India vs Brazil: ആന്‍സലോട്ടിയുടെ മനം നിറച്ച് ഇന്ത്യയുടെ പ്രതിരോധം; ഗുര്‍പ്രീതിനെ ചേര്‍ത്തുപിടിച്ച് ജമീൽ
Carlo Ancelotti impressed by India's defense: ഇന്ത്യയുടെ പ്രകടനം ബ്രസീല്‍ പരിശീലകന്‍ കാര്‍ലോ ആന്‍സലോട്ടിയുടെ മനവും നിറച്ചു. ഇന്ത്യയുടെ പ്രതിരോധത്തെയും, കൗണ്ടര്‍ അറ്റാക്കിങ് രീതിയെയും അദ്ദേഹം പ്രശംസിച്ചു. എന്നാല്‍ ആദ്യ ലീഡെടുത്തതിന് ശേഷം കളിയുടെ നിയന്ത്രണം പിടിച്ചെടുക്കാന്‍ എളുപ്പമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

Khalid Jamil with Carlo Ancelotti
ബ്രസീലിനെതിരായ സൗഹൃദ മത്സരത്തില്‍ എതിരില്ലാത്ത നാലു ഗോളുകള്‍ക്ക് തോറ്റെങ്കിലും ഇന്ത്യ പുറത്തെടുത്ത പോരാട്ടവീര്യത്തില്‍ ആരാധകര്‍ സംതൃപ്തരാണ്. ഇന്ത്യയോടുള്ള മത്സരം ബ്രസീലിന് അത്ര എളുപ്പമേറിയതായിരുന്നില്ല. എന്നാല്‍ ചില നിസാര പിഴവുകള്‍ മുതലെടുത്ത് സന്ദര്‍ശകര്‍ ഗോളുകള്‍ അടിച്ചുകൂട്ടി. ബ്രസീല്‍ ബോക്‌സിനുള്ളില്‍ ചില അവസരങ്ങള്‍ ഇന്ത്യയും സൃഷ്ടിച്ചു. നേരത്തെ കരുത്തരായ ടീമുകള്‍ക്കെതിരെ ഇന്ത്യ അമിത പ്രതിരോധത്തിലൂന്നിയ ഫുട്‌ബോളാണ് കളിച്ചിരുന്നത്. എതിര്‍ബോക്‌സിനുള്ളില്‍ ഒരു ചലനം പോലും സൃഷ്ടിക്കാന്‍ സാധിക്കാറില്ല. എന്നാല്‍ ഖാലിദ് ജമീൽ പരിശീലിപ്പിക്കുന്ന ഇന്ത്യന്‍ ടീമിന്റെ മനോഭാവത്തില്‍ മാറ്റം പ്രകടമാണ്. എതിരാളി എത്ര കരുത്തരായാലും അവരുടെ ബോക്‌സിനുള്ളില്‍ കടന്നുകയറാനുള്ള ആര്‍ജ്ജവം ഇന്ന് ഇന്ത്യന്‍ ടീമിനുണ്ട്. അത് വ്യക്തമാക്കുന്നതാണ് പനാമയ്‌ക്കെതിരെയും, ബ്രസീലിനെതിരെയും നടന്ന മത്സരങ്ങള്‍. ബ്രസീലിനെതിരായ മത്സരത്തില്‍ ലഭിച്ച ആറു കോര്‍ണറുകളാണ് അതിന്റെ തെളിവ്.
ഇന്ത്യയുടെ പ്രകടനം ബ്രസീല്‍ പരിശീലകന്‍ കാര്‍ലോ ആന്‍സലോട്ടിയുടെ മനവും നിറച്ചു. ഇന്ത്യയുടെ പ്രതിരോധത്തെയും, കൗണ്ടര്‍ അറ്റാക്കിങ് രീതിയെയും അദ്ദേഹം പ്രശംസിച്ചു. എന്നാല്‍ ആദ്യ ലീഡെടുത്തതിന് ശേഷം കളിയുടെ നിയന്ത്രണം പിടിച്ചെടുക്കാന്‍ എളുപ്പമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. എസ്റ്റെവാവോ (28-ാം മിനിറ്റ്), പെഡ്രോ (42-ാം മിനിറ്റ്), സാമുവല്‍ ലിനോ (58, 90+5 മിനിറ്റുകള്‍) എന്നിവരാണ് ബ്രസീലിനായി ഗോളുകള്‍ അടിച്ചത്.
