Kerala Budget 2026: ക്യാന്‍സര്‍, എയ്ഡ്‌സ്, ക്ഷയ രോഗികളുടെ പെന്‍ഷന്‍ കൂടി; ഇനി മുതല്‍ ലഭിക്കുന്നത്
Cancer, AIDS, TB Pension in Kerala: നേരത്തെ ഉണ്ടായിരുന്ന തുക രോഗികളുടെ വിവിധ ആവശ്യങ്ങള്‍ പൂര്‍ത്തിയാക്കുന്നതിന് പര്യാപ്തമായിരുന്നില്ല. ജീവിതച്ചെലവുകള്‍, മെഡിക്കല്‍ ആവശ്യങ്ങള്‍ എന്നിവ നിറവേറ്റുന്നതിനായി രോഗികള്‍ നേരിട്ടിരുന്ന വെല്ലുവിളികള്‍ കണക്കിലെടുത്താണ് സര്‍ക്കാരിന്റെ നീക്കം.
തിരുവനന്തപുരം: കേരളത്തില്‍ എയ്ഡ്‌സ്, ക്ഷയം, ക്യാന്‍സര്‍ രോഗികള്‍ക്ക് നല്‍കിയിരുന്ന പെന്‍ഷനില്‍ വര്‍ധനവ്. 1,000 രൂപയാണ് വര്‍ധിപ്പിച്ചിരിക്കുന്നത്. 1,600 രൂപ വീതമാണ് എയ്ഡ്‌സ്, ക്യാന്‍സര്‍, ക്ഷയ രോഗികള്‍ക്ക് നിലവില്‍ പെന്‍ഷന്‍ ലഭിക്കുന്നത്. എന്നാല്‍ ഇനി മുതല്‍ 1,000 രൂപ കൂടി ചേര്‍ത്തുള്ള തുക കൈകളിലേക്ക് എത്തും.
നേരത്തെ ഉണ്ടായിരുന്ന തുക രോഗികളുടെ വിവിധ ആവശ്യങ്ങള്‍ പൂര്‍ത്തിയാക്കുന്നതിന് പര്യാപ്തമായിരുന്നില്ല. ജീവിതച്ചെലവുകള്‍, മെഡിക്കല്‍ ആവശ്യങ്ങള്‍ എന്നിവ നിറവേറ്റുന്നതിനായി രോഗികള്‍ നേരിട്ടിരുന്ന വെല്ലുവിളികള്‍ കണക്കിലെടുത്താണ് സര്‍ക്കാരിന്റെ നീക്കം.
ക്യാന്‍സര്‍ പെന്‍ഷന്‍
ക്യാന്‍സര്‍ രോഗികള്‍ക്ക് സര്‍ക്കാര്‍ നല്‍കുന്നത് 1,600 രൂപയാണ്. ക്യാന്‍സര്‍ ചികിത്സ കാലത്തും അതിന് ശേഷമുള്ള വിശ്രമവേളയിലും സാമ്പത്തിക സഹായം നല്‍കുകയാണ് പദ്ധതിയുടെ ലക്ഷ്യം. കുടുംബ വാര്‍ഷിക വരുമാനം 1,00,000 രൂപയില്‍ താഴെയുള്ളവര്‍ക്ക് പെന്‍ഷന് അര്‍ഹതയുണ്ട്. മറ്റ് സാമൂഹ്യ പെന്‍ഷനുകള്‍ വാങ്ങിക്കുന്നവര്‍ക്ക് പദ്ധതിക്ക് അര്‍ഹതയുണ്ടായിരിക്കില്ല.
Also Read: Kerala Budget 2026: ഇലക്ട്രിക് ഓട്ടോ വാങ്ങുന്നവർക്ക് സന്തോഷിക്കാം, 40000 ലഭിക്കും, പലിശ ഇളവ് വേറെയും
എയ്ഡ്‌സ് പെന്‍ഷന്‍
എയ്ഡ്‌സ് രോഗികള്‍ക്ക് പോഷകാഹാരത്തിനും മരുന്നിനും പണം ഉറപ്പാക്കുകയാണ് ഈ പെന്‍ഷന്റെ ലക്ഷ്യം. പ്രതിമാസം 1,600 രൂപയാണ് നിലവില്‍ വിതരണം ചെയ്യുന്നത്. കുടുംബ വാര്‍ഷിക വരുമാനം 1,00,000 രൂപയില്‍ താഴെയുള്ളവര്‍ക്ക് ഈ പെന്‍ഷന് അര്‍ഹതയുണ്ടായിരിക്കും. കേരള സംസ്ഥാന എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റി വഴി രജിസ്റ്റര്‍ ചെയ്തവര്‍ക്ക് മുന്‍ഗണന ലഭിക്കും.
ക്ഷയരോഗികള്‍ക്കുള്ള പെന്‍ഷന്‍
ക്ഷയരോഗികള്‍ക്ക് പെന്‍ഷന്‍ നല്‍കുന്നതിനായി കേന്ദ്രവും സംസ്ഥാനവും ഒരുപോലെ തുക വിലയിരുത്തുന്നുണ്ട്. നിക്ഷയ് പോഷണ്‍ യോജന പദ്ധതി വഴി കേന്ദ്ര സര്‍ക്കാര്‍ എല്ലാ ക്ഷയരോഗികള്‍ക്കും 1,000 രൂപ പ്രതിമാസം വിതരണം ചെയ്യുന്നു. ബിപിഎല്‍ വിഭാഗത്തില്‍പെട്ട ക്ഷയരോഗികള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ 1,600 രൂപയും നല്‍കുന്നുണ്ട്.