അബുദാബിയിൽ മഴയെ തുടർന്ന് അടച്ച പാർക്കുകളും ബീച്ചുകളും തുറന്നു; വരും ദിവസങ്ങളിലും മഴയ്ക്ക് സാധ്യത
Abu Dhabi City Municipality Reopens Beaches; Police Issue Advisory as Rain Forecast Continues: സന്ദർശകരും താമസക്കാരും സുരക്ഷയ്ക്ക് പ്രഥമ പരിഗണന നൽകണമെന്നും, നീന്താൻ അനുവദിച്ചിട്ടുള്ള ബീച്ചുകളിൽ മാത്രമേ ഇറങ്ങാവൂ എന്നും മുൻസിപ്പാലിറ്റി നിർദ്ദേശം നൽകിയിട്ടുണ്ട്. സുരക്ഷാ മാർഗ്ഗനിർദ്ദേശങ്ങൾ കർശനമായി പാലിക്കണം. കോർണിഷ് ബീച്ച്, അൽ ബത്തീൻ പബ്ലിക് ബീച്ച് എന്നിവയാണ് നീന്തുന്നതിനായി അനുവദിച്ചിട്ടുള്ള പ്രധാന ബീച്ചുകൾ.
അബുദാബി: മഴയെ തുടർന്ന് അടച്ചിട്ടിരുന്ന പാർക്കുകളും വിനോദസഞ്ചാര കേന്ദ്രങ്ങളും ബീച്ചുകളും തുറന്നതായി അബുദാബി സിറ്റി മുൻസിപ്പാലിറ്റി അറിയിച്ചു. കാലാവസ്ഥയിൽ അനുകൂലമായ മാറ്റങ്ങൾ ഉണ്ടായതിനെ തുടർന്നാണ് നടപടിയെന്ന് അധികൃതർ വ്യക്തമാക്കി. അബുദാബിയുടെ വിവിധ ഭാഗങ്ങളിൽ ശക്തമായ മഴയും ഇടിമിന്നലും അനുഭവപ്പെട്ടതിനെ തുടർന്ന് വെള്ളിയാഴ്ചയാണ് മുൻകരുതലിൻ്റെ ഭാഗമായി പാർക്കുകളും ബീച്ചുകളും അടച്ചത്. ഇത്തരം കേന്ദ്രങ്ങളിൽ നടക്കാനിരുന്ന പരിപാടികളും താൽക്കാലികമായി നിർത്തിവെച്ചിരുന്നു. ആഴ്ചകൾ നീണ്ട കടുത്ത ചൂടിന് ശേഷം അബുദാബിയിൽ ലഭിച്ച ആദ്യ മഴയാണ് വെള്ളിയാഴ്ച പെയ്തത്.
സന്ദർശകരും താമസക്കാരും സുരക്ഷയ്ക്ക് പ്രഥമ പരിഗണന നൽകണമെന്നും, നീന്താൻ അനുവദിച്ചിട്ടുള്ള ബീച്ചുകളിൽ മാത്രമേ ഇറങ്ങാവൂ എന്നും മുൻസിപ്പാലിറ്റി നിർദ്ദേശം നൽകിയിട്ടുണ്ട്. സുരക്ഷാ മാർഗ്ഗനിർദ്ദേശങ്ങൾ കർശനമായി പാലിക്കണം. കോർണിഷ് ബീച്ച്, അൽ ബത്തീൻ പബ്ലിക് ബീച്ച് എന്നിവയാണ് നീന്തുന്നതിനായി അനുവദിച്ചിട്ടുള്ള പ്രധാന ബീച്ചുകൾ. സന്ദർശകർക്ക് സുരക്ഷിതമായ അന്തരീക്ഷം ഒരുക്കുന്നതിന് മുൻഗണന നൽകുമെന്നും മുൻസിപ്പാലിറ്റി അറിയിച്ചു.
മഴ തുടരും
യുഎഇയുടെ ചില ഭാഗങ്ങളിൽ വരും ദിവസങ്ങളിലും മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. കിഴക്ക്, തെക്ക്, പടിഞ്ഞാറ് പ്രദേശങ്ങളിൽ ശനിയാഴ്ച ഉച്ചതിരിഞ്ഞ് മേഘാവൃതമായ അന്തരീക്ഷത്തിനും മഴയ്ക്കും സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഞായർ, തിങ്കൾ ദിവസങ്ങളിലും കിഴക്കൻ മേഖലകളിൽ ഉൾപ്പടെ മഴ ലഭിച്ചേക്കാം. ചൊവ്വ, ബുധൻ ദിവസങ്ങളിൽ കിഴക്ക്, തെക്ക് ഭാഗങ്ങളിൽ മഴയ്ക്ക് സാധ്യതയുള്ളതായും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
Also Read: ഇനി ‘വേപ്പിങ്’ പോക്കറ്റ് കീറും! ഇ സിഗരറ്റിന് പുതിയ നികുതി ഏര്‍പ്പെടുത്താനൊരുങ്ങി യുഎഇ
കാറ്റിന് പൊതുവെ ശക്തി കുറവായിരിക്കുമെങ്കിലും മേഘങ്ങൾ രൂപപ്പെടുന്ന പ്രദേശങ്ങളിൽ കാറ്റ് കൂടുതൽ ശക്തി പ്രാപിക്കാൻ സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. ഉൾപ്രദേശങ്ങളിൽ മണിക്കൂറിൽ 50 കിലോമീറ്ററും പർവതപ്രദേശങ്ങളിൽ 45 കിലോമീറ്ററും തീരപ്രദേശങ്ങളിലും ദ്വീപുകളിലും 40 കിലോമീറ്ററും വേഗതയിൽ വരെ കാറ്റ് വീശിയേക്കാം. ശക്തമായ കാറ്റ് വീശുമ്പോൾ പൊടിപടലങ്ങളും മണലും അന്തരീക്ഷത്തിലേക്ക് ഉയരുന്നത് ദൂരക്കാഴ്ച കുറയാൻ കാരണമാകും. വാഹനമോടിക്കുന്നവർ കൂടുതൽ ശ്രദ്ധിക്കണമെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.
ജാഗ്രത വേണം
കാലാവസ്ഥയിൽ ഇടക്കിടേ മാറ്റം വരുന്നതിനാൽ വാഹനമോടിക്കുന്നവർ അതീവ ജാഗ്രത പാലിക്കണമെന്ന് അബുദാബി പോലീസ് കർശന നിർദ്ദേശം നൽകി. വേഗപരിധി സംബന്ധിച്ച താൽക്കാലിക മുന്നറിയിപ്പുകൾ പാലിക്കണം, വാഹനങ്ങൾക്കിടയിൽ സുരക്ഷിതമായ അകലം പാലിക്കണം, പെട്ടെന്ന് ബ്രേക്ക് ചെയ്യുന്നതും വാഹനം വെട്ടിത്തിരിക്കുന്നതും ഒഴിവാക്കണെമെന്നും. മഴവെള്ളം കെട്ടിക്കിടക്കുന്ന പ്രദേശങ്ങളിലൂടെയും താഴ്‌വരകളിലൂടെയുമുള്ള യാത്രകൾ കർശനമായും ഒഴിവാക്കണമെന്നും പോലീസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്..
English Summary
Abu Dhabi has reopened its parks and beaches following closures due to heavy rain. However, the National Centre of Meteorology predicts more rain and strong, dust-stirring winds across the UAE in the coming days. Consequently, Abu Dhabi Police have urged motorists to drive cautiously and avoid waterlogged areas.