ഇന്ത്യ നന്നായി പ്രതിരോധിച്ചെന്ന് ആന്‍സലോട്ടി പറഞ്ഞു. അവര്‍ അച്ചടക്കത്തോടെ കളിച്ചു. കൗണ്ടര്‍ അറ്റാക്കുകളിലൂടെ കളിക്കാന്‍ ശ്രമിച്ചു. മികച്ച കളിയാണ് അവര്‍ പുറത്തെടുത്തതെന്ന് താന്‍ കരുതുന്നുവെന്നും അദ്ദേഹം പറഞ്ഞു.
“ആദ്യ ഗോൾ നേടാൻ ഞങ്ങൾക്ക് അല്പം പ്രയാസം നേരിട്ടു, എന്നാൽ എസ്റ്റെവാവോയിലൂടെ ഗോൾ നേടിയ നിമിഷം മുതൽ കളി കൂടുതൽ നന്നായി നിയന്ത്രിക്കാനുള്ള അവസരങ്ങൾ ഞങ്ങൾക്ക് ലഭിച്ചു,” ആന്‍സലോട്ടി വ്യക്തമാക്കി. തങ്ങളുടെ പ്രതിരോധം കുറച്ചുകൂടി മെച്ചപ്പെടേണ്ടിയിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഇതൊരു പുതിയ പ്രതിരോധ നിരയായിരുന്നു. അവര്‍ മുമ്പ് ഒരുമിച്ച് കളിച്ചിട്ടില്ല. അതുകൊണ്ട് എല്ലാം തികഞ്ഞതാകണമെന്നില്ലെന്ന് ബ്രസീല്‍ പരിശീലകന്‍ വ്യക്തമാക്കി.
ഗുര്‍പ്രീതിനെ പിന്തുണച്ച് ജാമീല്‍
മത്സരത്തില്‍ ഇന്ത്യയുടെ ഗോള്‍കീപ്പര്‍ ഗുര്‍പ്രീത് സിങ് സന്ധു വരുത്തിയ പിഴവുകള്‍ ചര്‍ച്ചയായിരുന്നു. ആദ്യപകുതിയില്‍ ബ്രസീല്‍ നേടിയ രണ്ട് ഗോളുകളും അദ്ദേഹത്തിന്റെ പിഴവില്‍ നിന്ന് നേടിയെടുത്തതായിരുന്നു. രണ്ടാം പകുതിയില്‍ ഗുര്‍പ്രീതിനെ പിന്‍വലിക്കുകയും ചെയ്തു. എന്നാല്‍ മത്സരശേഷം ഗുര്‍പ്രീതിനെ പിന്തുണച്ച് പരിശീലകന്‍ ഖാലിദ് ജമീൽ രംഗത്തെത്തി.
“ഇത് ഗുർപ്രീതിന്റെ മാത്രം കുറ്റമല്ല; അദ്ദേഹം രാജ്യത്തെ മികച്ച ഗോൾകീപ്പർമാരിൽ ഒരാളാണ്. ഡിഫൻഡർ എതിരാളിയെ തടയാൻ ശ്രമിച്ചില്ല, ഒപ്പം പന്ത് അവിടെനിന്ന് നീങ്ങുകയും ചെയ്തു. അതിനാൽ മൊത്തത്തിൽ നോക്കുമ്പോൾ, അത് എല്ലാവരുടെയും പിഴവാണ്”- ജമീൽ പറഞ്ഞു.
English Summary
Brazil defeated India 4-0 in a historic football friendly in Kolkata. India defended stubbornly to keep Brazil at bay for the first 27 minutes. Brazil coach Carlo Ancelotti praised India’s organized defense and counter-attacking effort. Indian coach Khalid Jamil backed captain Gurpreet Singh Sandhu after his first-half errors.