TV9 CBC 2026: ടിവി9 ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പ് സീസൺ 2ന് ഹൈദരാബാദില്‍ തുടക്കം
TV9 Network Launches CBC Season 2 in Hyderabad: ടിവി9 നെറ്റ്‌വർക്കിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന കോർപ്പറേറ്റ് ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പ് സീസൺ 2 ഹൈദരാബാദിലെ ഗച്ചിബൗളിയിലുള്ള പുല്ലേല ഗോപിചന്ദ് ബാഡ്മിന്റൺ അക്കാദമിയിൽ ആരംഭിച്ചു. മെയ് 17 വരെ മൂന്ന് ദിവസങ്ങളിലായാണ് കോർപ്പറേറ്റ് ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പ് നടക്കുന്നത്.
ഹൈദരാബാദ്: കോർപ്പറേറ്റ് ജീവനക്കാർ ഇനി ബാഡ്മിന്റൺ കോർട്ടിൽ തങ്ങളുടെ കരുത്ത് തെളിയിക്കാൻ ഒരുങ്ങുന്നു. ടിവി9 നെറ്റ്‌വർക്കിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന കോർപ്പറേറ്റ് ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പ് (CBC) സീസൺ 2 ഇന്ന് (2026 മെയ് 15) ഹൈദരാബാദിലെ ഗച്ചിബൗളിയിലുള്ള പുല്ലേല ഗോപിചന്ദ് ബാഡ്മിന്റൺ അക്കാദമിയിൽ ആരംഭിച്ചു. ഇന്ന് മുതൽ മെയ് 17 വരെ മൂന്ന് ദിവസങ്ങളിലായാണ് കോർപ്പറേറ്റ് ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പ് നടക്കുന്നത്. ലോകപ്രശസ്തമായ ഐടി കമ്പനികളും മറ്റ് പ്രമുഖ സ്ഥാപനങ്ങളും ഈ ടൂർണമെന്റിൽ മാറ്റുരയ്ക്കുന്നുണ്ട്. മൈക്രോസോഫ്റ്റ്, ആമസോൺ, ഇന്‍ഫോസിസ് തുടങ്ങിയ മുൻനിര കമ്പനികളുടെ പ്രതിനിധികളാണ് ഇത്തവണ കോർട്ടിലിറങ്ങുന്നത്.
കഴിഞ്ഞ സീസണിൽ ഗൂഗിൾ, ഡെൽ, ഊബർ, മൈ ഹോം, ഐകിയ, ഡിലോയിറ്റ്, ഡോക്ടർ റെഡ്ഡീസ് തുടങ്ങി ഏകദേശം 64-ലധികം ടീമുകൾ പങ്കെടുക്കുകയും ആയിരത്തിലധികം മത്സരങ്ങൾ നടക്കുകയും ചെയ്തിരുന്നു. ഈ വർഷവും കഴിഞ്ഞ തവണത്തെ പോലെ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഇന്ന് രാവിലെ മുതൽ തന്നെ മത്സരങ്ങളിൽ പങ്കെടുക്കാനായി ജീവനക്കാരുടെ വലിയ നിരയാണ് അക്കാദമിയിലേക്ക് എത്തിയത്. ഈ പോരാട്ടത്തിൽ 300-ലധികം താരങ്ങൾ അണിനിരക്കുന്നു.
ഇന്ത്യൻ ബാഡ്മിന്റൺ ഇതിഹാസവും പത്മഭൂഷൺ ജേതാവുമായ പുല്ലേല ഗോപിചന്ദിന്റെ മാർഗനിർദേശപ്രകാരമാണ് ഈ ടൂർണമെന്റ് സംഘടിപ്പിച്ചിരിക്കുന്നത്. അന്താരാഷ്ട്ര മാനദണ്ഡങ്ങൾക്കനുസൃതമായാണ് മത്സരങ്ങൾ സംഘടിപ്പിക്കുന്നത്.

