Amazon: ആമസോണിൽ വീണ്ടും വൻ പിരിച്ചുവിടൽ: 16,000 ജീവനക്കാരെ പുറത്താക്കുന്നു; ഇന്ത്യക്കാരെയും ബാധിക്കും!
Amazon Layoffs: കമ്പനിയിലെ അമിതമായ മാനേജ്‌മെന്റ് ലെയറുകൾ ഒഴിവാക്കി പ്രവർത്തനക്ഷമത വർധിപ്പിക്കാനാണ് ഈ നടപടിയെന്ന് ആമസോൺ സിഇഒ ആൻഡി ജാസി പറഞ്ഞു. ലാഭം കഴിഞ്ഞ പാദത്തിൽ 40 ശതമാനത്തോളം വർദ്ധിച്ചിട്ടും പിരിച്ചുവിടൽ തുടരുന്നത് ജീവനക്കാർക്കിടയിൽ ആശങ്കയുണ്ടാക്കുന്നുണ്ട്.

Amazon
ന്യൂയോർക്ക്: ആഗോള ഇ-കൊമേഴ്‌സ് ഭീമനായ ആമസോൺ വീണ്ടും ജീവനക്കാരെ പിരിച്ചുവിടുന്നു. ഇത്തവണ 16,000 ജീവനക്കാരെയാണ് പിരിച്ചുവിടുന്നത്. കഴിഞ്ഞ മൂന്ന് മാസത്തിനിടെ കമ്പനി നടത്തുന്ന രണ്ടാമത്തെ വലിയ പിരിച്ചുവിടലാണിത്. കഴിഞ്ഞ ഒക്ടോബറിൽ 14,000 പേരെ പിരിച്ചുവിട്ടിരുന്നു. ഇതോടെ മൂന്ന് മാസത്തിനുള്ളിൽ ജോലി നഷ്ടപ്പെട്ട കോർപ്പറേറ്റ് ജീവനക്കാരുടെ എണ്ണം ഏകദേശം 30,000 ആയി ഉയർന്നു.
കോർപ്പറേറ്റ് ജോലികളിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ടൂളുകൾ വ്യാപകമായി ഉപയോഗിക്കാനുള്ള നീക്കത്തിലാണ് കമ്പനി. പിരിച്ചുവിടുന്നവർക്ക് പുതിയ ജോലി കണ്ടെത്തുന്നതു വരെ 3 മാസം ശമ്പളവും മറ്റ് ആനുകൂല്യങ്ങളും നൽകുമെന്ന് സീനിയർ വൈസ് പ്രസിഡന്റ് ബെത് ഗലേറ്റി പറഞ്ഞു. പുതിയ ജോലി കണ്ടെത്താൻ സാധിക്കാത്തവർക്ക് കൃത്യമായ നഷ്ടപരിഹാര പാക്കേജും, ഹെൽത്ത് ഇൻഷുറൻസ് ആനുകൂല്യങ്ങളും നൽകും.
കമ്പനിയിലെ അമിതമായ മാനേജ്‌മെന്റ് ലെയറുകൾ ഒഴിവാക്കി പ്രവർത്തനക്ഷമത വർധിപ്പിക്കാനാണ് ഈ നടപടിയെന്ന് ആമസോൺ സിഇഒ ആൻഡി ജാസി പറഞ്ഞു. അതേസമയം, കമ്പനിയുടെ ലാഭം കഴിഞ്ഞ പാദത്തിൽ 40 ശതമാനത്തോളം വർദ്ധിച്ചിട്ടും പിരിച്ചുവിടൽ തുടരുന്നത് ജീവനക്കാർക്കിടയിൽ ആശങ്കയുണ്ടാക്കുന്നുണ്ട്.
ഇന്ത്യയിലും ബാധിക്കും
ആമമോൺ കമ്പനിയുടെ ഈ നീക്കം ഇന്ത്യയിലെ ജീവനക്കാരെയും ബാധിച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ. ആമസോൺ വെബ് സർവീസസ് (AWS), റീട്ടെയിൽ, പ്രൈം വീഡിയോ, ഹ്യൂമൻ റിസോഴ്‌സ് (HR) എന്നീ വിഭാഗങ്ങളിലെ ജീവനക്കാരെയാണ് ഈ പിരിച്ചുവിടൽ പ്രധാനമായും ബാധിക്കുക. ബംഗളൂരു, ഹൈദരാബാദ്, ചെന്നൈ തുടങ്ങിയ നഗരങ്ങളിലെ ആമസോൺ ഓഫീസുകളിലെ നിരവധി പേർക്ക് തൊഴിൽ നഷ്ടപ്പെട്ടേക്കും.