ISL Suspended: ഐഎസ്എൽ അനിശ്ചിതകാലത്തേക്ക് മാറ്റിവച്ചു; തീരുമാനം അറിയിച്ച് അധികൃതർ
ISL Suspended For Indefinitely: ഇന്ത്യൻ സൂപ്പർ ലീഗ് അനിശ്ചിതകാലത്തേക്ക് മാറ്റിവച്ചു.
ഐഎസ്എൽ അനിശ്ചിതകാലത്തേക്ക് മാറ്റിവച്ചതായി അധികൃതർ. ഇക്കാര്യം ക്ലബുകളെയും ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷനെയും അറിയിച്ചതായി അധികൃതർ വ്യക്തമാക്കി. 2025-26 സീസൺ സാധ്യമല്ലെന്നാണ് ഐഎസ്എൽ നടത്തിപ്പുകാരായ എഫ്എസ്ഡിഎൽ (ഫുട്ബോൾ സ്പോർട്സ് പ്രൈവറ്റ് ലിമിറ്റഡ്) അറിയിച്ചത്.
ഈ വർഷം സെപ്തംബറിലാണ് ലീഗ് ആരംഭിക്കേണ്ടിയിരുന്നത്. നേരത്തെ മുതൽ ലീഗിൻ്റെ കാര്യം ആശങ്കയിലായിരുന്നു. സംപ്രേഷണാവകാശ കരാറുമായി എഐഎഫ്എഫും എഫ്എസ്ഡിഎലും തമ്മിലുള്ള തർക്കമാണ് സീസൺ റദ്ദാക്കുന്നതിലേക്ക് നയിച്ചത്.
2010ൽ എഫ്എസ്ഡിഎലും എഐഎഫ്എഫും തമ്മിൽ ധാരണയായ 15 വർഷത്തെ കരാറാണ് സീസൺ റദ്ദാക്കലിലേക്ക് നയിച്ചത്. ഇന്ത്യൻ സൂപ്പർ ലീഗുമായി ബന്ധപ്പെട്ട എല്ലാ വാണിജ്യ അവകാശങ്ങളും എഫ്എസ്ഡിഎലിന് നൽകുന്നതായിരുന്നു അന്നത്തെ കരാർ. തിരികെ എഐഎഫ്എഫിന് എഫ്എസ്ഡിഎൽ പ്രതിവർഷം 50 കോടി രൂപ നൽകണം. ഇക്കൊല്ലം ഡിസംബറിൽ ഈ കരാർ അവസാബിക്കും.
Also Read: ISL: ഐഎസ്എലിൻ്റെ ഭാവി ചോദ്യത്തിലാക്കിയ കരാർ; എഐഎഫ്എഫും എഫ്എസ്ഡിഎല്ലും തമ്മിലുള്ള നിയമപോരാട്ടം എന്ത്?
ഇക്കഴിഞ്ഞ 11 സീസണുകളിൽ എഫ്എസ്ഡിഎല്ലിന് ഉണ്ടായ നഷ്ടം ഏകദേശം 5000 കോടി രൂപയാണ്. ഇങ്ങനെ നഷ്ടം സംഭവിക്കാതിരിക്കാൻ പുതിയ ഒരു കരാറാണ് ഇവർ മുന്നോട്ടുവച്ചത്. ഐഎസ്എൽ ക്ലബുകളും എഐഎഫ്എഫും എഫ്എസ്ഡിഎലും ചേർന്ന് പുതിയ സംരംഭമുണ്ടാക്കി ലീഗിൽ നിന്ന് ലഭിക്കുന്ന ലാഭം എല്ലാവർക്കുമായി വീതിക്കും. കരാർ അനുസരിച്ച് എഐഎഫ്എഫിന് 14 ശതമാനം ലാഭവിഹിതം ലഭിക്കും. ശതമാനക്കണക്കിൽ വളരെ ചെറിയ തുകയാവും എഐഎഫ്എഫിന് ലഭിക്കുക. അതിനാൽ തന്നെ അവർ ഇത് അംഗീകരിച്ചില്ല. ഈ തർക്കമാണ് സീസൺ റദ്ദാക്കൽ വരെ എത്തിച്ചത്.
ഇതിനൊപ്പം ഐലീഗിനെ രാജ്യത്തെ ടോപ്പ് ടയർ ലീഗ് ആക്കി ഐഎസ്എലിനെ സ്വകാര്യ ലീഗായി തരം താഴ്ത്തിയതിലും ലീഗ് ഘടനയുമായി ബന്ധപ്പെട്ട കാര്യങ്ങളിലും പ്രമോഷൻ, റെലഗേഷൻ രീതിയിലും തർക്കങ്ങൾ നിലനിൽക്കുന്നുണ്ട്. ഇതൊക്കെ കൂടിച്ചേർന്ന് ഇപ്പോൾ ഇങ്ങനെ ഒരു ക്ലൈമാക്സിലാണ് എത്തിയത്.