Flydubai Incident: ഫ്ലൈദുബായ് വിമാനത്തിലെ ആക്രമണം; വിദേശ വിമാനങ്ങളുടെ സുരക്ഷ പുനഃപരിശോധിക്കാൻ ഇസ്രയേൽ
Israel Orders Security Review After Flydubai Pilot Attack: ഇസ്രയേല്‍ ദേശീയ സുരക്ഷാ കൗണ്‍സില്‍ മേധാവി ഷ്മുവല്‍ ബെന്‍ എസ്രയുടെ നേതൃത്വത്തില്‍ പരിശോധനയ്ക്കായി പ്രത്യേക ഉദ്യോഗസ്ഥനെ നിയോഗിക്കും. വിദേശ വിമാനക്കമ്പനികളുടെ ജീവനക്കാരുടെ പരിശോധനയും നിലവിലുള്ള സുരക്ഷാ സംവിധാനങ്ങളും ഇതിന്റെ ഭാഗമായി വിലയിരുത്തും.

ബെഞ്ചമിന്‍ നെതന്യാഹു
കീവ്: ഫ്‌ളൈദുബായ് വിമാനത്തിലെ സംഭവത്തിന് പിന്നാലെ ഇസ്രായേലിലേക്ക് എത്തുന്ന വിദേശ വിമാനങ്ങളുടെ സുരക്ഷാ സംവിധാനങ്ങള്‍ സമഗ്രമായി പരിശോധിക്കാന്‍ തീരുമാനം. പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവാണ് സുരക്ഷാ പരിശോധനയ്ക്ക് ഉത്തരവിട്ടത്. വിദേശ സിവില്‍ വിമാനങ്ങള്‍ ഇസ്രായേലിലേക്ക് എത്തുമ്പോള്‍ പാലിക്കുന്ന സുരക്ഷാ നടപടികളുടെ എല്ലാ വശങ്ങളും പരിശോധിക്കാനാണ് നിര്‍ദേശം. ഇസ്രയേല്‍ ദേശീയ സുരക്ഷാ കൗണ്‍സില്‍ മേധാവി ഷ്മുവല്‍ ബെന്‍ എസ്രയുടെ നേതൃത്വത്തില്‍ പരിശോധനയ്ക്കായി പ്രത്യേക ഉദ്യോഗസ്ഥനെ നിയോഗിക്കും. വിദേശ വിമാനക്കമ്പനികളുടെ ജീവനക്കാരുടെ പരിശോധനയും നിലവിലുള്ള സുരക്ഷാ സംവിധാനങ്ങളും ഇതിന്റെ ഭാഗമായി വിലയിരുത്തും.
സുരക്ഷാ പരിശോധനയില്‍ വീഴ്ചയുണ്ടായോ?
സംഭവത്തിന് പിന്നാലെ ഇസ്രയേലില്‍ സുരക്ഷാ സംവിധാനങ്ങളെക്കുറിച്ച് കടുത്ത ചോദ്യങ്ങളാണ് ഉയര്‍ന്നത്. ഇസ്രായേലുമായി നയതന്ത്രബന്ധമില്ലാത്ത രാജ്യമായ ഒമാനില്‍ നിന്നുള്ള പൈലറ്റ് എങ്ങനെയാണ് ടെല്‍ അവീവിലേക്ക് സര്‍വീസ് നടത്തുന്ന വിമാനത്തില്‍ ജോലി ചെയ്തതെന്നതാണ് പ്രധാനമായും ഉയര്‍ന്ന ചോദ്യം.
വിദേശ വിമാനക്കമ്പനികളുടെ പൈലറ്റുമാരുടെ രഹസ്യാന്വേഷണ പശ്ചാത്തല പരിശോധന നടത്തുന്നത് തങ്ങളുടെ ഉത്തരവാദിത്തമല്ലെന്ന് ഇസ്രായേല്‍ ഗതാഗത മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. വിദേശ വിമാനങ്ങളിലെ ജീവനക്കാരെക്കുറിച്ചുള്ള സുരക്ഷാ വിവരങ്ങള്‍ ബന്ധപ്പെട്ട വിമാനക്കമ്പനികളും മറ്റ് സുരക്ഷാ ഏജന്‍സികളുമാണ് കൈകാര്യം ചെയ്യുന്നതെന്നാണ് മന്ത്രാലയത്തിന്റെ വിശദീകരണം.
അതേസമയം, വിദേശ വിമാനങ്ങളുടെ സുരക്ഷാ ഉത്തരവാദിത്തം ഏത് സ്ഥാപനത്തിനാണ് എന്ന കാര്യത്തില്‍ തന്നെ വ്യക്തതക്കുറവുണ്ടായിരുന്നുവെന്ന് 2024ലെ ഇസ്രായേല്‍ സ്റ്റേറ്റ് കണ്‍ട്രോളര്‍ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടിയിരുന്നു. ഈ വിഷയത്തില്‍ സമഗ്രമായ നയം രൂപീകരിക്കണമെന്നും ഉത്തരവാദിത്വങ്ങള്‍ വ്യക്തമായി വിഭജിക്കണമെന്നും റിപ്പോര്‍ട്ട് ശുപാര്‍ശ ചെയ്തിരുന്നു.
ഫ്‌ളൈദുബായ് സര്‍വീസുകള്‍ക്ക് നിയന്ത്രണം
സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ഫ്‌ളൈദുബായിയുടെ ഇസ്രായേലിലേക്കുള്ള സര്‍വീസുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചിട്ടുണ്ട്. സംഭവത്തിന് പിന്നിലെ സാഹചര്യങ്ങള്‍ വ്യക്തമായതിന് ശേഷമേ സര്‍വീസുകള്‍ പുനരാരംഭിക്കൂ എന്നാണ് അധികൃതരുടെ നിലപാട്. വിമാന ജീവനക്കാരുടെ പശ്ചാത്തല പരിശോധന, വിദേശ വിമാനക്കമ്പനികളിലെ സുരക്ഷാ നടപടികള്‍, യാത്രക്കാരെയും ജീവനക്കാരെയും സംബന്ധിച്ച മുന്‍കൂര്‍ വിവരശേഖരണം തുടങ്ങിയ കാര്യങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കാനുള്ള സാധ്യതയും പുതിയ പരിശോധനയില്‍ വിലയിരുത്തും.
English Summary
Israel has ordered a security review of international flights following an incident in which a Flydubai co-pilot allegedly attacked the captain during a Dubai to Tel Aviv flight. The review will examine security procedures and the screening of foreign airline crew.