ISL: ഐഎസ്എലിൻ്റെ ഭാവി ചോദ്യത്തിലാക്കിയ കരാർ; എഐഎഫ്എഫും എഫ്എസ്ഡിഎല്ലും തമ്മിലുള്ള നിയമപോരാട്ടം എന്ത്?
What Is The Issue Between FSDL And AIFF: എഐഎഫ്എഫും എഫ്എസ്ഡിഎലും തമ്മിലുള്ള കരാർ കാരണം ഐഎസ്എലിൻ്റെ ഭാവിയാണ് ചോദ്യത്തിലായിരിക്കുന്നത്. എന്താണ് ഈ കരാർ എന്ന് പരിശോധിക്കാം.

ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ പുറത്തിറക്കിയ അടുത്ത സീസണിലെ മത്സരക്രമത്തിൽ നിന്ന് ഇന്ത്യൻ സൂപ്പർ ലീഗ് ഒഴിവായതോടെ വലിയ ആശങ്കയിലാണ് ഫുട്ബോൾ പ്രേമികൾ. ഐഎസ്എൽ അടുത്ത സീസൺ നടക്കുമോ എന്ന ചോദ്യം പോലും ഉയർത്തുന്നത് എഐഎഫ്എഫും ഐഎസ്എൽ നടത്തിപ്പുകാരായ ഫുട്ബോൾ സ്പോർട്സ് ഡവലപ്മെൻ്റ് ലിമിറ്റഡും (എഫ്എസ്ഡിഎൽ) തമ്മിലുള്ള ഒരു കരാറാണ്.
2010ലാണ് എഫ്എസ്ഡിഎലും എഐഎഫ്എഫും തമ്മിൽ 15 വർഷത്തെ കരാർ ഒപ്പിടുന്നത്. ഇന്ത്യൻ സൂപ്പർ ലീഗുമായി ബന്ധപ്പെട്ട എല്ലാ വാണിജ്യ അവകാശങ്ങളും എഫ്എസ്ഡിഎലിന് നൽകുന്നതായിരുന്നു കരാർ. തിരികെ എഫ്എസ്ഡിഎൽ എഐഎഫ്എഫിന് പ്രതിവർഷം നൽകേണ്ടത് 50 കോടി രൂപ. ഇക്കൊല്ലം ഡിസംബറിലാണ് കരാർ അവസാനിക്കുന്നത്. പുതിയ കരാർ ചർച്ചയിൽ ഇരു പക്ഷവും തമ്മിൽ ചില തർക്കങ്ങളുണ്ടായി.
ഐഎസ്എലിൻ്റെ 11 സീസണുകൾ അവസാനിക്കുമ്പോൾ എഫ്എസ്ഡിഎല്ലിന് ഏകദേശം 5000 കോടി രൂപയുടെ നഷ്ടം സംഭവിച്ചു എന്നാണ് വിവരം. വരും വർഷങ്ങളിൽ ഈ നഷ്ടം വരാതിരിക്കാൻ ക്യാഷ്ലസ് മോഡൽ ഏർപ്പെടുത്തണമെന്നാണ് എഫ്എസ്ഡിഎൽ പുതിയ കരാഭ്രിൽ ആവശ്യപ്പെടുന്നത്. ഐഎസ്എൽ ക്ലബുകളും എഐഎഫ്എഫും എഫ്എസ്ഡിഎലും ചേർന്ന് പുതിയ സംരംഭവുണ്ടാക്കും. ലീഗിൽ നിന്ന് ലഭിക്കുന്ന ലാഭം എല്ലാവർക്കും വീതിക്കും. കരാർ അനുസരിച്ച് എഐഎഫ്എഫിന് ലഭിക്കുന്ന ലാഭവിഹിതം 14 ശതമാനമാണ്. ഇത് എഐഎഫ്എഫ് അംഗീകരിക്കുന്നില്ല. നേരത്തെ ലഭിച്ചിരുന്ന 50 കോടിയെന്ന ഉറച്ച തുക 14 ശതമാനത്തിലേക്ക് മാറ്റുമ്പോൾ സാരമായി കുറയും. ഇതാണ് എഐഎഫ്എഫ് കരാറിനോട് മുഖം തിരിക്കാൻ കാരണം.
ഇത് മാത്രമല്ല, ഐലീഗിനെ രാജ്യത്തെ ടോപ്പ് ടയർ ലീഗ് ആക്കി ഐഎസ്എലിനെ സ്വകാര്യ ലീഗായി തരം താഴ്ത്തിയതും ലീഗ് ഘടന, പ്രമോഷൻ സംവിധാനം തുടങ്ങി മറ്റ് പല കാര്യങ്ങളിലും എഫ്എസ്ഡിഎലും എഐഎഫ്എഫുമായി തർക്കങ്ങളുണ്ട്. ഇതൊക്കെ പുതിയ കരാറിൽ പ്രതിഫലിക്കുകയും ചെയ്തു. നിലവിൽ സുപ്രീം കോടതിയുടെ പരിഗണനയിലാണ് കേസ്.