India-EU Free Trade Deal: ഇന്ത്യ-യൂറോപ്പ് ബന്ധത്തിൽ പുതുചരിതം; ഈ വ്യാപാര കരാര്‍ നിസാരമല്ല; പ്രയോജനമെന്ത്?
India and European Union Set to Ink Trade Deal: ഇന്ത്യയും യൂറോപ്യൻ യൂണിയനും തമ്മിലുള്ള വ്യാപാര കരാർ ഇന്ന് പ്രഖ്യാപിച്ചേക്കും. ഡൊണാൾഡ് ട്രംപിന്റെ നയങ്ങൾ സൃഷ്ടിച്ച അനിശ്ചിതത്വങ്ങൾക്കിടയിൽ, ഇന്ത്യയും, യൂറോപ്യന്‍ യൂണിയനും തമ്മിലുള്ള ബന്ധം കൂടുതല്‍ ശക്തമാക്കാനാണ് ശ്രമം.
ന്യൂഡല്‍ഹി: ഇന്ത്യയും യൂറോപ്യൻ യൂണിയനും തമ്മിലുള്ള സ്വതന്ത്ര വ്യാപാര കരാർ ഇന്ന് പ്രഖ്യാപിച്ചേക്കും. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നയങ്ങൾ സൃഷ്ടിച്ച അനിശ്ചിതത്വങ്ങൾക്കിടയിൽ, ഇന്ത്യയും, യൂറോപ്യന്‍ യൂണിയനും തമ്മിലുള്ള ബന്ധം കൂടുതല്‍ ശക്തമാക്കാനാണ് ശ്രമം. സ്വതന്ത്ര വ്യാപാര കരാറിലൂടെ അത് സാധ്യമാകുമെന്നാണ് പ്രതീക്ഷ.
ഇന്ത്യയും യൂറോപ്യൻ യൂണിയനും തമ്മില്‍ വിവിധ മേഖലകളിലെ ബന്ധം ശക്തിപ്പെടുത്തുന്നതില്‍ കരാര്‍ ശ്രദ്ധ കേന്ദ്രീകരിക്കും. വ്യാപാരം, പ്രതിരോധം, സുരക്ഷ, കാലാവസ്ഥാ വ്യതിയാനം, നിർണായക സാങ്കേതികവിദ്യ തുടങ്ങിയ മേഖലകളിലാകും പ്രധാന മുന്‍ഗണന.
കരാറിനൊപ്പം, പ്രതിരോധ ചട്ടക്കൂടിനും (Defence Framework Pact) തന്ത്രപ്രധാനമായ അജണ്ടയ്ക്കും ഇന്ത്യയും യൂറോപ്യൻ യൂണിയനും രൂപം നൽകും. യുഎസ്, ചൈന എന്നീ രാജ്യങ്ങളെ അമിതമായി ആശ്രയിക്കുന്നത് കുറയ്ക്കാന്‍ യൂറോപ്പ് ശ്രമിക്കുന്നതിനിടെയാണ് വ്യാപാര കരാര്‍ യാഥാര്‍ത്ഥ്യമാകുന്നതെന്നതാണ് ശ്രദ്ധേയം.
യൂറോപ്യൻ കമ്മീഷൻ പ്രസിഡന്റ് ഉർസുല വോൺ ഡെർ ലെയ്ൻ, യൂറോപ്യൻ കൗൺസിൽ പ്രസിഡന്റ് അന്റോണിയോ കോസ്റ്റ എന്നിവരുമായി ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തും. റിപ്പബ്ലിക് ദിനാഘോഷത്തിൽ ഉർസുല വോൺ ഡെർ ലെയ്‌നും, അന്റോണിയോ കോസ്റ്റയുമായിരുന്നു മുഖ്യാതിഥികള്‍.
ഇന്ത്യയും യൂറോപ്യൻ യൂണിയനും ചരിത്രപരമായ വ്യാപാര കരാറിനോട് അടുക്കുകയാണെന്ന് ഉർസുല വോൺ ഡെർ ലെയ്ൻ വ്യക്തമാക്കിയിരുന്നു. ആഗോള ജിഡിപിയുടെ ഏകദേശം നാലിലൊന്ന് വരുന്ന രണ്ട് ബില്യൺ ആളുകളുള്ള കൂറ്റൻ വിപണിയാണ് ഈ കരാറിലൂടെ യാഥാർത്ഥ്യമാകുന്നത്.
ഇന്ത്യയും യൂറോപ്യൻ യൂണിയനും 2004 മുതൽ തന്ത്രപ്രധാന പങ്കാളികളാണ്. സെക്യൂരിറ്റി ആൻഡ് ഡിഫൻസ് പാർട്ണർഷിപ്പിലൂടെ ഇന്ത്യയും യൂറോപ്യൻ യൂണിയനും തമ്മിലുള്ള പ്രതിരോധ, സുരക്ഷാ സഹകരണം കൂടുതൽ മെച്ചപ്പെടുമെന്നാണ് പ്രതീക്ഷ.
പ്രതിരോധ പങ്കാളിത്തത്തിലൂടെ യൂറോപ്യൻ യൂണിയന്റെ 150 ബില്യൺ യൂറോ പദ്ധതിയായ ‘സേഫ്’ എന്ന പ്രോഗ്രാമിൽ പങ്കെടുക്കാൻ ഇന്ത്യൻ കമ്പനികൾക്ക് അവസരങ്ങള്‍ ലഭിക്കുമെന്നതാണ് മറ്റൊരു പ്രത്യേകത. 2007-ലാണ് ഇന്ത്യയും യൂറോപ്യൻ യൂണിയനും കരാറിനായുള്ള ചർച്ചകൾ ആദ്യം ആരംഭിച്ചത്. 2013-ൽ ചർച്ചകൾ താൽക്കാലികമായി നിർത്തിവച്ചു. 2022 ജൂണിൽ ചർച്ചകൾ പുനഃരാരംഭിച്ചു.