IPL 2025: ഐപിഎൽ മെയ് 16ന് പുനരാരംഭിക്കും; ചെന്നൈ, ബെംഗളൂരു, ഹൈദരാബാദ് എന്നിവിടങ്ങളിൽ മത്സരം നടക്കുമെന്ന് വിവരം
IPL Likely To Restart From May 16: ഐപിഎൽ മത്സരങ്ങൾ മെയ് 16 മുതൽ പുനരാരംഭിച്ചേക്കും. മെയ് 30 വരെയാവും സീസൺ നീളുക. ദക്ഷിണേന്ത്യയിലെ മൂന്ന് വേദികളിലായാവും മത്സരങ്ങൾ.
ഇന്ത്യയും പാകിസ്താനും തമ്മിലുള്ള സംഘർഷത്തെ തുടർന്ന് താത്കാലികമായി നിർത്തിവച്ച ഐപിഎൽ ഏറെ വൈകാതെ തന്നെ പുനരാരംഭിച്ചേക്കുമെന്നാണ് റിപ്പോർട്ട്. പുതിയ മത്സരക്രമം പ്രകാരം ഐപിഎൽ മെയ് 30 വരെ നീളും. ആദ്യം തീരുമാനിച്ചത് പ്രകാരം മെയ് 25നായിരുന്നു ഫൈനൽ. ഇത് ഒരാഴ്ച കൂടി നീളുമെന്നാണ് റിപ്പോർട്ടുകൾ.
ഈ മാസം 16നാവും മത്സരങ്ങൾ പുനരാരംഭിക്കുക എന്നാണ് സൂചനകൾ. ദക്ഷിണേന്ത്യയിലെ മൂന്ന് വേദികളിൽ മാത്രമായി മത്സരങ്ങൾ ചുരുക്കും. ചെന്നൈ എംഎ ചിദംബരം സ്റ്റേഡിയം, ബെംഗളൂരു എം ചിന്നസ്വാമി സ്റ്റേഡിയം, ഹൈദരാബാദ് രാജീവ് ഗാന്ധി ഉപ്പൽ സ്റ്റേഡിയം എന്നിവിടങ്ങളിലായി മത്സരങ്ങൾ നടക്കും. മറ്റ് ചില റിപ്പോർട്ടുകൾ പ്രകാരം പ്ലേ ഓഫ് മത്സരങ്ങൾ നേരത്തെ നിശ്ചയിച്ച വേദികളിലായിത്തന്നെയാവും നടക്കുക. കൊൽക്കത്ത ഈഡൻ ഗാർഡൻസ് സ്റ്റേഡിയം, അഹ്മദാബാദ് നരേന്ദ്രമോദി സ്റ്റേഡിയം എന്നിവിടങ്ങളിലായി ക്വാളിഫയർ മത്സരങ്ങളും എലിമിനേറ്ററും ഫൈനലും നടക്കുമെന്നാണ് വിവരം.
Also Read: IPL 2025: തയ്യാറാകാന്‍ ബിസിസിഐ, പുതിയ ഷെഡ്യൂള്‍ ഉടന്‍; വീണ്ടും ഐപിഎല്‍ ആവേശം
പുതുക്കിയ ഷെഡ്യൂൾ ഈ മാസം 11ന് തന്നെ പുറത്തുവിട്ടേക്കും. ഇന്ന് രാത്രി തന്നെ പുതിയ മത്സരക്രമം ഫ്രാഞ്ചൈസികളെ അറിയിക്കും. ഇന്ത്യയിൽ നിന്ന് മടങ്ങിയ വിദേശതാരങ്ങളെയൊക്കെ ഉടൻ തന്നെ മടക്കിയെത്തിക്കാൻ ബിസിസിഐ നേരത്തെ തന്നെ ഫ്രാഞ്ചൈസികൾക്ക് നിർദ്ദേശം നൽകിയിരുന്നു. ഈ മാസം 13, ചൊവ്വാഴ്ചയ്ക്ക് മുൻപ് താരങ്ങളെ എത്തിക്കണമെന്നാണ് നിർദ്ദേശം.
പാതിവഴിയിൽ നിർത്തിയ പഞ്ചാബ് കിംഗ്സ് – ഡൽഹി ക്യാപിറ്റൽസ് മത്സരം വീണ്ടും നടത്തും. ശേഷം ഓരോ ദിവസവും രണ്ട് മത്സരങ്ങൾ വീതമാവും നടത്തുക. ചെന്നൈ സൂപ്പര്‍ കിങ്‌സ്, രാജസ്ഥാന്‍ റോയല്‍സ്, സണ്‍റൈസേഴ്‌സ് ഹൈദരാബാദ് എന്നീ ടീമുകളാണ് നിലവിൽ പ്ലേ ഓഫിൽ നിന്ന് പുറത്തായത്. ഔദ്യോഗികമായി ഇതുവരെ ഒരു ടീമും പ്ലേ ഓഫ് യോഗ്യത നേടിയിട്ടുമില്ല.