ബിഎസ്എൻഎൽ സാറ്റലൈറ്റ് ഫോൺ ലോഞ്ച് ചെയ്തു; വില വെറും 1.34 ലക്ഷം
BSNL Satellite Phone launched in India: സർക്കാർ ഉടമസ്ഥതയിലുള്ള ടെലിക്കോം കമ്പനിയായ ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് (BSNL) ഇന്ത്യയിൽ സാറ്റലൈറ്റ് ഫോൺ ലോഞ്ച് ചെയ്തു. ഈ ഫോണിന്റെ വില 1,34,166 രൂപ ആണ്. ബാധകമായ എല്ലാ നികുതികളും ഉൾപ്പെടെയുള്ള വില ആണിത്. സാധാരണ മൊബൈൽ സിഗ്നലുകൾ ഒട്ടുമില്ലാത്ത കാടുകളിലോ, മലയോര മേഖലകളിലോ, കടലിലോ വച്ചുപോലും ഉപഗ്രഹ സഹായത്തോടെ വോയ്‌സ് കോളുകളും സന്ദേശങ്ങളും അയക്കാൻ ഇതിലൂടെ സാധിക്കും.
സർക്കാർ ഉടമസ്ഥതയിലുള്ള ടെലിക്കോം കമ്പനിയായ ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് (BSNL) ഇന്ത്യയിൽ സാറ്റലൈറ്റ് ഫോൺ അവതരിപ്പിച്ചു. സെല്ലുലാർ നെറ്റ്‌വർക്ക് കവറേജ് പൂർണ്ണമായും ഇല്ലാത്ത പ്രദേശങ്ങളിൽ കണക്റ്റിവിറ്റി ഉറപ്പാക്കുന്നതിനായി പ്രത്യേകം രൂപകൽപ്പന ചെയ്‌തിരിക്കുന്ന സാറ്റലൈറ്റ് ഫോൺ സേവനവും ബിഎസ്എൻഎൽ ആരംഭിച്ചു. ഇൻമാർസാറ്റ് പോലുള്ള ആഗോള സാറ്റലൈറ്റ് നെറ്റ്‌വർക്ക് ദാതാക്കളുമായി പങ്കാളിത്തത്തോടെ വികസിപ്പിച്ചെടുത്ത ഡെഡിക്കേറ്റഡ് സാറ്റലൈറ്റ് ഹാൻഡ്‌സെറ്റുകൾ ആണ് ഈ സേവനത്തിനായി ഉപയോഗിക്കുന്നത്. “അതിർത്തികൾക്കപ്പുറമുള്ള ആശയവിനിമയം” എന്ന ലക്ഷ്യം മുൻനിർത്തി ആരംഭിച്ച ഈ സാറ്റലൈറ്റ് ഫോൺ സേവനം മൊബൈൽ ടവറുകൾ ലഭ്യമല്ലാത്തതോ പ്രവർത്തനരഹിതമോ ആയ മേഖലകളിൽ നിർണായക ആശയവിനിമയ ബദലായി പ്രവർത്തിക്കുമെന്ന് ബിഎസ്എൻഎൽ പറയുന്നു.
സാറ്റലൈറ്റ് ഫോൺ ഫീച്ചറുകൾ
കഠിനമായ ഔട്ട്ഡോർ സാഹചര്യങ്ങളെ നേരിടാൻ കഴിയും വിധത്തിൽ കരുത്തോടെയാണ് ഈ സാറ്റലൈറ്റ് ഫോൺ നിർമ്മിച്ചിരിക്കുന്നത്. പൊടി, വെള്ളം, വീഴ്ചയുടെ ആഘാതങ്ങൾ എന്നിവയെ പ്രതിരോധിക്കാൻ ഇതിന് സാധിക്കും. കൂടാതെ അപകടഘട്ടങ്ങളിൽ തത്സമയം ലൊക്കേഷൻ വിവരങ്ങൾ കൈമാറാനും സഹായം അഭ്യർത്ഥിക്കാനും പ്രത്യേക എമർജൻസി SOS ബട്ടൺ ഈ ഫോണിൽ നൽകിയിട്ടുണ്ട്.
