AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Vishnu Vinod: ഒടുവില്‍ വിഷ്ണു വിനോദിനും അവസരം; പഞ്ചാബിന് വേണ്ടി ‘ഇമ്പാക്ടു’ണ്ടാക്കി മലയാളം താരം

Vishnu Vinod Punjab Kings Debut: പഞ്ചാബ് കിങ്‌സിനായി അരങ്ങേറ്റം കുറിച്ച് വിഷ്ണു വിനോദ്. പഞ്ചാബിനു വേണ്ടി കളിച്ച ആദ്യ മത്സരത്തില്‍ തരക്കേടില്ലാത്ത പ്രകടനം പുറത്തെടുക്കാന്‍ സാധിച്ചു. എട്ട് പന്തില്‍ 15 റണ്‍സുമായി വിഷ്ണു പുറത്താകാതെ നിന്നു. ഒരു ഫോറും സിക്‌സും നേടി.

Vishnu Vinod: ഒടുവില്‍ വിഷ്ണു വിനോദിനും അവസരം; പഞ്ചാബിന് വേണ്ടി ‘ഇമ്പാക്ടു’ണ്ടാക്കി മലയാളം താരം
വിഷ്ണു വിനോദ്‌ Image Credit source: PTI
Jayadevan AM
Jayadevan AM | Published: 14 May 2026 | 10:33 PM

PBKS vs MI: ഒടുവില്‍ കാത്തിരിപ്പിന് വിരാമം കുറിച്ച് പഞ്ചാബ് കിങ്‌സിനായി അരങ്ങേറ്റം കുറിച്ച് മലയാളി താരം വിഷ്ണു വിനോദ്. പഞ്ചാബിനു വേണ്ടി കളിച്ച ആദ്യ മത്സരത്തില്‍ തരക്കേടില്ലാത്ത പ്രകടനം പുറത്തെടുക്കാന്‍ വിഷ്ണുവിന് സാധിച്ചു. എട്ട് പന്തില്‍ 15 റണ്‍സുമായി വിഷ്ണു പുറത്താകാതെ നിന്നു. ഒരു ഫോറും സിക്‌സും നേടി. ഇമ്പാക്ട് പ്ലയറായാണ് താരം ക്രീസിലെത്തിയത്. ബാറ്റിങില്‍ കൂട്ടത്തകര്‍ച്ച നേരിട്ട ഘട്ടത്തിലാണ് വിഷ്ണുവിനെ പഞ്ചാബ് കളത്തിലിറക്കിയത്. വിഷ്ണു ഇമ്പാക്ട് പ്ലയറായി എത്തിയപ്പോള്‍ ഓപ്പണറും വിക്കറ്റ് കീപ്പറുമായ പ്രഭ്‌സിമ്രാന്‍ സിങിനെ പിന്‍വലിച്ചു. ഇതോടെ, വിക്കറ്റ് കീപ്പറായി കളിക്കാനുള്ള അവസരം കൂടി വിഷ്ണുവിന് ലഭിച്ചു.

പ്രഭ്‌സിമ്രാന്‍ ഒഴികെയുള്ള ടോപ് ഓര്‍ഡര്‍ ബാറ്റര്‍മാരും, മധ്യനിരയും പൂര്‍ണമായും പരാജയപ്പെട്ടതോടെ വിഷ്ണു കളിക്കുമെന്ന് ഉറപ്പായിരുന്നു. വിഷ്ണുവിനെ ഇമ്പാക്ട് പ്ലയറായി കളിപ്പിക്കാനുള്ള പഞ്ചാബിന്റെ തീരുമാനം പിഴച്ചില്ല. അസ്മത്തുല്ല ഒമര്‍സായിയുമായി 26 റണ്‍സിന്റെയും, സേവിയര്‍ ബാര്‍ട്ട്‌ലെറ്റുമായി 34 റണ്‍സിന്റെയും പാര്‍ട്ണര്‍ഷിപ്പുണ്ടാക്കാന്‍ വിഷ്ണുവിന് സാധിച്ചു.

വിഷ്ണു നേടിയ സിക്‌സ്‌

പഞ്ചാബിന്റെ കൂട്ടത്തകര്‍ച്ച

ഓപ്പണര്‍മാരായ പ്രിയാന്‍ഷ് ആര്യയും (17 പന്തില്‍ 22), പ്രഭ്‌സിമ്രാനും ഭേദപ്പെട്ട തുടക്കമാണ് പഞ്ചാബിന് സമ്മാനിച്ചത്. ഓപ്പണിങ് വിക്കറ്റില്‍ പഞ്ചാബ് 50 റണ്‍സ് നേടി. രണ്ടാം വിക്കറ്റില്‍ കൂപ്പര്‍ കോണോലിയുമായും (22 പന്തില്‍ 21) പ്രഭ്‌സിമ്രാന്‍ അര്‍ധ സെഞ്ചുറി കൂട്ടുക്കെട്ട് പിന്നിട്ടു. 32 പന്തില്‍ 57 റണ്‍സ് നേടിയ പ്രഭ്‌സിമ്രാന്‍ പുറത്തായതിന് പിന്നാലെയാണ് പഞ്ചാബിന്റെ കൂട്ടത്തകര്‍ച്ച ആരംഭിച്ചത്.

