Santosh Trophy 2024 : കേരളം സന്തോഷ് ട്രോഫി സെമിയിൽ; ശക്തരായ ജമ്മു കശ്മീരിനെ കീഴടക്കിയത് ഒരു ഗോളിന്
Santosh Trophy 2024 Kerala Semi Final : 73-ാം മിനിറ്റിൽ നസീബ് റഹ്മാൻ നേടിയ ഏക ഗോളിലാണ് കേരളം സെമി ബെർത്തുറപ്പിച്ചത്. മണിപ്പൂരാണ് സെമിയിൽ കേരളത്തിൻ്റെ എതിരാളി
ഹൈദരാബാദ് : സന്തോഷ് ട്രോഫി ഫുട്ബോൾ ടൂർണമെൻ്റിൻ്റെ (Santosh Trophy 2024) സെമി ഫൈനലിൽ പ്രവേശിച്ച് കേരളം. ഹൈദരാബാദിലെ ഗച്ചിബൗളി ഡെക്കാൻ അരീനയിൽ വെച്ച് നടന്ന ക്വാർട്ടറിൽ ജമ്മു കശ്മീരിനെ ഏകപക്ഷീയമായ ഒരു ഗോളിനാണ് കേരളം തോൽപ്പിച്ചത്. മത്സരത്തിൻ്റെ 73-ാം മിനിറ്റിൽ നസീബ് റഹ്മാനാണ് കേരളത്തിനായി വിജയഗോൾ സ്വന്തമാക്കിയത്. ഇത് 31-ാം തവണയാണ് കേരളം സന്തോഷ് ട്രോഫി ടൂർണമെൻ്റിൻ്റെ സെമിയിൽ എത്തുന്നത്. കേരളത്തെ പോലെ ടൂർണമെൻ്റിൽ ഒരു തോൽവി പോലും വഴങ്ങാതെയാണ് കശ്മീരും ക്വാർട്ടറിലെത്തിയത്.
കേരളത്തിൻ്റെ ആക്രമണ നിരയെ ഏത് വിധേനയും പ്രതിരോധിക്കുക എന്ന ലക്ഷ്യത്തോടെയാണ് ജമ്മു കശ്മീർ കളത്തിൽ ഇറങ്ങിയത്. ധ്രുതഗതിയിലുള്ള കേരളത്തിൻ്റെ പ്രത്യാക്രമണം തടയുക എന്ന ലക്ഷ്യത്തോടെയായിരുന്നു കശ്മീർ പ്രതിരോധം തീർത്തത്. അത് ഏകദേശം ഫലം കാണുകയും ചെയ്തു. കശ്മീരിൻ്റെ പ്രതിരോധം ഭേദിക്കാനാകാതെ കേരളം ആദ്യപകുതിയിൽ വിയർത്തു. ഇതിനിടെ ചില ആക്രമണങ്ങളും കശ്മീരിൻ്റെ ഭാഗത്ത് നിന്നുമുണ്ടായി. എന്നിരുന്നാലും ഗോളുകൾ ഒന്നും പിറക്കാതെ മത്സരത്തിൻ്റെ ആദ്യപകുതി സമനിലയിൽ പിരിഞ്ഞു.
ആദ്യപകുതിയിൽ പ്രതീക്ഷിച്ചത് പോലെ നടക്കാതെ വന്നതോടെ കേരള രണ്ടാം പകുതിയിലെ ആക്രമണത്തിന് ഒന്നും മുർച്ച കൂട്ടി. പല അവസരങ്ങൾ സൃഷ്ടിച്ചതിനൊടുവിൽ 73-ാം മിനിറ്റിൽ ജോസഫ് ജെസ്റ്റിൻ നീട്ടി നൽകിയ ക്രോസ് ഹാഫ് വോളിയിൽ നസീബ് കൃത്യമായി കശ്മീരിൻ്റെ വലയിൽ എത്തിച്ചു. ടൂർണമെൻ്റിലെ മലയാളി താരത്തിൻ്റെ ഏഴാം ഗോൾ നേട്ടമാണിത്. ഗോൾ നേട്ടത്തോടെ ടൂർണമെൻ്റിൽ ഏറ്റവും കൂടുതൽ ഗോൾ നേടുന്ന രണ്ടാമത്തെ താരമായി മാറി നസീബ്. എന്നാൽ സമനില ഗോൾ എങ്ങനെങ്കിലും നേടണമെന്ന വാശിയോടെ ജമ്മു കശ്മീർ താരങ്ങൾ കേരളത്തിൻ്റെ ബോക്സിലേക്ക് കുതിച്ചു. എന്നാൽ മത്സരത്തിൽ രണ്ടാമതൊരു ഗോൾ പിറന്നില്ല.
സന്തോഷ് ട്രോഫി ടൂർണമെൻ്റിൻ്റെ ചരിത്രത്തിൽ ഇത് 31-ാം തവണയാണ് കേരളം സെമി ഫൈനലിൽ പ്രവേശിക്കുന്നത്. ഡിസംബർ 29-ാം തീയതി ഞായറാഴ്ച നടക്കുന്ന സെമി ഫൈനൽ മത്സരത്തിൽ കേരളം മണിപ്പൂരിനെ നേരിടും. ഡൽഹിയെ രണ്ടിനെതിരെ അഞ്ച് ഗോളുകൾക്ക് തകർത്താണ് മണിപ്പൂർ സെമിയിൽ പ്രവേശിച്ചിരിക്കുന്നത്.