Tiangong: ചൈനയുടെ ബഹിരാകാശ നിലയത്തിലേക്ക് പാകിസ്ഥാന്‍ സ്വദേശിയും; ടിയാന്‍ഗോങിലേക്ക് പോകുന്ന ആദ്യ വിദേശി
China Pakistan Space Mission: ബഹിരാകാശ മേഖലയില്‍ ചൈനയും, പാകിസ്ഥാനും സഹകരണം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് പുതിയ നീക്കമെന്നാണ് സൂചന. ചൈനയുടെ അന്താരാഷ്ട്ര ബഹിരാകാശ സഹകരണത്തിലെ ഒരു പ്രധാന ചുവടുവയ്പ്പാണിതെന്നാണ് ഗ്ലോബല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തത്

ചൈനയുടെ ബഹിരാകാശ നിലയമായ ടിയാന്‍ഗോങിലേക്ക് പാകിസ്ഥാന്‍ സ്വദേശിയെ അയക്കാന്‍ നീക്കം. ഇതുമായി ബന്ധപ്പെട്ട് കരാര്‍ ഒപ്പുവച്ചു. ഇതാദ്യമായാണ് ടിയാന്‍ഗോങിലേക്ക് ഒരു വിദേശിയെ ചൈന അയക്കുന്നത്. വെള്ളിയാഴ്ച ഇസ്ലാമാബാദിൽ നടന്ന ചടങ്ങില്‍ ചൈന മാനെഡ് സ്‌പേസ് ഏജൻസിയും (സിഎംഎസ്എ) പാകിസ്ഥാന്റെ സ്‌പേസ് ആൻഡ് അപ്പർ അറ്റ്മോസ്ഫിയർ റിസർച്ച് കമ്മീഷനും (സുപാർകോ) തമ്മിലാണ് കരാര്‍ ഒപ്പുവച്ചത്. പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫും പരിപാടിയില്‍ പങ്കെടുത്തു.
ബഹിരാകാശയാത്രികരെ തിരഞ്ഞെടുക്കുന്നതിലും പരിശീലിപ്പിക്കുന്നതിലും ഇരു രാജ്യങ്ങളും സഹകരിക്കുമെന്ന് സിഎംഎസ്എ പ്രസ്താവനയില്‍ അറിയിച്ചു. തിരഞ്ഞെടുക്കപ്പെടുന്ന പാക് സ്വദേശി വരും വര്‍ഷങ്ങളില്‍ ഹ്രസ്വകാല ദൗത്യത്തിനായി ചൈനീസ് സംഘത്തിനൊപ്പം ചേരും.
ബഹിരാകാശ മേഖലയില്‍ ചൈനയും, പാകിസ്ഥാനും സഹകരണം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് പുതിയ നീക്കമെന്നാണ് സൂചന. ചൈനയുടെ അന്താരാഷ്ട്ര ബഹിരാകാശ സഹകരണത്തിലെ ഒരു പ്രധാന ചുവടുവയ്പ്പാണിതെന്നാണ് ഗ്ലോബല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തത്.




Read Also : Trump-Zelenskyy: ട്രംപ്-സെലന്‍സ്‌കി തര്‍ക്കത്തിന്റെ കാരണമെന്ത്? നിര്‍ണായകമായ ആ പത്ത് മിനിറ്റ്
ബഹിരാകാശ മേഖലയില്‍ ഇരുരാജ്യങ്ങളും നേരത്തെ മുതല്‍ സഹകരിക്കുന്നുണ്ട്. പാക് ഉപഗ്രഹങ്ങളടക്കം ചൈന വിക്ഷേപിച്ചിട്ടുണ്ട്. പാകിസ്ഥാന്റെ ആദ്യത്തെ ഡിജിറ്റൽ ആശയവിനിമയ ഉപഗ്രഹമായ ബദർ-1, 1990-ൽ ചൈനീസ് ലോംഗ് മാർച്ച് 2ഇ റോക്കറ്റിൽ വിക്ഷേപിച്ചിരുന്നു. ഈ വർഷം ആദ്യം, പാകിസ്ഥാന്റെ ക്യൂബ്‌സാറ്റ് ചൈനയുടെ ചാങ്-6 ചന്ദ്രനിലേക്ക് വിക്ഷേപിച്ചു.
അതേസമയം, പാക് ബഹിരാകാശ സഞ്ചാരിയെ തിരഞ്ഞെടുക്കാന്‍ ഒരു വര്‍ഷത്തോളമെടുക്കുമെന്നാണ് റിപ്പോര്‍ട്ട്. അതിനുശേഷം ഇയാള്‍ ചൈനയില്‍ പരിശീലനം തേടും. 2030ന് മുമ്പ് ബഹിരാകാശ യാത്രികരെ ചന്ദ്രനിലെത്തിക്കാനും ചൈന നീക്കമിടുന്നു. 2022-ലാണ് ടിയാന്‍ഗോങ് നിലയത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. ഭൂമിയിൽനിന്ന് 400 കിലോമീറ്റർ അകലെയുള്ള ഭ്രമണപഥത്തിലാണ് ഈ നിലയം.