Also Read: IPL 2026: ‘കടക്ക് പുറത്ത്’ പറയാന്‍ ഫ്രാഞ്ചെസി മാനേജ്‌മെന്റുകള്‍; മൂന്ന് ക്യാപ്റ്റന്‍മാര്‍ തെറിച്ചേക്കും

രണ്ട് വിക്കറ്റിന് 107 എന്ന ഭേദപ്പെട്ട നിലയില്‍ നിന്ന് ഏഴു വിക്കറ്റിന് 140 എന്ന അവസ്ഥയിലേക്ക് പഞ്ചാബ് കൂപ്പുകുത്തിയത്. ക്യാപ്റ്റന്‍ ശ്രേയസ് അയ്യരടക്കം (രണ്ടു പന്തില്‍ നാല്) നിരാശപ്പെടുത്തി. സൂര്യാന്‍ഷ് ഷെഡ്‌ഗെ (അഞ്ച് പന്തില്‍ എട്ട്), ശശാങ്ക് സിങ് (മൂന്ന് പന്തില്‍ രണ്ട്), മാര്‍ക്കോ യാന്‍സണ്‍ (ഏഴു പന്തില്‍ രണ്ട്) എന്നിവര്‍ക്കും കാര്യമായൊന്നും ചെയ്യാനായില്ല. വിഷ്ണു വിനോദിനെ കൂടാതെ ഒമര്‍സായി (17 പന്തില്‍ 38), സേവിയര്‍ ബാര്‍ട്ട്‌ലെറ്റ് (പുറത്താകാതെ ഏഴു പന്തില്‍ 18) എന്നിവരുടെ പ്രകടനമാണ് പഞ്ചാബിന്റെ സ്‌കോര്‍ 200-ലെത്തിച്ചത്.

ആര്‍സിബിയിലൂടെ അരങ്ങേറ്റം

ആഭ്യന്തര ക്രിക്കറ്റില്‍ കേരളത്തിന്റെ മിന്നും താരമായ വിഷ്ണു വിനോദാണ് 2017-ല്‍ ആര്‍സിബിയിലൂടെയാണ് ഐപിഎല്ലില്‍ അരങ്ങേറിയത്. അഗ്രസീവ്‌ ബാറ്റിംഗ് ശൈലിയിലൂടെയും കരുത്തുറ്റ സിക്സറുകളിലൂടെയും ശ്രദ്ധേയനായ വിഷ്ണു പിന്നീട്‌ ഡൽഹി ക്യാപിറ്റൽസ്, സൺറൈസേഴ്‌സ് ഹൈദരാബാദ്, മുംബൈ ഇന്ത്യൻസ് എന്നീ ടീമുകളുടെയും ഭാഗമായി.

ആഭ്യന്തര ക്രിക്കറ്റിലെ മികച്ച ഫോം 2025-ലെ ഐപിഎൽ മെഗാ ലേലത്തിൽ താരത്തിന് വലിയ ഡിമാൻഡ് നേടിക്കൊടുത്തു. 20 ലക്ഷം രൂപ അടിസ്ഥാന വിലയുണ്ടായിരുന്ന വിഷ്ണുവിനായി ലേലത്തിൽ കടുത്ത പോരാട്ടം നടന്നു. ഒടുവിൽ 95 ലക്ഷം രൂപയ്ക്ക് പഞ്ചാബ് കിങ്‌സ് താരത്തെ സ്വന്തമാക്കി. എന്നാല്‍ പഞ്ചാബ് കളിച്ച ആദ്യ 11 മത്സരങ്ങളിലും വിഷ്ണുവിന് അവസരം ലഭിച്ചില്ല. പ്രഭ്‌സിമ്രാന്റെ ബാക്കപ്പായാണ് വിഷ്ണുവിനെ മാനേജ്‌മെന്റ് കണ്ടത്. പ്രഭ്‌സിമ്രാന്‍ താരതമ്യേന മികച്ച പ്രകടനം പുറത്തെടുത്തതും പല മത്സരങ്ങളിലും വിഷ്ണുവിന്റെ വഴിമുടക്കി.

English Summary

Vishnu Vinod finally made his debut for Punjab Kings. Entering as an Impact Player, he remained unbeaten with 15 runs off 8 balls. His quick innings included one four and one six during a batting collapse. Vishnu also took over the wicket-keeping duties after replacing Prabhsimran Singh.

Follow Us