Pager Attack: ഇബ്രാഹിം റഈസിക്ക് നേരെ ഉണ്ടായതും പേജര്‍ ആക്രമണം; നടന്നത് ആസൂത്രിത നീക്കമെന്ന് വെളിപ്പെടുത്തല്‍
Ebrahim Raisi's Death Reason: അസര്‍ബയ്ജാനുമായി ചേര്‍ന്ന അതിര്‍ത്തിയിലെ അറസ് നദിയിലുണ്ടാക്കിയ അണക്കെട്ടുകള്‍ ഉദ്ഘാടനം ചെയ്തശേഷം വടക്കുപടിഞ്ഞാറന്‍ ഇറാനിലെ തബ്രീസ് പട്ടണത്തിലേക്ക് തിരിച്ച് വരുന്നതിനിടെയാണ് റഈസി സഞ്ചരിച്ച ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ടത്. മൂന്ന് ഹെലികോപ്റ്ററുകള്‍ അദ്ദേഹത്തിന്റെ വ്യൂഹത്തിലുണ്ടായിരുന്നു.
ടെഹ്റാന്‍: മുന്‍ ഇറാന്‍ പ്രസിഡന്റ് ഇബ്രാഹി റഈസിയുടെ കൊലപാതകത്തില്‍ പുതിയ വെളിപ്പെടുത്തല്‍. ലെബനനില്‍ ഹിസ്ബുള്ളയ്ക്ക് നേരെ നടത്തിയ പേജര്‍ ആക്രമണത്തിന് (Pager Attack) സമാനമാണ് ഇബ്രാഹി റഈസിക്ക് നേരെ ഉണ്ടായതെന്നാണ് വെളിപ്പെടുത്തല്‍. ഇറാന്‍ പാര്‍ലമെന്റ് അംഗമായ അഹമ്മജ് ബഖ്ഷായെഷ് ആര്‍ദെസ്താനിയാണ് ഹിസ്ബുള്ളയുടെ കൈവശമുള്ള പേജര്‍ റഈസി സഞ്ചരിച്ച ഹെലികോപ്റ്ററിലുണ്ടായിരുന്നുവെന്ന് വെളിപ്പെടുത്തിയത്. റഈസിയുടെ കൊലപാതകം ആസൂത്രിതമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
റഈസിയുടെ കൈവശം ഒരു പേജര്‍ ഉണ്ടായിരുന്നു. ഇത് പൊട്ടിത്തെറിച്ചതാണ് അദ്ദേഹത്തിന്റെ മരണത്തിന് കാരണമായത്. ഇപ്പോള്‍ ലെബനനില്‍ പൊട്ടിത്തെറിച്ച പേജറുകള്‍ റഈസിയുടെ കൈവശമുണ്ടായിരുന്ന പേജറുകളില്‍ നിന്ന് വ്യത്യസ്തമായേക്കാം. പക്ഷെ അദ്ദേഹത്തിന് സംഭവിച്ച അപകടത്തിന് കാരണം പേജര്‍ ആകാനാണ് സാധ്യതയെന്ന് അഹമ്മജ് ബഖ്ഷായെഷ് ആര്‍ദെസ്താനി പറഞ്ഞു.
Also Read: Hezbollah: പൊട്ടിത്തെറിയുണ്ടാകുമെന്ന് ഭയം; ലെബനനില്‍ മൊബൈല്‍ ഫോണ്‍ ഉപേക്ഷിക്കുന്നു
അസര്‍ബയ്ജാനുമായി ചേര്‍ന്ന അതിര്‍ത്തിയിലെ അറസ് നദിയിലുണ്ടാക്കിയ അണക്കെട്ടുകള്‍ ഉദ്ഘാടനം ചെയ്തശേഷം വടക്കുപടിഞ്ഞാറന്‍ ഇറാനിലെ തബ്രീസ് പട്ടണത്തിലേക്ക് തിരിച്ച് വരുന്നതിനിടെയാണ് റഈസി സഞ്ചരിച്ച ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ടത്. മൂന്ന് ഹെലികോപ്റ്ററുകള്‍ അദ്ദേഹത്തിന്റെ വ്യൂഹത്തിലുണ്ടായിരുന്നു. അതില്‍ രണ്ടെണ്ണം ലക്ഷ്യസ്ഥാനത്ത് സുരക്ഷിതമായെത്തി. പ്രസിഡന്റും വിദേശകാര്യമന്ത്രിയും പ്രാദേശിക ഉദ്യോഗസ്ഥരും യാത്രചെയ്തിരുന്ന ഹെലികോപ്റ്ററാണ് അപകടത്തില്‍പ്പെട്ടത്.
ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഈയുടെ പിന്‍ഗാമിയായി പരിഗണിക്കപ്പെട്ടിരുന്ന നേതാവായിരുന്നു ഇബ്രാഹിം റഈസി. 1960ല്‍ ശിയാ തീര്‍ത്ഥാടന കേന്ദ്രമായ മശ്ഹദ്ദിലാണ് റഈസി ജനിച്ചത്. റഈസിക്ക് 5 വയസുള്ളപ്പോള്‍ അദ്ദേഹത്തിന്റെ പിതാവ് മരണത്തിന് കീഴടങ്ങി, ഇതിന് പിന്നാലെ 1979ല്‍ ആയത്തുല്ല റൂഹുല്ലാ ഖാംനഈ നയിച്ച ഇസ്ലാമിക് വിപ്ലത്തില്‍ റഈസി പങ്കാളിയായി.
തന്റെ 25ാം വയസില്‍ ടെഹ്റാന്‍ ഡെപ്യൂട്ടി പ്രോസിക്യൂട്ടറായാണ് റഈസി ഔദ്യോഗിക ജീവിതം ആരംഭിച്ചത്. 1988ല്‍ രാഷ്ട്രീയത്തടവുകാര്‍ക്ക് കൂട്ടത്തോടെ വധശിക്ഷ വിധിച്ച നാല് ജഡ്ജിമാരില്‍ ഒരാളായിരുന്നു ഇദ്ദേഹം. ആയത്തുല്ല റൂഹുല്ല ഖാംനഈയുടെ മരണത്തോടെ 1989ല്‍ ടെഹ്റാന്റെ പ്രോസിക്യൂട്ടറായി റഈസി നിയമിതനാവുകയായിരുന്നു.
2009ലെ പ്രസിഡന്‍ഷ്യല്‍ തെരഞ്ഞെടുപ്പിനെ തുടര്‍ന്നുണ്ടായ കലാപം അടിച്ചമര്‍ത്തുന്നതിലും റഈസി പ്രധാനിയായി. ഇതോടൊപ്പം തന്നെ അഴിമതി വിരുദ്ധന്‍ എന്ന പ്രതിച്ഛായയും കെട്ടിപ്പടുക്കാന്‍ റഈസിക്ക് സാധിച്ചിട്ടുണ്ടായിരുന്നു. പിന്നീട് 2017ല്‍ ആദ്യമായി തെരഞ്ഞെടുപ്പ് പദവിയിലേക്ക് മത്സരിച്ചെങ്കിലും വിജയിച്ചില്ല. അന്ന് ഹസന്‍ റൂഹാനിയോടാണ് റഈസി പരാജയപ്പെട്ടത്. 2019ല്‍ ജൂഡീഷ്യറി മേധാവി പദവിയിലെത്തിയ റഈസി രണ്ട് വര്‍ഷത്തിന് ശേഷം 2021 ജൂണില്‍ 62 ശതമാനം വോട്ട് നേടി പ്രസിഡന്റാവുകയായിരുന്നു.
അതേസമയം, ഹിസ്ബുള്ളയെ ലക്ഷ്യമിട്ട് ഇസ്രായേല്‍ നടത്തിയ പേജര്‍, വാക്കി ടോക്കി ആക്രമണങ്ങള്‍ക്ക് പിന്നാലെ പരിഭ്രാന്തരായി ബെയ്റൂട്ടിലെ ജനങ്ങള്‍. ആക്രമണങ്ങള്‍ക്ക് പിന്നാലെ ആളുകള്‍ മൊബൈല്‍ ഫോണുകള്‍ ഉപേക്ഷിക്കാന്‍ തുടങ്ങിയിരിക്കുകയാണ്. വിമാനങ്ങളില്‍ പേജറുകളും വാക്കി ടോക്കികളും കൊണ്ടുപോകുന്നതിന് ലെബനന്‍ വ്യോമയാന വകുപ്പ് സ്‌ഫോടനത്തെ തുടര്‍ന്ന് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. കൂടാതെ ലെബനന്‍ സായുധസേനയുടെ കൈവശമുള്ള വയര്‍ലെസ് സെറ്റുകള്‍ നശിപ്പിക്കാനും ആരംഭിച്ചു.