യമാലിന്റെ അനിയനെ തലയിൽ വച്ചു, പക്ഷേ ‘ലോകകിരീടം’ നേടിയ സ്വന്തം അനിയന്മാരെ കാണുന്നില്ല! എന്തേ ഇങ്ങനെ
Indian team that won the Gothia Cup is ignored: സ്വീഡനിൽ നടന്ന ലോകപ്രശസ്തമായ ഗോഥിയ കപ്പ് (Gothia Cup / World Youth Cup) അണ്ടർ-12 വിഭാഗത്തിൽ ചണ്ഡീഗഡ് ആസ്ഥാനമായുള്ള മിനർവ അക്കാദമി എഫ്.സി കുട്ടികൾ കിരീടം നേടിയിരുന്നു. എന്നാൽ ഇവർക്ക് അർഹിക്കുന്ന പരിഗണനയും പ്രശംസയും ലഭിച്ചില്ല എന്ന് വിമർശനം. ഫിഫ ലോകകപ്പുമായി ബന്ധപ്പെട്ട് ലാമിൻ യമാലിന്റെ അനിയൻ വരെ ഇവിടെ കൊണ്ടാടപ്പെടുമ്പോൾ ഇന്ത്യൻ താരങ്ങൾ അവഗണിക്കപ്പെടുന്നു എന്നാണ് ആക്ഷേപം.
ഇത്തവണത്തെ ഫിഫ ലോകകപ്പിൽ താരങ്ങൾക്ക് പുറമേ ഫുട്ബോൾ ആരാധകരുടെ ഹൃദയം കവർന്ന മറ്റ് ചില മുഖങ്ങളും ഉണ്ട്. അതിൽ ഏറ്റവും ഓമനത്വം ഉള്ള മുഖം കെയ്ൻ യമാൽ എന്ന മൂന്ന് വയസുകാരന്റേത് ആയിരുന്നു. സ്പെയിൻ താരം ലാമിൻ യമാലിന്റെ അനിയൻ ആണ് കെയ്ൻ. ടൂർണമെന്റിലുടനീളം ഗാലറിയിലിരുന്ന് ചേട്ടനെയും സ്പാനിഷ് ടീമിനെയും പ്രോത്സാഹിപ്പിക്കുന്ന കെയ്നിന്റെയും അനിയനെ മൈതാനത്തുനിന്ന് കൊഞ്ചിക്കുന്ന ലാമിന്റെയും വീഡിയോകൾ സോഷ്യൽ മീഡിയയിൽ തരംഗമായിരുന്നു. ഇന്ത്യയിലെ ഫുട്ബോൾ ആരാധകരും ഈ വീഡിയോകൾ വളരെ ആവേശത്തോടെ ഏറ്റെടുത്തു. സ്പെയിൻ കപ്പടിച്ചതോടെ ഈ ടൂർണമെന്റ് തന്നെ ഈ ചേട്ടനും അനിയനും കൂടി തൂക്കിയെന്ന് പറയാം.
ലോകകപ്പ് വിജയശേഷം കപ്പുമായി നിൽക്കുന്ന കെയ്ൻ യമാലിന്റെയും ലാമിൻ യമാലിന്റെയും ചിത്രങ്ങളും ഇതിനകം സോഷ്യൽ മീഡിയിൽ വൈറലാണ്. എന്നാൽ ഇതോടൊപ്പം തന്നെ മറ്റ് ചില ചോദ്യങ്ങളും ഉയരുന്നുണ്ട്. ഇന്ത്യൻ ഫുട്ബോളിന്റെ ഭാവി വാഗ്ദാനമായി വളർന്നുവരുന്ന ഒരുപറ്റം കുട്ടികൾ രണ്ട് ദിവസം മുമ്പ് അഭിമാനാർഹമായ ഒരു നേട്ടം കൈവരിച്ചിരുന്നു. പക്ഷേ അവരിൽ ആർക്കെങ്കിലും മാന്യമായൊരു അനുമോദനമോ അഭിനന്ദനമോ ലഭിച്ചോ എന്നതാണ് പ്രധാന ചോദ്യം.
