂട്ടൗട്ടിൽ 4-3 നാണ് പരാഗ്വെ തകര്‍ത്തത്. നിശ്ചിത സമയത്തും അധിക സമയത്തും ഇരുടീമുകളും 1-1 സമനില പാലിച്ചതിനെത്തുടർന്നാണ് പെനാല്‍റ്റി ഷൂട്ടൗട്ട് വേണ്ടിവന്നത്.
കളിയുടെ തുടക്കം മുതൽ പന്ത് കൈവശം വെക്കുന്നതിൽ ജർമ്മനിയായിരുന്നു മുന്നില്‍. എന്നാല്‍ പരാഗ്വെയുടെ പ്രതിരോധം മറികടക്കുന്നതില്‍ പല തവണയും പരാജയപ്പെട്ടു. 42-ാം മിനിറ്റില്‍ ജര്‍മ്മനിയെ ഞെട്ടിച്ച് പരാഗ്വെ ലീഡെടുത്തു. മാറ്റിയാസ് ഗലാർസ നൽകിയ ക്രോസ്സ് ഹൂലിയോ എൻസീസോ ഹെഡ്ഡറിലൂടെ ജർമ്മൻ ഗോൾകീപ്പർ മാനുവൽ നോയറെ കീഴടക്കി വലയിലെത്തിച്ചു.
രണ്ടാം പകുതിയില്‍ ജര്‍മ്മനി കൂടുതല്‍ ആക്രമിച്ചു കളിച്ചത് ഫലം കണ്ടു. 54-ാം മിനിറ്റില്‍ ഫ്ലോറിയൻ വിർട്സിന്റെ ക്രോസിൽ നിന്നും കായ് ഹാവെർട്സ് ഹെഡ്ഡറിലൂടെ ജര്‍മ്മനിക്ക് സമനില സമ്മാനിച്ചു. മത്സരത്തിന്റെ അവസാന നിമിഷങ്ങളിൽ ജർമ്മനിയുടെ ജോനാഥൻ താ ഗോൾ നേടിയെങ്കിലും ‘വാര്‍’ പരിശോധനയിൽ ആന്റൺ പരാഗ്വെ ഗോൾകീപ്പർ ഒർലാൻഡോ ഗില്ലിനെ ഫൗൾ ചെയ്തതായി കണ്ടെത്തിയതിനെ തുടർന്ന് ആ ഗോൾ നിഷേധിച്ചു.
English Summary
Brazil defeated Japan 2-1 with a late winner to enter the pre-quarters. Paraguay stunned Germany in a penalty shootout after a -1 draw. Canada advanced by securing a hard-fought 1-0 win over South Africa. The knockout stage delivered massive upsets, tactical drama, and intense excitement.