Trump-Zelenskyy: ട്രംപ്-സെലന്‍സ്‌കി തര്‍ക്കത്തിന്റെ കാരണമെന്ത്? നിര്‍ണായകമായ ആ പത്ത് മിനിറ്റ്
Conflict Between Trump and Zelenskyy: ട്രംപുമായി നടന്ന ചര്‍ച്ചയ്ക്ക് പിന്നാലെ യുക്രെയ്ന്‍ യുഎസുമായി ധാതു കരാറില്‍ ഒപ്പുവെച്ച ശേഷം നടക്കുന്ന സംയുക്ത വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്ത് സ്വന്തം രാജ്യത്തേക്ക് മടങ്ങിപോകാനായിരുന്നു സെലന്‍സ്‌കിയുടെ പദ്ധതി. എന്നാല്‍ ഇരുവരുടെയും ആദ്യ കൂടിക്കാഴ്ച അസാധാരണമായ തര്‍ക്കങ്ങളില്‍ അവസാനിച്ചു.

വാഷിങ്ടണ്‍: യുക്രെയ്ന്‍ പ്രസിഡന്റ് വോളോഡിമിര്‍ സെലന്‍സ്‌കിയും യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും തമ്മിലുണ്ടായ തര്‍ക്കമാണ് ഇപ്പോള്‍ ലോകം മുഴുവന്‍ ചര്‍ച്ച ചെയ്യുന്നത്. കാര്യക്ഷമമായ ചര്‍ച്ചയ്ക്ക് വേണ്ടിയായിരുന്നു ഇരുവരും കൂടിക്കാഴ്ച നടത്തിയിരുന്നത് എങ്കിലും അതിരൂക്ഷമായ തര്‍ക്കത്തില്‍ കലാശിക്കുകയായിരുന്നു. ഇതോടെ സംയുക്ത വാര്‍ത്താ സേേമ്മളനം ഡൊണാള്‍ഡ് ട്രംപ് റദ്ദാക്കി.
ട്രംപുമായി നടന്ന ചര്‍ച്ചയ്ക്ക് പിന്നാലെ യുഎസുമായി ധാതു കരാറില്‍ ഒപ്പുവെച്ച ശേഷം നടക്കുന്ന സംയുക്ത വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്ത് സ്വന്തം രാജ്യത്തേക്ക് മടങ്ങിപോകാനായിരുന്നു സെലന്‍സ്‌കിയുടെ പദ്ധതി. എന്നാല്‍ ഇരുവരുടെയും ആദ്യ കൂടിക്കാഴ്ച അസാധാരണമായ തര്‍ക്കങ്ങളില്‍ അവസാനിച്ചു. വാര്‍ത്താ സമ്മേളനത്തിന് തൊട്ടുമുമ്പ് സെലന്‍സ്‌കിയോട് മടങ്ങിപോകാന്‍ വൈറ്റ് ഹൗസ് അറിയിക്കുകയായിരുന്നു.




ഇതോടെ ധാതു കരാര്‍ അനിശ്ചിതത്വത്തിലായി. സമാധാനത്തിന് തയാറാകുമ്പോള്‍ തിരിച്ചുവരൂ എന്നാണ് സെലന്‍സ്‌കിയോട് സോഷ്യല്‍ മീഡിയ വഴി ട്രംപ് പ്രതികരിച്ചത്. ട്രംപുമായും വൈസ് പ്രസിഡന്റ് ജെ ഡി വാന്‍സുമായും സെലന്‍സ്‌കി വാഗ്‌വാദത്തില്‍ ഏര്‍പ്പെട്ടിരുന്നു.
