LibrePods: എയർപോഡ് എക്സ്പീരിയൻസ് ഇനി ആൻഡ്രോയ്ഡിലും; നിർണായക കണ്ടുപിടുത്തവുമായി 15 വയസുകാരൻ
LibrePods By 15 Year Old: ആപ്പിൾ ഇയർപോഡ്സിൻ്റെ എല്ലാ ഫീച്ചറുകളും ഇനി ആൻഡ്രോയ്ഡിലും ഉപയോഗിക്കാം. 15 വയസുകാരനായ ഗുഡ്ഗാവ് സ്വദേശിയാണ് കണ്ടുപിടുത്തത്തിന് പിന്നിൽ.
ആപ്പിൾ എയർപോഡ്സ് എക്സ്പീരിയൻസ് ആൻഡ്രോയ്ഡിലും ലഭിക്കുമെന്ന അവകാശവാദവുമായി ഡെവലപ്പർ. ഗുഡ്ഗാവ് സ്വദേശിയായ 15 വയസുകാരൻ ഡെവലപ്പർ കാവിഷ് ദേവാറാണ് ലിബ്രെപോഡ്സ് എന്ന പേരിൽ ആപ്പുമായി രംഗത്തുവന്നത്. ഓപ്പൺ സോഴ്സ് പ്രൊജക്ടായ ഇത് ആൻഡ്രോയ്ഡിലും ലിനക്സിലും സൗജന്യമായി ഉപയോഗിക്കാനാവും.
ആപ്പിൾ എയർപോഡുകൾ നൽകുന്നത് വളരെ മികച്ച അനുഭവമാണെങ്കിലും ഇത് ഐഒഎസ് ഫോണുകളിൽ മാത്രമേ ഉപയോഗിക്കാൻ കഴിയൂ. ഈ പ്രതിസന്ധിക്ക് ഒരു പരിഹാരമാണ് തൻ്റെ ആപ്പെന്ന് കാവിഷ് പറയുന്നു. ആപ്പിൾ എയർപോഡുകൾക്ക് സമാനമായ ഫീച്ചറുകൾ ആൻഡ്രോയ്ഡ് ഉപഭോക്താക്കൾക്ക് ലിബ്രെപോഡ്സിലൂടെ ലഭിക്കും. നോയിസ് ക്യാൻസലേഷൻ, അഡാപ്റ്റിവ്, ട്രാൻസ്പേരൻസി മോഡുകൾ തിരഞ്ഞെടുക്കാം. പോഡുകളുടെ ബാറ്ററി ശതമാനമറിയാം. ഇയർപോഡുകളുടെ പേര് മാറ്റാം. ഓട്ടോ പ്ലേ, പോസ് ഫീച്ചറുകളും ഈ ആപ്പിലുണ്ട്.
Also Read: PAN Card: പാൻ കാർഡിലെ പേര് തെറ്റിയോ? മിനിറ്റുകൾക്കുള്ളിൽ പരിഹരിക്കാം
ലോംഗ് പ്രസ് കസ്റ്റമൈസേഷൻ, ഹെഡ് ജെസ്ചേഴ്സ് തുടങ്ങി മറ്റ് പല ഫീച്ചറുകളും ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നു. കൈകൊണ്ട് ഫോൺ എടുക്കാതെ തലകൊണ്ട് ആംഗ്യം കാണിച്ച് കോൾ എടുക്കാൻ കഴിയുന്ന ഫീച്ചറാണ് ഹെഡ് ജെസ്ചേഴ്സ്. കോൺവർസേഷണൽ അവേർനസ് ഓപ്ഷനും ഇതിലുണ്ട്. യൂസർ സംസാരിക്കുന്നത് മനസ്സിലാക്കി എയർപോഡ്സിൽ കേൾക്കുന്ന ശബ്ദങ്ങളുടെ ഒച്ച കുറയ്ക്കുന്നതാണ് ഇത്.
എന്നാൽ, ഇത്രയൊക്കെ ഫീച്ചറുകൾ നൽകുന്ന ആപ്പ് ആൻഡ്രോയ്ഡിൽ പൂർണമായി ഉപയോഗിക്കാൻ ഫോൺ റൂട്ട് ചെയ്യണം. റൂട്ട് ചെയ്താൽ ഫോണിൻ്റെ വാറൻ്റി നഷ്ടപ്പെടും. ഒപ്പം സുരക്ഷാപ്രശ്നങ്ങളുമുണ്ടാവാം. ബാങ്കിങ് ആപ്പുകൾ റൂട്ടഡ് ഫോണിൽ പ്രവർത്തിക്കില്ല. റൂട്ട് ചെയ്യാത്ത ഫോണിൽ ലിബ്രെപോഡ്സ് ഉപയോഗിച്ചാൽ ജെസ്ചർ കണ്ട്രോൾ അടക്കമുള്ളവ പ്രവർത്തിക്കില്ല.
ഡെവലപ്പർ പ്ലാറ്റ്ഫോമായ ഗിറ്റ്ഹബിൽ കാവിഷ് ദേവാർ തൻ്റെ ലിബ്രെപോഡ്സിൻ്റെ വിവരങ്ങൾ പങ്കുവച്ചിട്ടുണ്ട്. ആർക്കും സൗജന്യമായി ഈ ആപ്പ് ഡൗൺലോഡ് ചെയ്യാവുന്നതാണ്.