Divya Deshmukh: ചെസ്സ് ബോർഡിലെ എം.എസ്. ധോണി, പത്തൊമ്പതാം വയസിൽ ചരിത്രവിജയം; ആരാണ് ദിവ്യ ദേശ്മുഖ്
Who is Divya Deshmukh: ചെസ് ലോകകപ്പ് നേടുന്ന ആദ്യ ഇന്ത്യക്കാരി, ഗ്രാന്‍ഡ് മാസ്റ്ററാകുന്ന നാലാമത്തെയാൾ തുടങ്ങി ഒട്ടേറെ നേട്ടങ്ങളാണ് ദിവ്യ ഇന്ന് പൊരുതി സ്വന്തമാക്കിയത്.
2022ൽ ഇന്ത്യയുടെ കൊനേരു ഹംപി ഗ്രാൻഡ് മാസ്റ്റർ പദവി നേടുമ്പോൾ ജനിച്ചിട്ടുപോലുമില്ലാത്ത പെൺകുട്ടി, ഇന്ന് അതേ കൊനേരു ഹംപിയെ പരാജയപ്പെടുത്തി വനിത ലോക ചെസ് ചാമ്പ്യൻഷിപ്പിൽ കിരീടം ചൂടിയിരിക്കുന്നു. ചെസ് ലോകകപ്പ് നേടുന്ന ആദ്യ ഇന്ത്യക്കാരി, ഗ്രാന്‍ഡ് മാസ്റ്ററാകുന്ന നാലാമത്തെയാൾ തുടങ്ങി ഒട്ടേറെ നേട്ടങ്ങളാണ് ദിവ്യ ഇന്ന് പൊരുതി സ്വന്തമാക്കിയത്.
ദിവ്യയുടെ ‘ഗ്രാൻഡ്മാസ്റ്റർ’ നേട്ടം വ്യത്യസ്തമാകുന്നത് എങ്ങനെ?
സാധാരണയായി, ചെസ്സ് കളിക്കാർ മൂന്ന് ജിഎം മാനദണ്ഡങ്ങളും 2500 അല്ലെങ്കിൽ അതിൽ കൂടുതൽ FIDE റേറ്റിംഗും നേടുന്നതിലൂടെയാണ് ‘ഗ്രാൻഡ്മാസ്റ്റർ’ പദവി നേടുന്നത്. എന്നിരുന്നാലും, കിരീടം ഉറപ്പിക്കാൻ മറ്റൊരു മാർഗം കൂടിയുണ്ട്. -FIDE വനിതാ ലോകകപ്പ് ഉൾപ്പെടെയുള്ള ഉന്നതതല മത്സരങ്ങളിൽ വിജയം നേടുക, തിങ്കളാഴ്ച ദിവ്യ ദേശ്മുഖ് സ്വന്തമാക്കിയത് ആ നേട്ടമാണ്.
ALSO READ: ചരിത്ര വിജയം, ലോക ചെസ് കിരീടം നേടി ദിവ്യ ദേശ്മുഖ്
ദിവ്യ ദേശ്മുഖിന്റെ ആദ്യകാലം
2005 ഡിസംബർ 9 ന് നാഗ്പൂരിലാണ് ദിവ്യ ദേശ്മുഖിന്റെ ജനനം. ദിവ്യയുടെ മാതാപിതാക്കളായ ജിതേന്ദ്രയും നമ്രത ദേശ്മുഖും ഡോക്ടർമാരായിരുന്നതിനാൽ ദിവ്യയും അതേ വഴി തിരഞ്ഞെടുക്കുമെന്നായിരുന്നു കരുതിയത്. എന്നാൽ ഭവൻസ് ഭഗവാൻദാസ് പുരോഹിത് വിദ്യാ മന്ദിറിലെ വിദ്യാഭ്യാസമാണ് അവളെ ചെസ്സിന്റെ ലോകത്ത് എത്തിച്ചത്.
കരിയർ
2021-ൽ വനിതാ ഗ്രാൻഡ്മാസ്റ്റർ (WGM), തുടർന്ന് ഇന്റർനാഷണൽ മാസ്റ്റർ (IM) എന്നീ കിരീടം. 2022-ൽ വനിതാ ഇന്ത്യൻ ചെസ് ചാമ്പ്യൻഷിപ്പ്, 2023 ലെ ഏഷ്യൻ വനിതാ ചാമ്പ്യൻ, 2024 ലെ അണ്ടർ 20 ലോക ചാമ്പ്യൻ കിരീടങ്ങൾ ദിവ്യ നേടിയതായാണ് റിപ്പോർട്ട്. കൂടാതെ, FIDE വനിതാ ചെസ് ലോകകപ്പിലെ വിജയത്തിന് ശേഷം ഇന്ത്യയിലെ നാലാമത്തെ വനിതാ ഗ്രാൻഡ്മാസ്റ്ററായി ദിവ്യ മാറി. Chess.com പ്രകാരം, ദിവ്യയുടെ ലോക റാങ്കിംഗ് 905 ആണ്.
ചെസിലെ എംഎസ് ധോണി
അവളുടെ ബാല്യകാല പരിശീലകനായ ഇന്റർനാഷണൽ മാസ്റ്റർ ശ്രീനാഥ് നാരായണൻ ദിവ്യയെ മഹേന്ദ്ര സിംഗ് ധോണിയോടാണ് ഉപമിക്കുന്നത്. “അവസാന ഓവറിൽ ധോണി വിജയം നേടുന്നതുപോലെ, പ്രതിസന്ധി ഘട്ടങ്ങളിൽ ഉയർന്നുവരാനുള്ള അസാധാരണമായ കഴിവ് അവൾക്കുണ്ട്, എന്ന് അദ്ദേഹം പിടിഐയോട് പറഞ്ഞു.