Ravi River: പാകിസ്ഥാന്റെ വെള്ളംകുടി മുട്ടും; ഷാപൂര്‍ കണ്ടി അണക്കെട്ട് നിര്‍മാണം അവസാനഘട്ടത്തില്‍
Shahpur Kandi Barrage Update: ഷാപൂര്‍ കണ്ടി അണക്കെട്ടിന്റെ നിര്‍മാണം 2026 മാര്‍ച്ച് 31നകം പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിട്ടിരിക്കുന്നത്. അണക്കെട്ടിലെ വെള്ളം വരള്‍ച്ച ബാധിത പ്രദേശങ്ങളായ കത്വ, സാംബ എന്നിവിടങ്ങളിലേക്ക് തിരിച്ചുവിടുമെന്നും റാണ കൂട്ടിച്ചേര്‍ത്തു.
ന്യൂഡല്‍ഹി: രവി നദിയില്‍ നിന്ന് പാകിസ്ഥാനിലേക്ക് ഒഴുകുന്ന വെള്ളം തടയാനൊരുങ്ങി ഇന്ത്യ. വേനല്‍ക്കാലം അടുത്തുവരുന്നതിനിടെയുള്ള ഇന്ത്യയുടെ നീക്കം പാകിസ്ഥാനില്‍ ജലക്ഷാമം രൂക്ഷമാക്കും. സിന്ധു നദീജല ഉടമ്പടി നിര്‍ത്തലാക്കി പഞ്ചാബ്-ജമ്മു കശ്മീര്‍ അതിര്‍ത്തിയില്‍ ഷാപൂര്‍ കണ്ടി അണക്കെട്ട് നിര്‍മിക്കുകയാണ് രാജ്യം. അണക്കെട്ടിന്റെ നിര്‍മാണം പരിസമാപ്തിയിലേക്ക് എത്തിയിരിക്കുകയാണെന്ന് ജമ്മു കശ്മീര്‍ മന്ത്രി ജാവേദ് അഹമ്മദ് റാണ പറഞ്ഞു.
അണക്കെട്ടിന്റെ നിര്‍മാണം പൂര്‍ത്തിയായാല്‍ രവി നദിയില്‍ നിന്ന് പാകിസ്ഥാനിലേക്ക് പിന്നെ വെള്ളം ഒഴുകില്ല. ഷാപൂര്‍ കണ്ടി അണക്കെട്ടിന്റെ നിര്‍മാണം 2026 മാര്‍ച്ച് 31നകം പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിട്ടിരിക്കുന്നത്. അണക്കെട്ടിലെ വെള്ളം വരള്‍ച്ച ബാധിത പ്രദേശങ്ങളായ കത്വ, സാംബ എന്നിവിടങ്ങളിലേക്ക് തിരിച്ചുവിടുമെന്നും റാണ കൂട്ടിച്ചേര്‍ത്തു.
രവി നദിയില്‍ നിന്നുള്ള അധിക ജലം നിലവില്‍ ഒഴുകുന്നത് പാകിസ്ഥാനിലേക്കാണ്. അണക്കെട്ടിന്റെ വരവോടെ വെള്ളം പഞ്ചാബിലേക്കും കശ്മീരിലേക്കും ഒഴുകും. രവി നദിയില്‍ നിന്നും പാകിസ്ഥാനിലേക്ക് വെള്ളം ഒഴുകുന്നത് തടയാന്‍ 1979ല്‍ ഷാപൂര്‍ കണ്ടി പദ്ധതി വിഭാവനം ചെയ്തു. 1982ല്‍ അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയാണ് അണക്കെട്ടിന് തറക്കല്ലിട്ടത്.
വര്‍ഷങ്ങള്‍ക്ക് മുമ്പേ തറക്കല്ലിട്ടെങ്കിലും പഞ്ചാബ്, ജമ്മു കശ്മീര്‍ സര്‍ക്കാരുകള്‍ തമ്മിലുള്ള ആഭ്യന്തര പ്രശ്‌നങ്ങള്‍ കാരണം നിര്‍മാണം നിര്‍ത്തിവെക്കുകയായിരുന്നു. പിന്നീട് 2008ല്‍ ഇതിനെ ദേശീയ പദ്ധതിയായി പ്രഖ്യാപിച്ചു. 3,394.49 കോടി രൂപ ചെലവിലാണ് നിര്‍മാണം. 2,694.02 കോടി രൂപ പഞ്ചാബും ബാക്കി 700.45 കോടി കേന്ദ്ര സര്‍ക്കാരും സംഭാവന ചെയ്യുന്നു.
55.5 മീറ്റര്‍ ഉയരത്തിലുള്ള അണക്കെട്ടിന് 7.7 കിലോമീറ്റര്‍ നീളമുള്ള ഹൈഡല്‍ ചാനലുമുണ്ട്. പഞ്ചാബിലെ ഏകദേശം 5,000 ഹെക്ടര്‍ ഭൂമിയിലേക്കും ജമ്മു കശ്മീരിലെ കത്വ, സാംബ എന്നിവിടങ്ങളിലായി 32,173 ഹെക്ടര്‍ ഭൂമിയിലേക്കും ഈ പദ്ധതി വഴി ജലം ലഭിക്കുമെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്.
അതേസമയം, 2025 ഏപ്രില്‍ 23ന് പാകിസ്ഥാന്‍ തീവ്രവാദികള്‍ പഹല്‍ഗാമില്‍ നടത്തിയ ആക്രമണത്തെ തുടര്‍ന്നാണ് പാകിസ്ഥാനുമായി ഉണ്ടായിരുന്ന സിന്ധു നദീജല ഉടമ്പടി ഇന്ത്യ മരവിപ്പിച്ചത്. പാകിസ്ഥാനിലെ കൃഷിയുടെ 90 ശതമാനം വരെയും സിന്ധു നദിയെ ആശ്രയിച്ചാണ്. പുതിയ പദ്ധതി കൂടി നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ പാകിസ്ഥാന്‍ പൂര്‍ണമായും വരള്‍ച്ചയിലാകും.