AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Actress Attack Case Verdict : ആദ്യ ആറു പ്രതികളും കുറ്റക്കാരെന്ന് കോടതി, ദിലീപ് കുറ്റവിമുക്തന്‍

Kerala Actress Assualt Case Verdict Updates: ദിലീപിനെ കുറ്റവിമുക്തനാക്കി. പള്‍സര്‍ സുനിയടക്കമുള്ള ആദ്യ ആറു പ്രതികളും കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. പ്രതികളുടെ ശിക്ഷ 12ന് പ്രഖ്യാപിക്കും

Actress Attack Case Verdict : ആദ്യ ആറു പ്രതികളും കുറ്റക്കാരെന്ന് കോടതി, ദിലീപ് കുറ്റവിമുക്തന്‍
Dileep, Pulsar SuniImage Credit source: Facebook, PTI
jayadevan-am
Jayadevan AM | Updated On: 08 Dec 2025 11:27 AM

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ നടന്‍ ദിലീപിനെ കുറ്റവിമുക്തനാക്കി. പള്‍സര്‍ സുനിയടക്കമുള്ള ആദ്യ ആറു പ്രതികളും കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. പ്രതികളുടെ ശിക്ഷ 12ന് പ്രഖ്യാപിക്കും. വിധിപ്രസ്താവം കേള്‍ക്കാന്‍ ദിലീപ് അടക്കമുള്ള പത്ത് പ്രതികളും കോടതിയില്‍ എത്തിയിരുന്നു. ദിലീപിനെതിരായ ആരോപണങ്ങള്‍ തെളിയിക്കാന്‍ പ്രോസിക്യൂഷന് സാധിച്ചില്ല. എന്നാല്‍ സെഷന്‍സ് കോടതി വിധിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ അപ്പീലിന് പോകാനാണ് സാധ്യത. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി രാവിലെ 11 മണിയോടെയാണ് കേസ് പരിഗണിച്ചത്. പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി ഹണി എം വര്‍ഗീസാണ് വിധി പ്രസ്താവിച്ചത്. കേസിലെ എട്ടാം പ്രതിയായിരുന്നു ദിലീപ്.

2017 ഫെബ്രുവരി 17നാണ് നടി ആക്രമിക്കപ്പെട്ടത്. തൃശൂരില്‍ നിന്ന് കൊച്ചിയിലേക്ക് കാറില്‍ പോകുന്നതിനിടെ അത്താണിക്ക് സമീപത്ത് വച്ച് വാഹനം തടഞ്ഞ് നടിയെ തട്ടിക്കൊണ്ടുപോവുകയും, അക്രമിക്കുകയും ചെയ്‌തെന്നാണ് കേസ്. ഗൂഢാലോചന, തട്ടിക്കൊണ്ടുപോകല്‍, പീഡനശ്രമം, ഭീഷണിപ്പെടുത്തല്‍ തുടങ്ങിയ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയത്.

തുടക്കത്തില്‍ കേസില്‍ ഏഴ് പ്രതികളാണുണ്ടായിരുന്നത്. പിന്നീടാണ് ദിലീപിനെ പ്രതിചേര്‍ത്ത് കുറ്റപത്രം സമര്‍പ്പിച്ചത്. നടിയോടുള്ള വ്യക്തിവൈരാഗ്യം മൂലം അവരെ അക്രമിക്കാന്‍ ദിലീപ് ക്വട്ടേഷന്‍ നല്‍കിയെന്നായിരുന്നു പ്രോസിക്യൂഷന്‍ കേസ്. ജൂലൈ 10ന് അറസ്റ്റിലായ ദിലീപിന് ഒക്ടോബര്‍ മൂന്നിനാണ് ജാമ്യം ലഭിച്ചത്.

പൊലീസ് തന്നെ കള്ളക്കേസില്‍ കുടുക്കിയതാണെന്ന് ആരോപിച്ച് 2018 ജൂണില്‍ ദിലീപ് ഹൈക്കോടതിയില്‍ ഒരു ഹര്‍ജി നല്‍കിയിരുന്നു. കേസ് സിബിഐക്ക് കൈമാറണമെന്നായിരുന്നു നടന്റെ ആവശ്യം. എന്നാല്‍ ഈ ആവശ്യം കോടതി തള്ളി. മഞ്ജു വാര്യരുമായുള്ള വിവാഹ ബന്ധം നിലനില്‍ക്കെ ദിലീപിന് കാവ്യ മാധവനുമായി ബന്ധമുണ്ടായിരുന്നുവെന്ന് മഞ്ജുവിനോട് നടി പറഞ്ഞതിലെ വൈരാഗ്യമാണ് ക്വട്ടേഷനിലേക്ക് നയിച്ചതെന്നായിരുന്നു പ്രോസിക്യൂഷന്റെ വാദം. എന്നാല്‍ ഈ വാദങ്ങള്‍ തെളിയിക്കാന്‍ പ്രോസിക്യൂഷന് സാധിച്ചില്ല.