Also Read: സാംസങ് ആരാധകരേ ശ്രദ്ധിക്കൂ! ഈ 5G ഫോൺ 20000 രൂപയിൽ താഴെ വിലയിൽ വാങ്ങാൻ ഒരു ദിവസം കൂടി ബാക്കി
ശക്തമായ ബാറ്ററി ലൈഫ്
പ്രതികൂല സാഹചര്യങ്ങളിലാകും സാറ്റലൈറ്റ് ഫോൺ കൂടുതലും ഉപയോഗിക്കപ്പെടുക. അതിനാൽത്തന്നെ ശക്തമായ ബാറ്ററി ശേഷി ഇതിനുണ്ട്. വൈദ്യുതി ഇല്ലാത്ത സാഹചര്യങ്ങളിലും ദീർഘനേരം പ്രവർത്തിപ്പിക്കാൻ സാധിക്കുന്ന ശക്തമായ ബാറ്ററി ബാക്കപ്പാണ് ഈ ഫോണിന്റെ പ്രധാന സവിശേഷത. ദുരന്ത മേഖലകളിലും മറ്റും ഇത് ഏറെ പ്രയോജനപ്പെടും.
ഫോൺ ആർക്ക് വേണ്ടി
ഒരു സാധാരണ ഫോൺ ഉപയോഗം മാത്രമുള്ള ആളുകൾക്ക് വേണ്ടിയുള്ളതല്ല ഈ സാറ്റലൈറ്റ് ഫോൺ. അടിയന്തര സാഹചര്യങ്ങളിൽ പ്രവർത്തിക്കുന്ന വിവിധി മേഖലകളിലുള്ളവർക്ക് ആണ് ഇത് ഏറെ പ്രയോജനപ്പെടുക. പ്രത്യേകിച്ച് പ്രകൃതി ദുരന്ത രക്ഷാപ്രവർത്തന ഘട്ടങ്ങളിൽ നിർണായക ആശയവിനിമയങ്ങൾ ഉറപ്പാക്കാൻ ഇത് സഹായിക്കും.
സൈന്യം, അതിർത്തി രക്ഷാസേന പോലുള്ള പ്രതിരോധ-സുരക്ഷാ ഏജൻസികൾ, ദുരന്ത നിവാരണ സേനകൾ (പ്രകൃതിദുരന്ത സമയങ്ങളിൽ സാധാരണ ടവറുകൾ തകരുമ്പോൾ ഉപയോഗിക്കാൻ), ഉൾക്കടലിൽ പോകുന്ന ബോട്ടുകൾ- കപ്പൽ, മറ്റ് സമാന്തര സമുദ്ര സംഘങ്ങൾ, ഖനന മേഖലയിലും വനപ്രദേശങ്ങളിലും ജോലി ചെയ്യുന്നവർ, സാഹസിക സഞ്ചാരികൾ എന്നിവർക്ക് ഈ സാറ്റലൈറ്റ് ഫോൺ ഉപയോഗപ്പെടും.
ഉപയോഗം
സാധാരണ മൊബൈൽ സിഗ്നലുകൾ ഒട്ടുമില്ലാത്ത കാടുകളിലോ, മലയോര മേഖലകളിലോ, കടലിലോ വച്ചുപോലും ഉപഗ്രഹ സഹായത്തോടെ വോയ്‌സ് കോളുകളും സന്ദേശങ്ങളും അയക്കാൻ ഈ പുതിയ ബിഎസ്എൻഎൽ സാറ്റലൈറ്റ് ഫോണിന് സാധിക്കും. എന്നാൽ സങ്കീർണ്ണമായ അടിസ്ഥാന സൗകര്യങ്ങൾ ഇതിൽ ഒരുക്കിയിരിക്കുന്നത് കാരണം ഈ സാറ്റലൈറ്റ് കമ്യൂണിക്കേഷന് സാധാരണ വാണിജ്യ മൊബൈൽ സേവനങ്ങളേക്കാൾ ചെലവ് വളരെ കൂടുതലാണ്.
വിലയും ലഭ്യതയും
ബിഎസ്എൻഎൽ സാറ്റലൈറ്റ് ഫോണിന്റെ വില 1,34,166 രൂപ ആണ്. ബാധകമായ എല്ലാ നികുതികളും ഉൾപ്പെടെയുള്ള വില ആണിത്. ഈ ഫോണിനെക്കുറിച്ചുള്ള കൂടുതൽ ഡീറ്റെയിൽസ് അറിയാൻ താല്പര്യമുള്ളവർക്ക് അടുത്തുള്ള ബി.എസ്.എൻ.എൽ ഓഫീസുകളുമായി ബന്ധപ്പെടാവുന്നതാണെന്ന് അധികൃതർ അറിയിച്ചു. കൂടാതെ ഹെൽപ്പ്‌ലൈനുകൾ (9768866652 പോലുള്ളവ) വഴിയും അന്വേഷണങ്ങൾ നടത്താം.
English Summary
State-owned telecom company Bharat Sanchar Nigam Limited (BSNL) has launched a satellite phone in India. The phone is priced at Rs 1,34,166. This price includes all applicable taxes. It allows voice calls and messages to be sent using satellites even in forests, mountainous areas, and at sea, where there is no regular mobile signal.