Samsung Galaxy S26 Edge: തുടങ്ങിക്കുടുങ്ങി സാംസങ്; ഗാലക്സി എസ്26 സീരീസിൽ നിന്ന് എഡ്ജ് മോഡൽ ഉപേക്ഷിച്ചു എന്ന് റിപ്പോർട്ട്
Galaxy S26 Edge Dropped: സാംസങ് ഗ്യാലക്സി എസ്26 എഡ്ജ് മോഡൽ ഉപേക്ഷിച്ചു. അൾട്ര തിൻ ഫോണുകൾക്ക് ലഭിച്ച മോശം സ്വീകാര്യതയാണ് കാരണം.
ഗ്യാലക്സി എസ്26 സീരീസിൽ നിന്ന് സാംസങ് എഡ്ജ് മോഡൽ ഉപേക്ഷിച്ചു എന്ന് റിപ്പോർട്ട്. ഗ്യാലക്സി എസ്25 സീരീസിലാണ് ഏറ്റവും കനം കുറഞ്ഞ ഫോണെന്ന അവകാശവാദവുമായി എഡ്ജ് മോഡൽ അവതരിപ്പിച്ചത്. എന്നാൽ, ഈ മോഡലിന് പ്രതീക്ഷിച്ചത്ര സ്വീകാര്യത ലഭിച്ചില്ല. ഇതോടെയാണ് എസ്26 സീരീസിൽ നിന്ന് സാംസങ് എഡ്ജ് മോഡൽ ഉപേക്ഷിച്ചത്.
ഐഫോൺ എയറിൻ്റെ എതിരാളിയായാണ് സാംസങ് ഗ്യാലക്സി എസ്25 എഡ്ജ് പുറത്തിറക്കിയത്. എന്നാൽ, ഈ രണ്ട് മോഡലും ആളുകൾ കയ്യൊഴിഞ്ഞു. നേരത്തെ ഐഫോൺ എയറിൻ്റെ നിർമ്മാണം നിർത്തിവച്ചിരുന്നു. വരുന്ന മോഡലുകൾ എയർ ഉണ്ടാവില്ലെന്ന റിപ്പോർട്ടുകളുമുണ്ട്. കനം കുറയുമ്പോൾ ഫോണിൻ്റെ ബാറ്ററിയും ക്യാമറയുമൊക്കെ മോശമാവുമെന്നതിനാൽ ആളുകൾക്ക് അൾട്ര തിൻ ഫോണുകളോട് താത്പര്യമില്ലെന്നാണ് റിപ്പോർട്ടുകൾ.
എസ്26 എഡ്ജ് സാംസങ് പൂർണമായും ഉപേക്ഷിച്ചു എന്നാണ് കൊറിയ എക്കണോമിക് ഡെയിലി റിപ്പോർട്ട് ചെയ്തത്. മുൻ റിപ്പോർട്ടുകൾ പ്രകാരം എസ്26 പ്ലസിന് പകരം എഡ്ജ് അവതരിപ്പിച്ചേക്കുമെന്ന് സൂചനകളുണ്ടായിരുന്നു. എന്നാൽ, ഇപ്പോൾ പുറത്തുവരുന്നതനുസരിച്ച് എഡ്ജ് മോഡൽ എസ്26 സീരീസിലുണ്ടാവില്ല. ബേസ് മോഡലിനൊപ്പം പ്ലസ്, അൾട്ര മോഡലുകളാവും അവതരിപ്പിക്കുക.
എസ്25 എഡ്ജിൻ്റെ ബാറ്ററി വെറും 3900 എംഎഎച്ച് മാത്രമായിരുന്നു. ഇത് വലിയ തിരിച്ചടിയായി. കനം കുറയ്ക്കാൻ ടെലിഫോട്ടോ ക്യാമറ ഒഴിവാക്കിയതും ഗുണം ചെയ്തില്ല. എഡ്ജ് മോഡലിൻ്റെ കാര്യത്തിൽ തുടക്കത്തിലുണ്ടായിരുന്ന ആവേശം പിന്നീട് കുറഞ്ഞുവന്നു എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ഐഫോൺ എയറിന് സംഭവിച്ചതും ഇത് തന്നെയായിരുന്നു. ബാറ്ററി ബാക്കപ്പ്, ക്യാമറ തുടങ്ങിയ ഫീച്ചറുകൾ വളരെ മോശമായതിനാൽ ആദ്യ ഘട്ടത്തിലെ സ്വീകാര്യതയ്ക്ക് ശേഷം എയറിൻ്റെ വില്പന കുത്തനെ ഇടിഞ്ഞു.