കേസിലെ പ്രതികള്‍

  • ഒന്നാം പ്രതി: പള്‍സര്‍ സുനി (സുനില്‍ എന്‍എസ്)
  • രണ്ടാം പ്രതി: മാര്‍ട്ടിന്‍ ആന്റണി
  • മൂന്നാം പ്രതി: തമ്മനം മണി (ബി മണികണ്ഠന്‍)
  • നാലാം പ്രതി: വിപി വിജീഷ്
  • അഞ്ചാം പ്രതി: വടിവാള്‍ സലിം (എച്ച് സലിം )
  • ആറാം പ്രതി: പ്രദീപ്
  • ഏഴാം പ്രതി: ചാര്‍ലി തോമസ്
  • എട്ടാം പ്രതി: ദിലീപ് (പി ഗോപാലകൃഷ്ണന്‍)
  • ഒമ്പതാം പ്രതി: മേസ്തിരി സനല്‍ (സനില്‍കുമാര്‍)
  • പത്താം പ്രതി: ശരത് ജി നായര്‍

പ്രോസിക്യൂഷന്റെ വാദം

  1. നടിയെ തട്ടിക്കൊണ്ടുപോകാന്‍ പദ്ധതി തയ്യാറാക്കിയതും, അതിക്രമം നടത്തിയതും ഒന്നാം പ്രതി പള്‍സര്‍ സുനിയാണ്.
  2. മാര്‍ട്ടിന്‍ ആന്റണിയാണ് നടിയുടെ വാഹനമോടിച്ചിരുന്നത്. ലൊക്കേഷനടക്കമുള്ള വിശദാംശങ്ങള്‍ മറ്റ് പ്രതികള്‍ക്ക് കൈമാറിയത് ഇയാളാണ്.
  3. കൃത്യത്തില്‍ നേരിട്ട് പങ്കെടുത്ത തമ്മനം മണി സുനിയുടെ അടുത്ത സുഹൃത്താണ്.
  4. നാലാം പ്രതി വിജീഷ് മണിയുടെ സുഹൃത്താണ്‌. ഇയാള്‍ക്കും കേസില്‍ നേരിട്ട് പങ്കുണ്ട്.
  5. ഗൂഢാലോചനയിലും ആക്രമണത്തിലും പങ്കെടുത്തയാളാണ് വടിവാള്‍ സലിം.
  6. ആറാം പ്രതി പ്രദീപിനും ഗൂഢാലോചനയില്‍ പങ്കുണ്ടെന്നാണ് കേസ്.
  7. പ്രതികളെ ഒളിവില്‍ കഴിയാന്‍ സഹായിച്ചെന്നായിരുന്നു ചാര്‍ലി തോമസിനെതിരായ ആരോപണം.
  8. എട്ടാം പ്രതിയായ ദിലീപ് ഗൂഢാലോചനയിലെ മുഖ്യസൂത്രധാരനാണെന്നും പ്രോസിക്യൂഷന്‍ ആരോപിച്ചു.
  9. പ്രതികളെ ജയിലില്‍ സഹായിച്ചുവെന്നതായിരുന്നു സനലിനെതിരായ ആരോപണം.
  10. തെളിവ് നശിപ്പിക്കല്‍ അടക്കമുള്ള കുറ്റമാണ് ദിലീപിന്റെ സുഹൃത്തും വ്യവസായിയുമായ ശരതിനെതിരെ ചുമത്തിയത്.

261 സാക്ഷികള്‍

2018ലാണ് വിചാരണ നടപടികള്‍ ആരംഭിച്ചു. പിന്നീട് പല കാരണങ്ങളാല്‍ വിചാരണ നീണ്ടുപോയി. 2020 ജനുവരിയിലാണ് ദിലീപ് അടക്കമുള്ളവര്‍ക്കെതിരെ വിചാരണ കോടതി കുറ്റം ചുമത്തിയത്. 2020 ജനുവരി 30നാണ് സാക്ഷി വിസ്താരം ആരംഭിച്ചത്. 261 സാക്ഷികളെ വിസ്തരിച്ചു. നടന്മാരായ സിദ്ദിഖ്, ഇടവേള ബാബു, നടിമാരായ ഭാമ, ബിന്ദു പണിക്കര്‍ തുടങ്ങിയ സാക്ഷികള്‍ വിചാരണക്കിടെ മൊഴി മാറ്റിയിരുന്നു. 2024 ഡിസംബര്‍ 11നാണ് അന്തിമവാദം തുടങ്ങിയത്. കഴിഞ്ഞ ജനുവരി 23ന് പ്രോസിക്യൂഷന്‍ വാദം പൂര്‍ത്തിയായി. ഏപ്രില്‍ 9ന് പ്രതിഭാഗത്തിന്റെ വാദം പൂര്‍ത്തിയായി.