IND vs AUS : ആറ് റൺസെടുക്കുന്നതിനിടെ നഷ്ടപ്പെട്ടത് മൂന്ന് വിക്കറ്റ്; ഓസ്ട്രേലിയക്കെതിരെ മുൻതൂക്കം കളഞ്ഞുകുളിച്ച് ഇന്ത്യ
IND vs AUS BGT 2024 India Finish 164 For 5 On Day Two: ബോർഡർ - ഗവാസ്കർ ട്രോഫിയിലെ നാലാം മത്സരത്തിൻ്റെ രണ്ടാം ദിനം അവസാനിക്കുമ്പോൾ ഇന്ത്യ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 164 റൺസ് എന്ന നിലയിൽ. 474 റൺസാണ് ആദ്യ ഇന്നിംഗ്സിൽ ഓസ്ട്രേലിയ നേടിയത്.
ഇന്ത്യക്കെതിരായ നാലാം ടെസ്റ്റിൽ ഓസ്ട്രേലിയക്ക് മേൽക്കൈ. 474 റൺസിൻ്റെ ഒന്നാം ഇന്നിംഗ്സ് സ്കോറിന് മറുപടിയുമായി ഇറങ്ങിയ ഇന്ത്യ രണ്ടാം ദിനം കളി അവസാനിക്കുമ്പോൾ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 164 റൺസെന്ന നിലയിലാണ്. അവസാന മൂന്ന് വിക്കറ്റുകൾ ഇന്ത്യക്ക് നഷ്ടമായത് വെറും ആറ് റൺസ് നേടുന്നതിനിടെയാണ്.
ഓസീസിൻ്റെ പടുകൂറ്റൻ സ്കോറിന് മറുപടിയായി യശസ്വി ജയ്സ്വാളിനൊപ്പം രോഹിത് ശർമ്മ ഓപ്പണിംഗിലേക്ക് തിരികെയെത്തി. എന്നാൽ, രോഹിത് തൻ്റെ മോശം ഫോം തുടർന്നു. വെറും മൂന്ന് റൺസ് നേടിയ രോഹിതിനെ വീണ്ടും പാറ്റ് കമ്മിൻസ് പുറത്താക്കി. മൂന്നാം നമ്പരിലിറങ്ങിയ കെഎൽ രാഹുൽ ജയ്സ്വാളിനൊപ്പം പിടിച്ചുനിന്നു. രണ്ടാം വിക്കറ്റിൽ 43 റൺസിൻ്റെ കൂട്ടുകെട്ടിലാണ് ഈ സഖ്യം പങ്കായത്. ഒടുവിൽ 24 റൺസ് നേടിയ രാഹുലിനെ വീഴ്ത്തി കമ്മിൻസ് തന്നെ ഈ സഖ്യം പൊളിച്ചു.
Also Read : IND vs AUS : സ്മിത്തിന് സെഞ്ചുറി; മൂന്ന് അർദ്ധസെഞ്ചുറികൾ; മെൽബണിൽ വമ്പൻ സ്കോർ ഉയർത്തി ഓസ്ട്രേലിയ
രാഹുൽ മടങ്ങിയതോടെ വിരാട് കോലി ക്രീസിലെത്തി. ഓഫ് സ്റ്റമ്പിന് പുറത്തെ പന്തിൽ ബാറ്റ് വച്ച് പുറത്താവുന്ന പതിവ് തുടർക്കഥയാക്കിയ കോലി ഇന്ന് ആ പതിവ് തിരുത്തി. ഓഫ് സ്റ്റമ്പിന് പുറത്തുവരുന്ന പന്തുകൾ തുടരെ ലീവ് ചെയ്തും മറ്റ് പന്തുകളിൽ സ്കോർ ചെയ്തും താരം കളത്തിൽ പിടിച്ചുനിന്നു. യസസ്വി ജയ്സ്വാൾ തകർപ്പൻ ഫോമിലായിരുന്നു. ഓസീസ് ബൗളർമാരെ അനായാസം നേരിട്ട ജയ്സ്വാൾ ഇതിനിടെ ഫിഫ്റ്റി തികച്ചു. സ്റ്റാർക്കിൻ്റെ സ്വിങ് കൗണ്ടർ ചെയ്യാനുള്ള തന്ത്രങ്ങളൊക്കെ നടപ്പിലാക്കി ജയ്സ്വാൾ ആധികാരികമായാണ് ബാറ്റ് ചെയ്തത്. 102 റൺസിൻ്റെ തകർപ്പൻ കൂട്ടുകെട്ടിലാണ് ഈ സഖ്യം പങ്കായത്. യശസ്വി ജയ്സ്വാൾ മടങ്ങിയതോടെ ഈ കൂട്ടുകെട്ട് പൊളിഞ്ഞു. മറ്റൊരു സെഞ്ചുറിയിലേക്ക് കുതിക്കവെ ജയ്സ്വാൾ നിർഭാഗ്യകരമായി റണ്ണൗട്ടാവുകയായിരുന്നു. 82 റൺസ് നേടി താരം പുറത്തായതോടെ കോലിയുടെ ശ്രദ്ധ നഷ്ടമായി. തൊട്ടടുത്ത ഓവറിൽ, ഓഫ് സ്റ്റമ്പിന് പുറത്തുവന്ന പന്തിൽ ബാറ്റ് വച്ച് വീണ്ടും കോലി (36) പുറത്ത്. നൈറ്റ് വാച്ച്മാനായി ക്രീസിലെത്തിയ ആകാശ് ദീപ് റൺസൊന്നുമെടുക്കാതെ മടങ്ങി. ഇരുവരെയും സ്കോട്ട് ബോളണ്ടാണ് പുറത്താക്കിയത്.
പിന്നാലെ ക്രീസിൽ ഒത്തുചേർന്ന രവീന്ദ്ര ജഡേജയും ഋഷഭ് പന്തും ചേർന്ന് മറ്റ് നഷ്ടങ്ങളില്ലാതെ രണ്ടാം ദിനം അവസാനിപ്പിച്ചു. പന്ത് ആറും ജഡേജ നാലും റൺസ് വീതം നേടി നോട്ടൗട്ടാണ്. ഓസ്ട്രേലിയക്കായി സ്കോട്ട് ബോളണ്ടും പാറ്റ് കമ്മിൻസും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. ഓസ്ട്രേലിയയുടെ ആദ്യ ഇന്നിംഗ്സ് സ്കോറിൽ നിന്ന് ഇനിയും 310 റൺസ് അകലെയാണ് ഇന്ത്യ. 110 റൺസ് കൂടി നേടിയാലേ ഇന്ത്യക്ക് ഫോളോ ഓൺ ഒഴിവാക്കാനാവൂ. മൂന്ന് ദിവസം കൂടി അവശേഷിക്കെ മത്സരത്തിൽ ഇന്ത്യയുടെ നില അപകടത്തിലാണ്. പരമ്പരയിൽ മൂന്ന് മത്സരങ്ങൾ അവസാനിച്ചപ്പോൾ ഇരു ടീമുകളും 1-1 എന്ന നിലയിൽ സമനില പാലിക്കുകയാണ്. ഈ മത്സരം ഉൾപ്പെടെ പരമ്പരയിൽ ഇനി അവശേഷിക്കുന്നത് രണ്ട് മത്സരങ്ങളാണ്. ഇതിൽ വിജയിച്ചെങ്കിലേ ഇന്ത്യക്ക് ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ഇടം ലഭിക്കൂ.