യുക്രെയ്‌നില്‍ കപ്പലിന് നേരെ റഷ്യൻ മിസൈലാക്രമണം: മലയാളിയടക്കം 4 ഇന്ത്യക്കാർ കൊല്ലപ്പെട്ടു
MV Golden Leo Missile Attack: യുക്രെയ്‌നിലെ ഒഡെസ തുറമുഖത്തുനിന്ന് പുറപ്പെട്ട കപ്പലിനുനേരെ ഉണ്ടായ ആക്രമണത്തില്‍ മലയാളിയടക്കം നാലു ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടു. മര്‍ച്ചന്റ് നേവി ജീവനക്കാരനായ കാസര്‍കോട് വെള്ളരിക്കുണ്ട് എകെജി നഗര്‍ സ്വദേശി അഖില്‍ ജോയന്‍ ഉള്‍പ്പെടെയുള്ളവരാണ് മരിച്ചത്. ആകെ 10 പേര്‍ കൊല്ലപ്പെട്ടു.
യുക്രെയ്‌നിലെ ഒഡെസ തുറമുഖത്തുനിന്ന് പുറപ്പെട്ട കപ്പലിനുനേരെ ഉണ്ടായ ആക്രമണത്തില്‍ മലയാളിയടക്കം നാലു ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടു. മര്‍ച്ചന്റ് നേവി ജീവനക്കാരനായ കാസര്‍കോട് വെള്ളരിക്കുണ്ട് എകെജി നഗര്‍ സ്വദേശി അഖില്‍ ജോയന്‍ (26) ഉള്‍പ്പെടെയുള്ളവരാണ് മരിച്ചത്. ജോയന്‍-സാലി ദമ്പതികളുടെ മകനാണ് അഖില്‍. പരിക്കേറ്റ ഒരു ഇന്ത്യക്കാരന്റെ നില ഗുരുതരമാണ്. ആകെ 10 നാവികര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്. ജൂലൈ 19-ന് വൈകുന്നേരമാണ് കപ്പലിന് നേരെ ആക്രമണമുണ്ടായത്. എം.വി ഗോൾഡൻ ലിയോ’ എന്ന കപ്പലിൽ അഞ്ച് ഇന്ത്യക്കാർ ഉൾപ്പെടെ ആകെ 17 ജീവനക്കാരാണ് ആക്രമണ സമയത്ത് ഉണ്ടായിരുന്നത്.
യുക്രെയ്‌നിലെ ഇന്ത്യന്‍ എംബസി സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നുംആവശ്യമായ എല്ലാ സഹായങ്ങളും എത്തിക്കാൻ പരമാവധി ശ്രമിക്കുന്നുണ്ടെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. മരണപ്പെട്ടവരുടെ കുടുംബാംഗങ്ങളെ മന്ത്രാലയം അനുശോചനം അറിയിച്ചു. പരിക്കേറ്റവര്‍ എത്രയും വേഗം സുഖം പ്രാപിക്കട്ടേയെന്നും ആശംസിച്ചു.
അപലപിച്ച് ഇന്ത്യ!
ആക്രമണത്തെ ഇന്ത്യ ശക്തമായി അപലപിച്ചു. വാണിജ്യ കപ്പലുകളെ ലക്ഷ്യമിടുന്നതും സാധാരണക്കാരായ ജീവനക്കാരുടെ ജീവൻ അപകടത്തിലാക്കുന്നതും, കൂടാതെ കപ്പൽ ഗതാഗതത്തിന്റെയും വ്യാപാരത്തിന്റെയും സ്വാതന്ത്ര്യം തടസ്സപ്പെടുത്തുന്നതും അങ്ങേയറ്റം അപലപനീയമാണെന്നും ഒഴിവാക്കേണ്ടതാണെന്നും വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി.