രാജ്യത്തെ തന്നെ ഏറ്റവും പ്രശസ്തമായ ഗോപിചന്ദ് അക്കാദമിയിൽ കളിക്കാൻ അവസരം ലഭിച്ചത് കോർപ്പറേറ്റ് ജീവനക്കാരിൽ വലിയ ആവേശമാണ് ഉണ്ടാക്കിയിരിക്കുന്നത്. സാധാരണയായി എസി മുറികളിലും കമ്പ്യൂട്ടർ സ്ക്രീനുകൾക്ക് മുന്നിലും ജോലി ചെയ്യുന്ന കോർപ്പറേറ്റ് ജീവനക്കാർ ഇനി ബാഡ്മിന്റൺ കോർട്ടിൽ തങ്ങളുടെ കരുത്ത് തെളിയിക്കാൻ ഒരുങ്ങുകയാണ്. ജോലിയിലെ മാനസിക സമ്മർദ്ദത്തിൽ നിന്ന് മോചനം നേടുന്നതിനൊപ്പം കായികസ്നേഹം പ്രകടിപ്പിക്കാനുമുള്ള മികച്ച വേദിയായി ഇത് മാറിയിരിക്കുന്നു.
സമ്മാനത്തുക
മികച്ച സമ്മാനത്തുകയാണ് ടൂര്‍ണമെന്റില്‍ വാഗ്ദാനം ചെയ്തിരിക്കുന്നത്. ഈ ചാമ്പ്യൻഷിപ്പിലെ വിജയികൾക്ക് ട്രോഫികൾക്ക് പുറമെ ആകെ 5 ലക്ഷം രൂപയുടെ സമ്മാനത്തുകയാണ് നൽകുന്നത്. പ്രധാനമായും ടീം ചാമ്പ്യന്‍ഷിപ്പ്, ഓപ്പണ്‍ കാറ്റഗറി എന്നിങ്ങനെ രണ്ട് വിഭാഗങ്ങളിലായാണ് മത്സരങ്ങൾ നടക്കുന്നത്.

ടീം ചാമ്പ്യൻഷിപ്പ്: പുരുഷ ടീം ഇവന്റിൽ രണ്ട് സിംഗിൾസും ഒരു ഡബിൾസ് മത്സരവും ഉണ്ടാകും. ഒരു ടീമിൽ കുറഞ്ഞത് മൂന്ന് പേരും പരമാവധി അഞ്ച് പേരും ഉണ്ടായിരിക്കണം. അംഗങ്ങളെല്ലാം ഒരേ സ്ഥാപനത്തിൽ നിന്നുള്ളവരായിരിക്കണം എന്നത് നിർബന്ധമാണ്.
ഓപ്പൺ കാറ്റഗറി: ഇതിൽ പുരുഷന്മാരുടെ സിംഗിൾസ്, വനിതകളുടെ സിംഗിൾസ്, മിക്സഡ് ഡബിൾസ് എന്നിവ ഉൾപ്പെടുന്നു. ഈ വിഭാഗത്തിൽ വ്യത്യസ്ത കമ്പനികളിൽ നിന്നുള്ളവർക്ക് ഒരുമിച്ച് പങ്കാളികളായി മത്സരിക്കാൻ അവസരമുണ്ട്.
Also Read: Vishnu Vinod: ഒടുവില്‍ വിഷ്ണു വിനോദിനും അവസരം; പഞ്ചാബിന് വേണ്ടി ‘ഇമ്പാക്ടു’ണ്ടാക്കി മലയാളം താരം
ഓഫീസുകളിലും കമ്പ്യൂട്ടർ സ്ക്രീനുകൾക്ക് മുന്നിലും ജോലി സമയം ചെലവഴിക്കുന്ന കോർപ്പറേറ്റ് ജീവനക്കാർക്കുള്ള ഒരു സ്‌പോർട്‌സ് പ്ലാറ്റ്‌ഫോം എന്ന നിലയിലാണ് ഈ പരിപാടി ആസൂത്രണം ചെയ്തിരിക്കുന്നത്. ഈ ടൂർണമെന്റിലൂടെ, പ്രമുഖ കമ്പനികളിൽ നിന്നുള്ള പ്രൊഫഷണലുകൾക്ക് കോർട്ടിൽ അവരുടെ കഴിവുകൾ പ്രകടിപ്പിക്കാനുള്ള അവസരം ലഭിക്കും.
English Summary
TV9 Network has launched Season 2 of the Corporate Badminton Championship at the Gopichand Academy in Hyderabad. The three-day event features over 300 players from global giants like Microsoft, Amazon, and Infosys. Participants are competing for a total prize pool of ₹5 lakh across Team and Open categories. The tournament offers corporate employees a professional platform to relieve stress and showcase their sporting talent.