യു.എ.ഇയിൽ പൊലീസിനെ വിളിക്കാൻ 999 ആണോ 901 ആണോ ഉപയോഗിക്കേണ്ടത്? പ്രവാസികൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ!
When to Call 999 and When to Dial 901 in Dubai: പരിക്കുകളില്ലാത്ത ചെറിയ അപകടങ്ങൾ റിപ്പോർട്ട് ചെയ്യാൻ, ട്രാഫിക് പിഴകളെ കുറിച്ചുള്ള വിവരങ്ങൾ അറിയാൻ, പിഴകൾ അടയ്ക്കാൻ, ഫൈൻ തവണകളായി അടക്കുന്നതിനുള്ള അപേക്ഷ നൽകാൻ തുടങ്ങിയ ട്രാഫിക് സേവനങ്ങൾക്ക് 901-ൽ ബന്ധപ്പെടാവുന്നതാണ്
ദുബായ്: ദുബായിൽ അടിയന്തര സാഹചര്യങ്ങളിൽ പൊലീസിൻ്റെ സഹായങ്ങൾ തേടാൻ 999, 901 എന്നീ രണ്ട് നമ്പരുകളിൽ ഏതിലാണ് വിളിക്കേണ്ടത് എന്ന് പലർക്കും സംശയം തോന്നിയേക്കാം. അടിയന്തര സേവനങ്ങൾക്ക് മാത്രം ബന്ധപ്പെടേണ്ട 999 എന്ന നമ്പരിലേക്ക് പലപ്പോഴും ആളുകൾ മറ്റു ആവശ്യങ്ങൾക്ക് വിളിക്കുന്നത് പൊലീസിനെ ബുദ്ധിമുട്ടുകൾ സൃഷ്ടിക്കാറുണ്ട്. ഈ നമ്പരുകള്ളേക്ക് വിളിക്കുന്നതിന് മുൻപ് പ്രവാസികൾ ഉൾപ്പടെയുള്ളവർ അറിഞ്ഞിരിക്കേണ്ട കാര്യങ്ങളാണ് ഇനി പറയുന്നത്.
എപ്പോഴാണ് 999-ൽ വിളിക്കേണ്ടത്
അത്യാഹിതങ്ങൾ നേരിടുമ്പോൾ അടിയന്തര സേവനങ്ങൾക്ക് ബന്ധപ്പെടേണ്ട നമ്പരാണ് 999. ഈ നമ്പരിൽ ബന്ധപ്പെടുമ്പോൾ നിങ്ങളൂടെ കൃത്യമായ ലൊക്കേഷനും വിളിക്കാനിടയാക്കിയ കാരണവും വ്യക്തമായി തന്നെ പറയണം. കൺട്രോൾ റുമിൽ നിന്നും ചോദിക്കുന്ന കാര്യങ്ങൾക്ക് കൃത്യമായ മറുപടി നൽകുകയും വേണം. ഈ വിവരങ്ങളുടെ അടിസ്ഥനത്തിലായിരിക്കും സുരക്ഷാ സേനയെ നിങ്ങളുടെ സഹായത്തിനായി അയക്കുക.
901 എപ്പോൾ ഉപയോഗിക്കാം
ദുബായ് പൊലീസിൻ്റെ നോൺ എമേർജെൻസി ഹെൽപ്പ്ലൈൻ നമ്പരാണ് 901 അടിയന്തര ഇടപെടൽ ആവശ്യമില്ലാത്ത സാധാരണ സേവനങ്ങൾക്കും അന്വേഷണങ്ങൾക്കുമായി ഈ നമ്പരിൽ ബന്ധപ്പെടാവുന്നതാണ്. നിലവിൽ 33 സേവനങ്ങളാണ് ഈ നമ്പറിലുടെ ദുബായ് പൊലിസ് നൽകുന്നത്. 2026-ൻ്റെ തുടക്കത്തിൽ തന്നെ രണ്ടര ലക്ഷത്തിലധികം കോളൂകളാണ് 901 എന്ന നമ്പരിലേക്ക് വന്നത്.
പരിക്കുകളില്ലാത്ത ചെറിയ അപകടങ്ങൾ റിപ്പോർട്ട് ചെയ്യാൻ, ട്രാഫിക് പിഴകളെ കുറിച്ചുള്ള വിവരങ്ങൾ അറിയാൻ, പിഴകൾ അടയ്ക്കാൻ, ഫൈൻ തവണകളായി അടക്കുന്നതിനുള്ള അപേക്ഷ നൽകാൻ തുടങ്ങിയ ട്രാഫിക് സേവനങ്ങൾക്ക് 901-ൽ ബന്ധപ്പെടാവുന്നതാണ്. ക്രിമിനൽ സ്റ്റാറ്റസ്, ട്രാഫിക് സ്റ്റാറ്റസ് എന്നീ സർട്ടിഫിക്കറ്റുകൾക്കും, രാത്രി ജോലി ചെയ്യുന്നതിനുള്ള പെർമിറ്റുകൾക്കും ഇതേ നമ്പരിൽ തന്നെയാണ് ബന്ധപ്പെടേണ്ടത്. മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നതുമായി ബന്ധപ്പെട്ട നടപടി ക്രമങ്ങൾക്കും തടവുകാരെ സന്ദർശിക്കുന്നതിനും 901 തന്നെ ഉപയോഗിക്കാം.
നഷ്ടപ്പെട വസ്തുക്കൾ സംബന്ധിച്ച പരാതികൾ നൽകാനും, ചെക്ക് കേസുകൾ, ലേബർ പരാതികൾ, ഗർഹിക പീഡന പരാതികൾ, എന്നിവയും 901 എന്ന നമ്പരിൽ തന്നെ അറിയിക്കാം. ഗാർഹിക പീഡനങ്ങളിൽ അടിയന്തര ഇടപെടൽ ആവശ്യമെങ്കിൽ 999 എന്ന നമ്പരിൽ തന്നെ ബന്ധപ്പെടാൻ പ്രത്യേകം ശദ്ധിക്കുക. മനുഷ്യക്കടത്ത് സംബന്ധിച്ച അടിയന്തര ഇടപെടൽ ആവശ്യമില്ലാത്ത പരാതികളും 901 എന്ന നമ്പരിൽ തന്നെ അറിയിക്കാവുന്നതാണ്.
English Summary
To prevent delays during real emergencies, Dubai Police urges residents to call 999 only for urgent situations and use the 901 hotline for general inquiries and non-emergency police services.