Digital Condom: ഇനി ധൈര്യമായി സ്വകാര്യ നിമിഷങ്ങൾ ആസ്വധിക്കാം…; ഡിജിറ്റൽ ‘കോണ്ട’വുമായി ജർമൻ കമ്പനി
Digital Condom For Digital Generation: ഈ ആപ്പ് മൊബൈലിൽ ഡൗൺലോഡ് ചെയ്യുന്നതുവഴി, നമ്മുടെ ഫോണിന്റെ ക്യാമറയും മൈക്രോഫോണും ഹാക്കർമാരിൽനിന്നും ബ്ലോക്ക് ചെയ്യപ്പെടുന്നു. ബ്ലൂടൂത്ത് വഴി മുറിയിലെ എല്ലാ ഇലക്ട്രോണിക് ഉപകരണങ്ങളിലേക്കും ഇത് കണക്ട് ചെയ്യാനും അതുവഴി ആപ്പിന്റെ ഉപയോഗം ഈ ഡിവൈസുകളിലേക്ക് വ്യാപിപ്പിക്കാനും സാധിക്കുന്നു എന്നത് ഇതിൻ്റെ മറ്റൊരു പ്രത്യേകതയാണ്.

ഒളിക്യാമറകൾ പലപ്പോഴും പലരേയും അപകടത്തിൽ ചാടിക്കാറുണ്ട്. പേനയിലും ഫോണിലും കാറിലും ഹോട്ടൽ മുറികളിലും ശുചിമുറികളിലും എന്തിനേറെ പറയുന്നു ബെഡ്‌റൂമിൽ പോലും ഒളിക്യാമറയെ ഭയക്കേണ്ട കാലമാണിത്. നമ്മുടെ ഫോണിലെ ക്യാമറയും മൈക്രോഫോണും ഉപയോഗിച്ച് നാം അറിയാതെ നമ്മുടെ സ്വകാര്യത ചോർത്തപ്പെടുന്നതാണ് പേടിക്കേണ്ട മറ്റൊന്ന്. ഈ പ്രശ്‌നത്തിന് പരിഹാരം കണ്ടെത്തിയെന്ന അവകാശവാദവുമായി എത്തിയിരിക്കുകയാണ് ജെർമൻ ബ്രാൻഡായ ബിൽ ബോയ്.
ഫോണില്ലാതെ നാം ഇന്ന് എവിടെയും പോകാറില്ലെന്നതാണ് സത്യം. നമ്മുടെ ഫോണിലെ ക്യാമറയും മൈക്രോഫോണും ഒക്കെ ഏതെങ്കിലും ഹാക്കർമാർ ചോർത്തുന്നുണ്ടെങ്കിൽ നാം എന്ത് ചെയ്യുമെന്ന് ചിന്തിച്ചിട്ടുണ്ടോ? ഇത്തരം സന്ദർഭങ്ങളിൽ പ്രയോജനപ്പെടുത്താൻ പാകത്തിന്, ഒരു പുതിയ ആപ്പ് പരിചയപ്പെടുത്തുകയാണ് ബിൽ ബോയ്. ഇന്നൊസീൻ ബെർലിൻ എന്ന പരസ്യക്കമ്പനിയുമായി ചേർന്നാണ് ഈ ആപ്പ് അവർ പരിചയപ്പെടുത്തുന്നത്. ക്യാംഡോം (CAMDOM) എന്നാണ് ആപ്പിന്റെ പേര്. ‘ഡിജിറ്റൽ കോണ്ടം ഫോർ ദി ഡിജിറ്റൽ ജനറേഷൻ’ എന്നാണ് ഈ ആപ്പിന്റെ പരസ്യവാചകം.
ശരിക്കും ഡിജിറ്റൽ തലമുറയ്ക്കായി ഒരു ഡിജിറ്റൽ കോണ്ടം തന്നെയാണ് ഇത്. ഈ ആപ്പ് മൊബൈലിൽ ഡൗൺലോഡ് ചെയ്യുന്നതുവഴി, നമ്മുടെ ഫോണിന്റെ ക്യാമറയും മൈക്രോഫോണും ഹാക്കർമാരിൽനിന്നും ബ്ലോക്ക് ചെയ്യപ്പെടുന്നു. ഇത് മനസിലാക്കി അവർ ഈ ആപ്പ് തകർക്കാനോ ഓഫ് ചെയ്യാനോ ശ്രമിച്ചാൽ ഉടൻ തന്നെ അലാറം അടിക്കുന്നു. അതായത്, നിങ്ങളുടെ സമ്മതമില്ലാതെ ഇനി നിങ്ങളുടെ ഫോണിലെ ക്യാമറയും മൈക്രോഫോണും മറ്റൊരാൾക്കും ഉപയോഗിക്കാൻ കഴിയില്ല എന്നതാണ് ഇതിൻ്റെ ലക്ഷ്യം.
ബ്ലൂടൂത്ത് വഴി മുറിയിലെ എല്ലാ ഇലക്ട്രോണിക് ഉപകരണങ്ങളിലേക്കും ഇത് കണക്ട് ചെയ്യാനും അതുവഴി ആപ്പിന്റെ ഉപയോഗം ഈ ഡിവൈസുകളിലേക്ക് വ്യാപിപ്പിക്കാനും സാധിക്കുന്നു എന്നത് ഇതിൻ്റെ മറ്റൊരു പ്രത്യേകതയാണ്. അതായത്, നിങ്ങളുടെ ഫോണിൽ നിന്നുമാത്രമല്ല, ബ്ലൂടൂത്തുമായി ഫോണിലെ ക്യാംഡോം ആപ്പ് ബന്ധിപ്പിച്ചിട്ടുള്ള ഒരു ഉപകരണത്തിൽ നിന്നും അവയിലെ ക്യാമറ ഉപയോഗിക്കാനാവില്ല.
‘മൊബൈൽ ഫോണുകൾ നമ്മുടെ ശരീരത്തിന്റെ ഒരു ഭാഗം പോലെയാണ് ഇന്നത്തെ കാലത്ത് പ്രവർത്തിക്കുന്നത്. സ്വകാര്യചിത്രങ്ങളും വീഡിയോകളുമടക്കം നിരവധി പ്രധാനപ്പെട്ട കാര്യങ്ങൾ നമ്മൾ ഫോണിൽ സൂക്ഷിക്കുന്നു. അതിനാൽ നിങ്ങളുടെ സമ്മതമില്ലാതെ ഫോണിലെ ക്യാമറയും മൈക്രോഫോണും ഉപയോഗിച്ച് ആരെങ്കിലും നിങ്ങളുടെ സ്വകാര്യതയിലേക്ക് കടന്നുകയറാൻ ശ്രമിച്ചാൽ ബ്ലൂടൂത്തിലൂടെ നിങ്ങൾക്കത് തടയാം. അതിനു സഹായിക്കുന്ന ആപ്പാണ് ക്യാംഡോം’, കമ്പനി പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.