Virat Kohli: പെട്ടെന്ന് വിക്കറ്റെടുക്കാനുള്ള സാധ്യത ഉള്ളതിനാൽ സ്റ്റാർക്കിന് കോലിക്കെതിരെ പന്തെറിയാൻ ഇഷ്ടമായിരുന്നു: അലിസ ഹീലി
Mitchell Starc Loved To Bowl Against Virat Kohli: വിക്കറ്റിനുള്ള സാധ്യത കൂടുതലായതിനാൽ വിരാട് കോലിക്കെതിരെ പന്തെറിയാൻ മിച്ചൽ സ്റ്റാർക്ക് ഇഷ്ടപ്പെട്ടിരുന്നു എന്നെ വെളിപ്പെടുത്തലുമായി അലിസ ഹീലി. അത് കോലിയുടെ കളിശൈലിയാണെന്നും ഹീലി പറഞ്ഞു.
വിരാട് കോലിക്കെതിരെ പന്തെറിയാൻ മിച്ചൽ സ്റ്റാർക്കിന് ഇഷ്ടമായിരുന്നു എന്ന് സ്റ്റാർക്കിൻ്റെ ഭാര്യയും ഓസ്ട്രേലിയ വനിതാ ക്രിക്കറ്റ് ടീം ക്യാപ്റ്റനുമായ അലിസ ഹീലി. ഓഫ് സ്റ്റമ്പിന് പുറത്തുവരുന്ന പന്തുകളിൽ ബാറ്റ് വെക്കുന്നത് കൊണ്ട് കോലിയുടെ വിക്കറ്റ് വീഴാൻ സാധ്യത കൂടുതലായിരുന്നു. അതായിരുന്നു സ്റ്റാർക്കിൻ്റെ താത്പര്യത്തിന് കാരണമെന്നും ഹീലി പറഞ്ഞു.
“ശരിക്കും പറഞ്ഞാൽ, സ്റ്റാർക്കിന് കോലിക്കെതിരെ പന്തെറിയാൻ ഇഷ്ടമായിരുന്നു. കാരണം, ഓഫ് സ്റ്റമ്പിന് പുറത്ത് പന്തെറിഞ്ഞാൽ മതി. ആ പന്തിൽ കോലി ബാറ്റ് വെക്കാൻ കോലി ഇഷ്ടപ്പെട്ടിരുന്നു. എല്ലാവരും പറയുമായിരുന്നു, കോലിക്ക് ഓഫ് സ്റ്റമ്പിന് പുറത്തുവരുന്ന പന്തുകളിൽ ഇങ്ങനെയൊരു സാങ്കേതികപ്രശ്നമുണ്ടെന്ന്. അതെ. കാരണം, അദ്ദേഹം പന്ത് കളിക്കാനാണ് ശ്രമിച്ചിരുന്നത്. തൻ്റെ കരിയറിൽ മുഴുവൻ അദ്ദേഹം അങ്ങനെയായിരുന്നു. ആ പന്തുകൾ ഡ്രൈവ് ചെയ്യാനുള്ള ധൈര്യമുണ്ടായിരുന്നു. അങ്ങനെ വരുമ്പോൾ ചിലപ്പോഴൊക്കെ വിക്കറ്റ് പോകും. പക്ഷേ, കൃത്യമായി കളിക്കാനായാൽ കൗണ്ടർ അറ്റാക്ക് ചെയ്യാനും കഴിയും. അത് ബൗളർമാർക്ക് സമ്മർദ്ദമുണ്ടാക്കും.”- ഹീലി പറഞ്ഞു.
Also Read: IPL 2025: “പോ പോ, ദൂരെപ്പോ”; വിമാനത്താവളത്തിൽ വച്ച് വ്ലോഗറെ തുരത്തി മിച്ചൽ സ്റ്റാർക്ക്
ഈ മാസം 12നാണ് കോലി ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിച്ചത്. രോഹിത് ശർമ്മയുടെ വിരമിക്കൽ പ്രഖ്യാപനത്തിന് പിന്നാലെയാണ് കോലിയും റെഡ് ബോൾ ക്രിക്കറ്റ് മതിയാക്കുന്നതായി പ്രഖ്യാപിച്ചത്. ഇന്ത്യക്കായി 123 ടെസ്റ്റുകളിൽ കോലി കളിച്ചിട്ടുണ്ട്.