Actress Attack Case: 3215 ദിവസത്തെ കാത്തിരിപ്പ്, നീതിക്കായുള്ള പോരാട്ടത്തിൽ ‘ഡബ്ല്യുസിസി’യുടെ പങ്ക്….
Actress Attack Case Verdict, WCC Facebook Post: നടിയെ ആക്രമിച്ച കേസിൽ വിധി പുറത്തുവരാൻ മണിക്കൂറുകൾ മാത്രം ബാക്കിയുള്ളപ്പോൾ ഡബ്ല്യുസിസി പങ്കുവച്ച കുറിപ്പും ചർച്ചയാവുകയാണ്. നീതിക്കായുള്ള 3215 ദിവസത്തെ കാത്തിരിപ്പാണ് അവസാനിക്കാൻ പോകുന്നതെന്ന് കുറിപ്പിൽ പറയുന്നു.
കേരളത്തെയും മലയാള സിനിമയേയും ഒന്നടങ്കം ഞെട്ടിച്ച ക്രൂരതയിൽ വിധി ഇന്ന്. നടൻ ദിലീപ് ഉൾപ്പെടെ പത്ത് പേർ പ്രതികളായ കേസിൽ വിധി വരുമ്പോൾ അവസാനിക്കുന്നത് എട്ട് വർഷത്തെ കാത്തിരിപ്പാണ്. പൾസർ സുനിയുടെയും ദിലീപിന്റെയും അറസ്റ്റും ജാമ്യവും വർഷങ്ങളായി തുടർന്ന വാദവിസ്താരങ്ങളുമെല്ലാം കേരളം ഞെട്ടലോടെയാണ് കണ്ടത്. എന്നാൽ ഈ കലുഷിതമായ അന്തരീക്ഷം സാക്ഷ്യം വഹിച്ചത് ഇന്ത്യൻ സിനിമാ ചരിത്രത്തിലെ തന്നെ സമാനതകളില്ലാത്ത ഒരു വനിതാ കൂട്ടായ്മ പിറവിക്കാണ്.
നടിയെ ആക്രമിച്ച കേസിൽ വിധി പുറത്തുവരാൻ മണിക്കൂറുകൾ മാത്രം ബാക്കിയുള്ളപ്പോൾ ഡബ്ല്യുസിസി പങ്കുവച്ച കുറിപ്പും ചർച്ചയാവുകയാണ്. നീതിക്കായുള്ള 3215 ദിവസത്തെ കാത്തിരിപ്പാണ് അവസാനിക്കാൻ പോകുന്നതെന്നും നടി കാണിച്ച ധൈര്യത്തിനും പ്രതിരോധത്തിനും സമാനതകൾ ഇല്ലെന്നുമാണ് ‘അവൾക്കൊപ്പം’ എന്ന ഹാഷ്ടാഗിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നത്.
അതിജീവിതയുടെ പോരാട്ടത്തിൽ ‘ഡബ്ല്യുസിസി’യുടെ പങ്ക്
2017 ഫെബ്രുവരി 17-ന് കൊച്ചിയിൽ കാറിനുള്ളിൽ പ്രമുഖ നടി അതിക്രൂരമായി ആക്രമിക്കപ്പെട്ടു. തൊട്ടടുത്ത ദിവസം നടിക്ക് നടിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് എറണാകുളം ദർബാർ ഹാൾ ഗ്രൗണ്ടിൽ ഒത്തുകൂടി. അവിടെ വച്ച് ‘ഇതിന് പിന്നിൽ ക്രിമിനൽ ഗൂഢാലോചനയാണ്’, എന്ന മഞ്ജു വാര്യർ പറഞ്ഞ വാക്കുകൾ കേസിന്റ ഗതി മാറ്റി.
അതിജീവിതയോടൊപ്പം എന്ന നിലയിൽ സിനിമാ മേഖലയിലെ സ്ത്രീകൾക്കിടയിൽ ഒരു അനൗപചാരിക വാട്ട്‌സ്ആപ്പ് ഗ്രൂപ്പ് ആയിട്ടാണ് ഡബ്ല്യുസിസി കൂട്ടായ്മ ആരംഭിച്ചത്. പിന്നീട് അതൊരു സംഘടനയായി വളർന്നു.
ALSO READ: നായകന്‍ വില്ലനാകുമോയെന്ന് ഇന്നറിയാം; നടിയെ ആക്രമിച്ച കേസില്‍ വിധിയറിയാന്‍ മണിക്കൂറുകള്‍ മാത്രം
2017 മെയിൽ പത്തോളം വനിതാ ചലച്ചിത്ര പ്രവർത്തകർ മുഖ്യമന്ത്രി പിണറായി വിജയനെ സന്ദർശിച്ചു. സിനിമാ രംഗത്തെ സ്ത്രീകളുടെ പ്രശ്‌നങ്ങൾ പഠിക്കാൻ ഒരു കമ്മിറ്റിയെ നിയോഗിക്കണമെന്ന് ആവശ്യപ്പെടുകയും തുടർന്ന് ജസ്റ്റിസ് ഹേമ കമ്മിറ്റിയെ സർക്കാർ നിയമിക്കുകയും ചെയ്തു.
2017 നവംബർ 1ന് ‘വിമൻ ഇൻ സിനിമ കളക്ടീവ് ഫൗണ്ടേഷൻ’ എന്ന പേരിൽ ഒരു സൊസൈറ്റിയായി രജിസ്റ്റർ ചെയ്തു. നടിമാർ, സംവിധായകർ, എഴുത്തുകാർ, ടെക്നീഷ്യൻസ് തുടങ്ങി സിനിമയുടെ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന സ്ത്രീകൾ സംഘടയിൽ അംഗങ്ങളായി.
അതിജീവിതയ്ക്ക് പൂർണമായ പിന്തുണ നൽകി. കേസിൽ പ്രതിയായ ദിലീപിനെ തിരിച്ചെടുക്കാനുള്ള താരസംഘടനയായ ‘അമ്മ’യുടെ നീക്കത്തെ ശക്തമായി എതിർത്തു.
കൂടാതെ സിനിമാമേഖലയിൽ ആഭ്യന്തര പരാതി പരിഹാര സമിതി (ICC) വേണമെന്ന ആവശ്യം ഉന്നയിച്ചതും ഡബ്ല്യുസിസി ആണ്. ഡബ്ല്യുസിസിയുടെ ഹർജിയെ തുടർന്ന്, 50-ൽ അധികം ജീവനക്കാരുള്ള സിനിമാ നിർമ്മാണ യൂണിറ്റുകളിൽ ഐസിസി രൂപീകരിക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു.
ഡബ്ല്യുസിസിയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്