റഷ്യൻ ക്രൂയിസ് മിസൈലുകളാണ് കപ്പലിൽ പതിച്ചതെന്ന് യുക്രൈന്‍ അധികൃതർ പറഞ്ഞു. കരിങ്കടലിൽ ആഴ്ചകളായി തുടരുന്ന സംഘർഷത്തിലെ ഏറ്റവും മാരകമായ ആക്രമണമാണിതെന്ന് അവർ വിശേഷിപ്പിച്ചു.
ഇന്ത്യയിൽ നിന്നും സിറിയയിൽ നിന്നുമുള്ള ജീവനക്കാരുമായി ചോളം കയറ്റിപ്പോവുകയായിരുന്ന ഗോൾഡൻ ലിയോ കപ്പലിലേക്ക് റഷ്യ മൂന്ന് ക്രൂയിസ് മിസൈലുകൾ തൊടുക്കുകയായിരുന്നുവെന്ന് യുക്രൈന്‍ നാവികസേന പറയുന്നു. തുടര്‍ന്ന് കപ്പലിന് തീപിടിച്ചു.
രാത്രി മുഴുവൻ നീണ്ട തിരച്ചിലിനും രക്ഷാപ്രവർത്തനങ്ങൾക്കും ഒടുവിൽ, ഒമ്പത് കപ്പൽ ജീവനക്കാരും ഒരു മാരിടൈം പൈലറ്റും കൊല്ലപ്പെട്ടതായി യുക്രെയ്ന്‍ സീപോർട്ട്സ് അതോറിറ്റി അറിയിച്ചു. കപ്പലിലുണ്ടായിരുന്ന 17 ജീവനക്കാരിൽ എട്ടുപേരെ രക്ഷപ്പെടുത്തി.
എൽഎസ്ഇജി ഡാറ്റ പ്രകാരം, മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന ‘ഓഷ്യൻ ഗ്രേസ് ഷിപ്പിംഗ് ലിമിറ്റഡ്’ എന്ന കമ്പനിയുടെ ഉടമസ്ഥതയിലുള്ളതാണ് ഈ കപ്പൽ. പരിക്കേറ്റവരില്‍ ചിലരെ ഒഡേസയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
മലയാളി കൊല്ലപ്പെട്ടതായുള്ള വിവരങ്ങള്‍ പുറത്തുവന്നതിനെ തുടര്‍ന്ന് റഷ്യന്‍ കോണ്‍സുലേറ്റുമായും, വിദേശകാര്യമന്ത്രാലയവുമായും ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നോര്‍ക്കയെ ചുമതലപ്പെടുത്തി.
ഒഡെസ മേഖലയിൽ കൊല്ലപ്പെട്ടത് 28 പേര്‍
ഈ മാസത്തിൽ മാത്രം റഷ്യ നടത്തിയ ആക്രമണങ്ങളിൽ ഒഡെസ മേഖലയിൽ 28 പേർ കൊല്ലപ്പെട്ടതായി ഒഡെസ റീജിയൻ ഗവർണർ അറിയിച്ചു. അതേസമയം, റഷ്യയിലെ ബെൽഗൊറോഡ് മേഖലയിൽ ഒരു ബസിന് നേരെ യുക്രെയ്ന്‍ നടത്തിയ ഡ്രോൺ ആക്രമണത്തിൽ കുട്ടിയടക്കം അഞ്ച് പേർ കൊല്ലപ്പെട്ടതായും റിപ്പോര്‍ട്ടുണ്ട്. കഴിഞ്ഞ ഏതാനും ആഴ്ചകളായി ഇരുവിഭാഗവും ആക്രമണങ്ങൾ ശക്തമാക്കിയിരിക്കുകയാണ്.
English Summary
Four Indian sailors were killed in a missile attack on a ship off Odesa port in Ukraine. Akhil Joyan (26), a native of AKG Nagar in Vellarikundu, Kasaragod, was among the deceased. One more Indian crew member remains in critical condition following the strike. India’s Ministry of External Affairs strongly condemned the attack on the commercial vessel.