India T20I Captain : ഹാർദിക് പാണ്ഡ്യ അല്ല, സൂര്യകുമാർ യാദവ് ഇന്ത്യയുടെ പുതിയ ടി20 ക്യാപ്റ്റനായേക്കുമെന്ന് റിപ്പോർട്ട്
India T20I Captain Suryakumar Yadav : ഹാർദിക് പാണ്ഡ്യക്ക് പകരം സൂര്യകുമാർ യാദവ് ഇന്ത്യയുടെ പുതിയ ടി20 ക്യാപ്റ്റനായേക്കുമെന്ന് റിപ്പോർട്ട്. ഹാർദ്ദിക്കായിരുന്നു രോഹിതിൻ്റെ വൈസ് ക്യാപ്റ്റനെങ്കിലും ദീർഘകാലത്തേക്കുള്ള ചുമതല എന്ന നിലയിൽ പരിക്ക് ഭീഷണിയുള്ള ഹാർദ്ദിക്കിന് പകരം സൂര്യയെ ടീം മാനേജ്മെൻ്റ് പരിഗണിക്കുന്നു എന്നാണ് റിപ്പോർട്ട്.

ഇന്ത്യയുടെ പുതിയ ടി20 ക്യാപ്റ്റനായി സൂര്യകുമാർ യാദവ് എത്തിയേക്കുമെന്ന് റിപ്പോർട്ട്. ടി20യിൽ നിന്ന് വിരമിച്ച രോഹിത് ശർമ്മയ്ക്ക് പകരക്കാരനായി സൂര്യകുമാറിനെയാണ് പരിഗണിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ. മുൻപ് ഒരു പരമ്പരയിൽ സൂര്യ ഇന്ത്യൻ ടീമിനെ നയിച്ചിട്ടുണ്ട്.

ഹാർദിക് പാണ്ഡ്യയാണ് നിലവിൽ ഇന്ത്യൻ ടീമിൻ്റെ വൈസ് ക്യാപ്റ്റൻ. ടി20 ലോകകപ്പിലടക്കം ഹാർദിക്കായിരുന്നു രോഹിതിൻ്റെ ഡെപ്യൂട്ടി. എന്നാൽ, താരത്തിൻ്റെ പരിക്ക് സാധ്യത കണക്കിലെടുത്ത് സൂര്യകുമാറിനെ ക്യാപ്റ്റൻസിയിലേക്ക് പരിഗണിക്കുന്നു എന്നാണ് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. പുതിയ പരിശീലകൻ ഗൗതം ഗംഭീറിനും സൂര്യയെയാണ് താത്പര്യമെന്നും റിപ്പോർട്ടുകളുണ്ട്.

ശ്രീലങ്കൻ പര്യടനമാവും പുതിയ ക്യാപ്റ്റൻ്റെ ആദ്യ ദൗത്യം. സൂര്യകുമാർ യാദവ് ക്യാപ്റ്റനായാൽ അത് ദീർഘകാലാടിസ്ഥാനത്തിൽ ടീമിന് ഗുണം ചെയ്യുമെന്ന് ടീം മാനേജ്മെൻ്റ് കരുതുന്നു. മുൻപും പലതവണ പരിക്കേറ്റ് വിട്ടുനിന്നിട്ടുള്ള ഹാർദ്ദിക്കിനെ ക്യാപ്റ്റനാക്കുക റിസ്കാണെന്നും മാനേജ്മെൻ്റ് കരുതുന്നു.

പര്യടനത്തിലെ ഏകദിന പരമ്പരയിൽ നിന്ന് ഹാർദിക് വിട്ടുനിൽക്കാൻ തീരുമാനിച്ചിരുന്നു. വ്യക്തിപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടി ബ്രേക്ക് നൽകണമെന്നാണ് ഹാർദികിൻ്റെ ആവശ്യം. ഏകദിനത്തിൽ കെഎൽ രാഹുൽ, ശുഭ്മൻ ഗിൽ എന്നിവരെയാണ് താത്കാലിക ക്യാപ്റ്റനായി പരിഗണിക്കുന്നത്.

ഇന്ത്യയുടെ ലോകകപ്പ് കിരീടനേട്ടത്തിൽ നിർണായക പങ്കുവഹിച്ച് തകർപ്പൻ ഫോമിലാണ് ഹാർദിക്. പന്ത് കൊണ്ടും ബാറ്റ് കൊണ്ടും ഒരുപോലെ തിളങ്ങിയ താരം ഇന്ത്യയുടെ ഏറ്റവും ഇംപാക്ട്ഫുൾ ആയ താരമായിരുന്നു.