Lionel Messi: മെസ്സിക്കൊപ്പം ഫോട്ടോ എടുക്കാം, അവസരം നൂറ് പേർക്ക്; ആരാധകർക്ക് ഇനി എന്തു വേണം!
Lionel Messi GOAT India Tour 2025: ഗോട്ട് ടൂര്‍ ഓഫ് ഇന്ത്യ-2025' ഭാഗമായി കൊല്‍ക്കത്തയിലെത്തുന്ന അദ്ദേഹം ഹൈദരാബാദ്, മുംബൈ, ഡല്‍ഹി നഗരങ്ങള്‍ സന്ദര്‍ശിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തിയ ശേഷം ഡിസംബര്‍ 15 ന് ഡല്‍ഹിയില്‍ നിന്ന് മടങ്ങും.
ഫുട്ബോൾ ഇതിഹാസം ലയണൽ മെസി നാളെ ഇന്ത്യയിലെത്തും. ലൂയിസ് സുവാരസും റോഡ്രിഗോ ഡി പോളും മെസ്സിക്കൊപ്പമെത്തും. ‘ഗോട്ട് ടൂര്‍ ഓഫ് ഇന്ത്യ-2025’ ഭാഗമായി കൊല്‍ക്കത്തയിലെത്തുന്ന അദ്ദേഹം ഹൈദരാബാദ്, മുംബൈ, ഡല്‍ഹി നഗരങ്ങള്‍ സന്ദര്‍ശിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തിയ ശേഷം ഡിസംബര്‍ 15 ന് ഡല്‍ഹിയില്‍ നിന്ന് മടങ്ങും.
13ന് കൊൽക്കത്തയിൽ രാവിലെ 9:30 മുതൽ പരിപാടികൾക്ക് ഔദ്യോഗികമായി തുടക്കമാകും. ശേഷം ഉച്ചയ്ക്ക് 2 മണിക്ക് ഹൈദരാബാദിലേക്ക് പോകും. ഹൈദരാബാദിലെ രാജീവ് ഗാന്ധി അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ നടക്കുന്ന 7v7 ഫുട്ബോൾ മത്സരത്തിലും താരം പങ്കെടുക്കുന്നതാണ്. വൈകുന്നേരം ഒരു സംഗീത പരിപാടിയും ഉണ്ടായിരിക്കും.
ശനിയാഴ്ച വൈകുന്നേരം ഏഴ് മണിയോടെ ഉപ്പല്‍ സ്റ്റേഡിയത്തില്‍ മൂന്ന് മണിക്കൂര്‍ നീളുന്ന പരിപാടികളിലും മെസിയും കൂട്ടരും പങ്കെടുക്കും. സ്റ്റേഡിയത്തിൽ പ്രവേശിക്കുന്നതിനുള്ള ടിക്കറ്റുകളും ഡിസ്ട്രിക് ആപ്പ് വഴി ലഭ്യമാണ്. 20 മിനിറ്റ് പ്രദര്‍ശന മത്സരത്തോടെ സ്റ്റേഡിയം ഇവന്റ് ആരംഭിക്കും. സിംഗരേണി ആര്‍ആര്‍-9 ഉം അപര്‍ണ മെസ്സി ഓള്‍ സ്റ്റാര്‍സും തമ്മിലാണ് മല്‍സരം നടക്കുന്നത്.
മെസിക്കൊപ്പം ഫോട്ടോ
ഹൈദരാബാദിൽ എത്തുന്ന മെസിക്കൊപ്പം ആരാധകർക്ക് ഫോട്ടോ എടുക്കാനുള്ള അവസരവും സംഘാടകർ ഒരുക്കിയിട്ടുണ്ട്. ജിഎസ്‌ടി ഉൾപ്പെടെ ഓരോ ഫോട്ടോയ്ക്കും 9.95 ലക്ഷം രൂപ നൽകേണ്ടിവരുമെന്ന് ‘ദി ഗോട്ട് ടൂർ’ സംഘാടക സമിതിയുടെ ഉപദേഷ്ടാവായ പാർവതി റെഡ്ഡി അറിയിച്ചു. 100 എക്‌സ്‌ക്ലൂസീവ് സ്ലോട്ടുകള്‍ മാത്രമാണ് ലഭ്യമാകുന്നത്. ഫലക്‌നുമ പാലസില്‍ ഇതിനായി മീറ്റ് ആന്റ് ഗ്രീറ്റ് സെഷന്‍ ഉണ്ടാവുന്നതാണ്. ഫോട്ടോ എടുക്കുന്നതിനുള്ള അവസരത്തിനായി ഡിസ്ട്രിക് ആപ്പില്‍ ബുക്കിങ് ആരംഭിച്ചതായും പാര്‍വതി റെഡ്ഡി മാധ്യമങ്ങളെ അറിയിച്ചു.