Argentina Team To Kerala : കേരളത്തിലേക്കില്ല, മെസിയും സംഘവും പോകുന്നത് ചൈനയിലേക്ക്; കാരണം സ്പോൺസർമാർ കരാർ തുക അടച്ചില്ല
Lionel Messi And Argentina Team to Kerala : ഈ വർഷം ഒക്ടോബറിൽ ലയണൽ മെസിയും സംഘവും കേരളത്തിലേക്കെത്തുമെന്നായിരുന്നു സംസ്ഥാന കായിക വകുപ്പ് മന്ത്രി അറിയിച്ചിരുന്നത്.

Lionel Messi
തിരുവനന്തപുരം : ലോകകപ്പ് ജേതാക്കളായ അർജൻ്റീന ടീം കേരളത്തിലേക്ക് വരില്ലയെന്ന് ഉറപ്പായി. ഒക്ടോബറിൽ കേരളത്തിൽ എത്തുമെന്ന് സംസ്ഥാന കായിക വകുപ്പ് അറിയിച്ചെങ്കിലും ആ സമയം ലയണൽ മെസിയും സംഘവും ചൈനയിൽ പന്ത് തട്ടും. ഇക്കാര്യം സ്ഥിരീകരിച്ച് കൊണ്ടുള്ള ഷെഡ്യൂൾ പുറത്ത് വിട്ടു. അർജൻ്റീന ടീമിനെ കേരളത്തിലേക്ക് എത്തിക്കാനുള്ള സ്പോൺസർമാർ കരാർ തുക അടയ്ക്കാത്തതിനെ തുടർന്നാണ് ടീമിൻ്റെ വരവ് മുടങ്ങിയതെന്ന് മനോരമ ഓൺലൈൻ റിപ്പോർട്ട് ചെയ്യുന്നു. ഇതിനെതിരെ അർജൻ്റൈൻ ഫുട്ബോൾ അസോസിയേഷൻ നിയമനടപടി സ്വീകരിച്ചേക്കുമെന്നും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നുണ്ട്.
രണ്ട് സൗഹൃദ മത്സരങ്ങൾക്കായിട്ടാണ് മെസിയും സംഘവും കേരളത്തിലേക്കെത്തുകയെന്നായിരുന്നു സംസ്ഥാന കായിക വകുപ്പ് നേരത്തെ അറിയിച്ചിരുന്നത്. ഇതിനായി പ്രത്യേകം സ്റ്റേഡിയം സജ്ജീകരിക്കുമെന്ന് കായിക മന്ത്രി അറിയിച്ചിരുന്നു. എന്നാൽ ഈ സമയത്ത് അർജൻ്റീന ടീം ചൈനയിലാകും സൗഹൃദ മത്സരങ്ങൾക്ക് ഇറങ്ങുക. തുടർന്ന് മെസിയും സംഘവും ഖത്തറിലേക്കും ആഫ്രിക്കയിലേക്കും പോകും. നേരത്തെ 2011ലാണ് അർജൻ്റീന ടീം ഏറ്റവും അവസാനമായി ഇന്ത്യയിലെത്തിയത്. കൊൽക്കത്തയിലെ സോൾട്ട്ലേക്ക് സ്റ്റേഡിയത്തിൽ വെച്ച് നടന്ന സൗഹൃദ മത്സരങ്ങത്തിൽ വെനിസ്വേലയെയാണ് ലോകകപ്പ് ജേതാക്കൾ അന്ന് നേരിട്ടത്.
ALSO READ : IPL 2025: രാജ്യം അവിടെ നിൽക്കട്ടെ, ഐപിഎലാണ് പ്രധാനം; വിൻഡീസ് താരങ്ങൾക്ക് സീസൺ അവസാനം വരെ കളിക്കാൻ അനുമതി
ഖത്തർ ലോകകപ്പിൽ കേരളത്തിൽ നിന്നും ലഭിച്ച പിന്തുണയ്ക്ക് അർജൻ്റീന ഫുട്ബോൾ ടീം നന്ദി അറിയിച്ചിരുന്നു. തുടർന്നാണ് ലോകകപ്പ് ജേതാക്കളായ മെസിയെയും സംഘത്തെയും കേരളത്തിലേക്കെത്തിക്കാനുള്ള ശ്രമം സംസ്ഥാന കായിക വകുപ്പ് തുടങ്ങിയത്. എന്നാൽ അർജൻ്റീനയെ കേരളത്തിലേക്ക് എത്തിക്കുന്ന പണം കൊണ്ട് സംസ്ഥാനത്തെ കായിക മേഖലയുടെ അടിസ്ഥാന വികസനത്തിന് ചിലവഴിക്കു എന്നായിരുന്നു നിരവധി പേർ വിമർശനം ഉന്നയിച്ചത്.