Also Read: കിരീടം പോയതിന് പിന്നാലെ അർജന്റീനയിൽ കലാപം; കണ്ണീർവാതകവും ജലപീരങ്കിയും പ്രയോഗിച്ച് പൊലീസ്
സ്വീഡനിൽ നടന്ന ലോകപ്രശസ്തമായ ഗോഥിയ കപ്പ് (Gothia Cup / World Youth Cup) അണ്ടർ-12 വിഭാഗത്തിൽ ചണ്ഡീഗഡ് ആസ്ഥാനമായുള്ള മിനർവ അക്കാദമി എഫ്.സി കുട്ടികൾ കിരീടം ചൂടിയിരുന്നു. ആവേശകരമായ ഫൈനൽ മത്സരത്തിൽ ബ്രസീലിയൻ ക്ലബ്ബായ RS സ്പോർട്സ് യെല്ലോയെ 2-1 എന്ന സ്കോറിന് പരാജയപ്പെടുത്തിയായിരുന്നു ഇന്ത്യൻ കുട്ടികളുടെ കിരീട ധാരണം.
എന്നാൽ ഈ കുട്ടികളുടെ വിജയം സോഷ്യൽ മീഡിയിൽ കാര്യമായി ചർച്ച ചെയ്യപ്പെടുകയോ കൊണ്ടാടപ്പെടുകയോ ചെയ്തില്ല. ലാമിൻ യമാലിന്റെ അനിയന്റെ വിശേഷങ്ങൾ പങ്കുവച്ചവരിൽ, ആസ്വദിച്ചവരിൽ എത്രപേർ ഇന്ത്യക്കാരായ കുട്ടികളുടെ ഈ ലോകകിരീട നേട്ടം അറിയുകയോ, അവരെ അഭിനന്ദിക്കുകയോ ചെയ്തു എന്നതാണ് ഉയരുന്ന ചോദ്യം. മറ്റ് രാജ്യങ്ങളിലെ ഫുട്ബോൾ താരങ്ങൾക്ക് നൽകുന്ന അത്രയും നൽകിയില്ലെങ്കിൽപ്പോലും അർഹിക്കുന്ന പരിഗണന ഈ ഇന്ത്യൻ ടീമിനും നൽകണം എന്ന് ചിലർ ചൂണ്ടിക്കാട്ടുന്നുണ്ട്.
ലോകത്തെമ്പാടുമുള്ള വൻകിട അക്കാദമികളെയും യൂറോപ്യൻ-ലാറ്റിനമേരിക്കൻ ടീമുകളെയും പരാജയപ്പെടുത്തി തുടർച്ചയായി ഇത് രണ്ടാം വട്ടമാണ് മിനർവ അക്കാദമി കുട്ടികൾ കപ്പുയർത്തിയിരിക്കുന്നത്. മാത്രമല്ല, ഫെൻലാൻഡിൽ നടന്ന ഹെൽസിങ്കി കപ്പ് കിരീടം നേടി ദിവസങ്ങൾക്കുള്ളിലാണ് മിനർവ അക്കാദമിയുടെ ഈ രണ്ടാമത്തെ വൻ അന്താരാഷ്ട്ര കിരീട നേട്ടം എന്നതും ശ്രദ്ധേയമാണ്.
ഇപ്പോൾ ലോകകപ്പ് കളിക്കുന്നില്ലെങ്കിലും ഭാവിയിൽ ഇന്ത്യയെ ലോകകപ്പിലേക്ക് നയിക്കാൻ കെൽപ്പുള്ള ഒരു തലമുറ വളർന്നുവരുന്നു എന്നതിന്റെ പ്രതീക്ഷയാണ് ഈ രാജ്യാന്തര വിജയങ്ങൾ, അതും ഫുട്ബോളിലെ വൻ ശക്തികളായ രാജ്യങ്ങളിലെ കുട്ടികളെ പരാജയപ്പെടുത്തിയുള്ള വിജയങ്ങൾ. ഇന്ത്യൻ ഫുട്ബോളിലെ അധികൃതരും ഫുട്ബോൾ ആരാധകരും ഈ കുട്ടികൾക്ക് കൂടുതൽ പ്രോത്സാഹനങ്ങളും പരിഗണനയും നൽകേണ്ടത് ആവശ്യമാണ് എന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
English Summary
The Chandigarh-based Minerva Academy FC won the Under-12 category of the world-famous Gothia Cup / World Youth Cup held in Sweden. But there is criticism that they did not get the attention and praise they deserve. It is alleged that while even Lamine Yamal’s brother is being celebrated here in connection with the FIFA World Cup, Indian players are being ignored.