Iran War: ഇറാനെതിരായ പുതിയ ആക്രമണം ഒഴിവാക്കാൻ ട്രംപ്; മുന്നിൽ ഒരു നിബന്ധന
Will Trump Avoid New Iran Attacks The Condition That Could Change Everything: ഇറാനുമായുള്ള യുദ്ധം എങ്ങനെ അവസാനിപ്പിക്കണമെന്ന കാര്യത്തില്‍ ട്രംപ് ഇതുവരെ അന്തിമ തീരുമാനത്തിലെത്തിയിട്ടില്ലെന്നാണ് നിലവിലെ സാഹചര്യങ്ങള്‍ സൂചിപ്പിക്കുന്നത്. യുദ്ധം ശക്തമാക്കുമെന്ന് മുന്നറിയിപ്പ് നല്‍കുന്നതിനൊപ്പം ഏറ്റുമുട്ടല്‍ അവസാനിപ്പിക്കാനുള്ള സാധ്യതകളും അദ്ദേഹം പരസ്യമായി സംസാരിക്കുന്നുണ്ട്.

ഡൊണാള്‍ഡ് ട്രംപ്
വാഷിങ്ടണ്‍: ഇറാനെതിരെ വീണ്ടും സൈനിക ആക്രമണം നടത്താനുള്ള നീക്കത്തില്‍ നിന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് താല്‍ക്കാലികമായി പിന്മാറിയേക്കുമെന്ന് റിപ്പോര്‍ട്ട്. ഇറാനില്‍ നിന്നോ ഇറാന് പിന്തുണയ്ക്കുന്ന യെമനിലെ ഹൂതികളില്‍ നിന്നോ അമേരിക്കയ്ക്ക് നേരെ പുതിയ പ്രകോപനങ്ങളുണ്ടായില്ലെങ്കില് ആക്രമണം ഒഴിവാക്കാനാണ് ട്രംപ് ആലോചിക്കുന്നതെന്നാണ് വിവരം.
എന്നാല്‍ ഇറാനുമായുള്ള യുദ്ധം എങ്ങനെ അവസാനിപ്പിക്കണമെന്ന കാര്യത്തില്‍ ട്രംപ് ഇതുവരെ അന്തിമ തീരുമാനത്തിലെത്തിയിട്ടില്ലെന്നാണ് നിലവിലെ സാഹചര്യങ്ങള്‍ സൂചിപ്പിക്കുന്നത്. യുദ്ധം ശക്തമാക്കുമെന്ന് മുന്നറിയിപ്പ് നല്‍കുന്നതിനൊപ്പം ഏറ്റുമുട്ടല്‍ അവസാനിപ്പിക്കാനുള്ള സാധ്യതകളും അദ്ദേഹം സംസാരിക്കുന്നുണ്ട്.
ഫെബ്രുവരിയില്‍ ഇസ്രായേലുമായി ചേര്‍ന്ന് ആരംഭിച്ച യുദ്ധം അമേരിക്കയ്ക്കുള്ളില്‍ തന്നെ വലിയ ജനപിന്തുണയില്ലാത്ത ഒന്നായി മാറിയിട്ടുണ്ട്. ദേശീയ സുരക്ഷാ ഉപദേഷ്ടാക്കളുമായുള്ള കൂടിക്കാഴ്ചകളിലും രഹസ്യാന്വേഷണ വിഭാഗങ്ങളുടെ റിപ്പോര്‍ട്ടുകള്‍ പരിശോധിച്ചതിനുശേഷവും ആക്രമണങ്ങള്‍ തല്ക്കാലം ഒഴിവാക്കുന്നതിനെക്കുറിച്ച് ട്രംപ് ആലോചിച്ചതായാണ് റിപ്പോര്‍ട്ട്.
അമേരിക്ക സംരക്ഷിക്കാന്‍ ശ്രമിക്കുന്ന രാജ്യങ്ങളുടെ അഭ്യര്‍ഥന മാനിച്ചാണ് യുദ്ധം കൂടുതല്‍ നിയന്ത്രിതമായി മുന്നോട്ടുകൊണ്ടുപോകുന്നതെന്ന് ട്രംപ് വ്യാഴാഴ്ച സ്പോര്‍ട്സ് അവതാരകന് സ്റ്റീഫന്‍ എ. സ്മിത്തിനോട് പറഞ്ഞിരുന്നു. അമേരിക്കയുടെ സൈനിക നടപടികള്‍ക്ക് വലിയ സാമ്പത്തിക ചെലവുണ്ടെന്നും യുദ്ധം അവസാനിപ്പിക്കണമെന്ന അഭിപ്രായം ശക്തമാണെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ആഗോള ഇന്ധനവില ഉയരാനും യുദ്ധം കാരണമായിട്ടുണ്ട്.
Also Read: Iran War: ഇറാൻ യുദ്ധം അവസാനിച്ചെന്ന് ട്രംപ്; ഖത്തർ പ്രധാനമന്ത്രിയുമായി നിർണായക കൂടിക്കാഴ്ച
നവംബര്‍ മൂന്നിന് നടന്ന ഇടക്കാല തിരഞ്ഞെടുപ്പിന് മുമ്പുള്ള റോയിട്ടേഴ്സ്-ഇപ്സോസ് സര്‍വേയില്‍ 55 ശതമാനം അമേരിക്കക്കാരും യുദ്ധത്തിന് ചെലവഴിക്കുന്ന തുക ന്യായീകരിക്കാനാകില്ലെന്ന് അഭിപ്രായപ്പെട്ടിരുന്നു. തിരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് കോണ്‍ഗ്രസിന്റെ നിയന്ത്രണം നഷ്ടമായതും യുദ്ധവുമായി ബന്ധപ്പെട്ട ജനവികാരത്തിന്റെ പ്രതിഫലനമാണെന്ന് വൈസ് പ്രസിഡന്റ് ജെഡി വാന്‍സ് ചൂണ്ടിക്കാട്ടിയിരുന്നു.
സൗദിയുടെയും തുര്‍ക്കിയുടെയും ഇടപെടല്‍
ഇറാനെതിരെ വീണ്ടും ആക്രമണം നടത്തരുതെന്ന് സൗദി അറേബ്യയും തുര്‍ക്കിയും ട്രംപിനോട് ആവശ്യപ്പെട്ടതായാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനുമായും തുര്‍ക്കി പ്രസിഡന്റ് റജബ് തയ്യിബ് എര്ദോഗാനുമായും ട്രംപ് ഫോണില്‍ സംസാരിച്ചിരുന്നു. ഇറാനെതിരായ ആക്രമണം പുനരാരംഭിക്കരുതെന്നാണ് ഇരുനേതാക്കളും ആവശ്യപ്പെട്ടത്. എന്നാല്‍ ഇക്കാര്യത്തില്‍ ട്രംപ് വ്യക്തമായ ഉറപ്പൊന്നും നല്‍കിയിട്ടില്ലെന്നാണ് യുഎസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ട്.
English Summary
US President Donald Trump may hold off on fresh attacks on Iran if Tehran or Iran-backed Houthis do not provoke Washington. Saudi Arabia and Turkey have urged restraint, while the US military remains prepared for further action.