ചര്‍ച്ചയുടെ ആദ്യ അരമണിക്കൂറില്‍ കാര്യങ്ങള്‍ നല്ല രീതിയില്‍ പോയി. സൗഹാര്‍ദപരമായ ചര്‍ച്ചകളും ഔപചാരികതയും ഇരുകൂട്ടരും പാലിച്ചു. എന്നാല്‍ സമാധാനത്തിലേക്കും അഭിവൃദ്ധിയിലേക്കുമുള്ള പാത ഒരു പക്ഷെ നയതന്ത്രത്തില്‍ ഏര്‍പ്പെടുന്നതായിരിക്കാം എന്ന് വാന്‍സ് അഭിപ്രായപ്പെട്ടതോടെയാണ് കാര്യങ്ങള്‍ കീഴ്‌മേല്‍ മറിഞ്ഞത്.
വാന്‍സിന് മറുപടിയായി മൂന്ന് വര്‍ഷം മുമ്പ് റഷ്യ നടത്തിയ ആക്രമണത്തെ സെലന്‍സി ഓര്‍മപ്പെടുത്തി. പുടിന്‍ യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള കരാര്‍ ഉണ്ടാക്കാന്‍ ആഗ്രഹിക്കുന്നതായി ട്രംപ് പറഞ്ഞു. എന്നാല്‍ പുടിന്‍ വിശ്വസിക്കാന്‍ സാധിക്കുന്ന വ്യക്തിയല്ലെന്നും കൊലയാളിയോട് ഒരു വിട്ടുവീഴ്ചയും ചെയ്യരുതെന്നുമാണ് ഇതിന് മറുപടിയായി സെലന്‍സ്‌കി പറഞ്ഞത്.
ട്രംപ് പങ്കുവെച്ച എക്‌സ് പോസ്റ്റ്
— Donald J. Trump (@realDonaldTrump) February 28, 2025
മൂന്നാം ലോകയുദ്ധത്തിനുള്ള നടപടികളാണ് സെലന്‍സ്‌കി സ്വീകരിക്കുന്നതെന്നും ട്രംപ് ആരോപിച്ചു. കൂടാതെ യുഎസ് ചെയ്ത സഹായങ്ങള്‍ക്ക് നന്ദി വേണമെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു. യുദ്ധത്തിന്റെ തുടക്കം മുതല്‍ തങ്ങള്‍ ഒറ്റയ്ക്കായിരുന്നു. അതില്‍ അമേരിക്കന്‍ ജനതയോട് താന്‍ നിരവധി നന്ദി പറഞ്ഞതായി സെലന്‍സ്‌കി പറഞ്ഞു.
സെലന്‍സ്‌കിയുടെ മറുപടി ട്രംപിനെ ചൊടിപ്പിച്ചു. പിന്നാലെ ബൈഡിനെ പരാമര്‍ശിച്ചുകൊണ്ട്, യുക്രൈന്‍ ഒറ്റയ്ക്കായിരുന്നില്ലെന്നും മണ്ടന്‍ പ്രസിഡന്റിലൂടെ തങ്ങള്‍ യുക്രെയ്‌ന് 350 ബില്യണ്‍ ഡോളര്‍ നല്‍കിയതായും ട്രംപ് അവകാശപ്പെട്ടു.
തര്‍ക്കം രൂക്ഷമായതോടെ ചര്‍ച്ച അവസാനിപ്പിക്കുകയായിരുന്നു. ഇതിന് പിന്നാലെ യുഎസ് ഇടപെടുകയാണെങ്കില്‍ യുദ്ധത്തില്‍ നിന്ന് പിന്മാറാന്‍ സെലന്‍സ്‌കി ആഗ്രഹിക്കുന്നില്ലെന്ന് മനസിലാക്കുന്നതായി ട്രംപ് സമൂഹ മാധ്യമങ്ങളില്‍ കുറിച്ചു. യുഎസിനെ സെലന്‍സ്‌കി അപമാനിച്ചതായും സമാധാനത്തിന് തയാറുള്ളപ്പോള്‍ തിരിച്ചുവരാമെന്നും ട്രംപിന്റെ പോസ്റ്റില്‍ പറയുന്നു.