Ryan Williams: പനാമയെ വിറപ്പിച്ച ഇന്ത്യയുടെ ഹീറോ; ആരാണ് റയാന്‍ വില്യംസ്?
Everything you need to know about Ryan Williams : പനാമയ്‌ക്കെതിരെ ഇന്ത്യയ്ക്ക് ആദ്യ പകുതിയില്‍ ലീഡ് സമ്മാനിച്ചത് റയാന്‍ വില്യംസ് നേടിയ ഗോളായിരുന്നു. താരത്തിന്റെ വരവ് ഇന്ത്യന്‍ ഫുട്‌ബോളിന് കരുത്ത് സമ്മാനിച്ചു. ഓസ്‌ട്രേലിയയില്‍ ജനിച്ച റയാന്‍ വില്യംസിനെക്കുറിച്ച് അറിയേണ്ടതെല്ലാം.

Ryan Williams
ഫിഫ റാങ്കിങ്ങില്‍ 44-ാമതുള്ള പനാമയെ, വെറും 138-ാം സ്ഥാനത്തുള്ള ഇന്ത്യ സമനിലയില്‍ കുരുക്കിയതിന്റെ ആവേശത്തിലാണ് രാജ്യത്തെ കാല്‍പന്ത് പ്രേമികള്‍. 1-1നാണ് മത്സരം സമനിലയില്‍ കലാശിച്ചത്. ബെംഗളൂരു ശ്രീ കണ്ഠീരവ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 41-ാം മിനിറ്റില്‍ മുന്നേറ്റതാരം റയാന്‍ വില്യംസിലൂടെ ആതിഥേയരാണ് ആദ്യം ലീഡെടുത്തത്. എന്നാല്‍ രണ്ടാം പകുതിയില്‍ തിരിച്ചടിച്ച പനാമ മത്സരം സമനിലയിലെത്തിച്ചു. അടുത്തിടെ സമാപിച്ച ഫിഫ ലോകകപ്പിലടക്കം കളിച്ച പനാമയെ പോലൊരു ടീമിനെ സമനിലയില്‍ തളയ്ക്കാനായത് ശുഭപ്രതീക്ഷയായാണ് ഇന്ത്യന്‍ ഫുട്‌ബോള്‍ ആരാധകര്‍ കാണുന്നത്. അടുത്ത കാലത്തൊന്നും ഇന്ത്യ ഇത്ര നന്നായി ഫുട്‌ബോള്‍ കളിച്ചത് ആരാധകരുടെ ഓര്‍മ്മയിലില്ല. റയാന്‍ വില്യംസിന്റെ വരവാണ് ഇന്ത്യന്‍ ഫുട്‌ബോളിന് പുത്തനുണര്‍വ് നല്‍കിയത്.
ആരാണ് റയാന്‍ വില്യംസ്?
നിലവില്‍ 32 വയസുള്ള താരത്തിന്റെ ജനനം ഓസ്‌ട്രേലിയയിലായിരുന്നു. അമ്മ വഴിയാണ് റയാന് ഇന്ത്യയുമായി ബന്ധമുള്ളത്. റയാന്റെ അമ്മ ഓട്രി മുംബൈ ആംഗ്ലോ-ഇന്ത്യന്‍ കുടുംബത്തില്‍ നിന്നുള്ളതാണ്. റയാന്റെ മുത്തച്ഛന്‍ ലിങ്കണ്‍ ഗ്രോസ്‌റ്റേറ്റ് 1950-കളില്‍ ബോംബെ ടീമിനായി സന്തോഷ് ട്രോഫിയില്‍ കളിച്ചിട്ടുണ്ട്. താരത്തിന്റെ പിതാവ് എറിക് വില്യംസ് ഓസ്‌ട്രേലിയയിലും തെക്കുകിഴക്കൻ ഏഷ്യയിലുടനീളമുള്ള വിവിധ ക്ലബ്ബുകളെ പരിശീലിപ്പിച്ചിട്ടുള്ള ഒരു ഫുട്‌ബോൾ മാനേജരാണ്.
ഇംഗ്ലീഷ് ക്ലബുകളായ ഫുള്‍ഹാം, ബാര്‍ണ്‍സ്ലി, റോഥര്‍ഹാം യുണൈറ്റഡ്, ഓക്‌സ്‌ഫോര്‍ഡ് യുണൈറ്റഡ് തുടങ്ങിയവയ്ക്കായി കളിച്ചിട്ടുള്ള താരമാണ് റയാന്‍. ഓസ്‌ട്രേലിയയുടെ അണ്ടര്‍ 20, 23 ടീമുകളെയും പ്രതിനിധീകരിച്ചു. 2019 ജൂൺ 7-ന് ദക്ഷിണ കൊറിയയ്‌ക്കെതിരെ നടന്ന സൗഹൃദ മത്സരത്തിനുള്ള ഓസ്‌ട്രേലിയൻ സീനിയർ ടീമിലും ഇടം നേടി. എ ലീഗില്‍ പെര്‍ത്ത് ഗ്ലോറിക്കായും കളിച്ചു.
ബെംഗളൂരു എഫ്‌സിയിലേക്ക്
2023-ലാണ് റയാന്‍ ഇന്ത്യന്‍ സൂപ്പര്‍ ലീഗ് (ഐഎസ്എല്‍) ക്ലബായ ബെംഗളൂരു എഫ്‌സിയിലേക്ക് എത്തുന്നത്. തുടര്‍ന്ന് ഇന്ത്യന്‍ ഫുട്‌ബോള്‍ പ്രേമികള്‍ക്ക് താരം സുപരിചിതനായി. പിന്നീട് ഇന്ത്യയ്ക്കായി കളിക്കുന്നതിനുള്ള അവസരം താരത്തെ തേടിയെത്തുകയായിരുന്നു. എന്നാല്‍ ഇരട്ട പൗരത്വം ഇന്ത്യയില്‍ അനുവദനീയമല്ലാത്തതിനാല്‍ അദ്ദേഹം ഓസ്‌ട്രേലിയന്‍ പൗരത്വം ഉപേക്ഷിച്ചു.
2025 നവംബറിൽ വില്യംസ് ഇന്ത്യൻ പൗരത്വം സ്വീകരിച്ചു. 2025 നവംബർ 18-ന് ‘ഫുട്ബോൾ ഓസ്‌ട്രേലിയ’ അദ്ദേഹത്തിന് ‘നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ്’ (എന്‍ഒസി) നൽകി. ഇന്ത്യയ്ക്കായി കളിക്കാനുള്ള അദ്ദേഹത്തിന്റെ അപേക്ഷ 2025 നവംബർ 19-ന് ഫിഫ അംഗീകരിച്ചു. ഹോങ്കോങിനെതിരായ ഏഷ്യാ കപ്പ് യോഗ്യതാ മത്സരത്തിലായിരുന്നു ഇന്ത്യയ്ക്ക് വേണ്ടി താരം അരങ്ങേറിയത്. കളത്തിലിറങ്ങി ആദ്യ ടച്ചില്‍ തന്നെ റയാന്‍ ഗോളടിച്ചു. റയാന്റെ വരവ് ഇന്ത്യന്‍ ഫുട്‌ബോളിന് പുതുപ്രതീക്ഷകളാണ് സമ്മാനിക്കുന്നത്.
English Summary
Ryan Williams is a professional footballer who plays as winger for Indian football team. He gave up his Australian citizenship to represent India through his mother’s heritage. He scored a goal for India in the FIFA friendly against Panama. Let us look at who he is and how he made it to the Indian team.