Anura Kumara Dissanayake: മരതക ദ്വീപിന്റെ നായകനായി അനുര കുമാര ദിശനായകെ; സത്യപ്രതിജ്ഞ ഇന്ന്
Anura Kumara Dissanayake: സ്വകാര്യവത്കരണത്തിന്റെ എതിരാളിയായ അനുര കുമാര ദിശനായകെ ലങ്കയെ നയിക്കുന്നത് എങ്ങനെയായിരിക്കുമെന്ന് കണ്ടറിയണം. മുൻ പ്രസിഡന്റ് മഹീന്ദ രാജ്പക്സെയെ പുറത്താക്കിയ ജനകീയ വിപ്ലവത്തിന് ശേഷമുള്ള ആദ്യ തെരഞ്ഞെടുപ്പിലാണ് അനുര വിജയിച്ചത്.
കൊളംബോ: അനുര കുമാര ദിശനായകെ ശ്രീലങ്കയുടെ പുതിയ പ്രസിഡന്റായി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. കൊളംബോയിലെ പ്രസിഡൻഷ്യൽ സെക്രട്ടറിയേറ്റിലാണ് സത്യപ്രതിജ്ഞ. എല്ലാ ദ്വീപ് നിവാസികളുടെയും ഐക്യമാണ് തന്റെ വിജയത്തിന് കാരണമെന്ന് അദ്ദേഹം പറഞ്ഞു. 42.30 വോട്ടുകൾ നേടിയാണ് അനുര വിജയിച്ചത്. ആദ്യ ഘട്ട വോട്ടെണ്ണലിൽ മുന്നിലെത്തിയ രണ്ട് സ്ഥാനാർത്ഥികൾക്കും 50 ശതമാനം വോട്ട് നേടാൻ ആകാതെ വന്നതോടെയാണ് രണ്ടാം മുൻഗണന വോട്ടുകൾ എണ്ണിയത്. മുൻഗണന വോട്ടിൽ മുന്നിലെത്തിയ അനുരയെ ജേതാവായി പ്രഖ്യാപിക്കുകയായിരുന്നു. സജിത് പ്രേമദാസ് രണ്ടാമതെത്തിയപ്പോൾ നിലവിലെ പ്രസിഡന്റ് റനിൽ വിക്രമസിംഗെ ആദ്യ ഘട്ടത്തിൽ തന്നെ പുറത്തായി.
തീവ്ര കമ്മ്യൂണിസ്റ്റ് നേതാവായ 55-കാരനായ അനുര കുമാര ദിശനായകെ ശ്രീലങ്കയുടെ 9-ാം പ്രസിഡന്റായാണ്അധികാരത്തിലേറുന്നത്. 2022-ൽ ദ്വീപ് രാഷ്ട്രത്തിൽ നടന്ന ജനകീയ പ്രക്ഷോഭത്തിന്റെ നായകനും നിയുക്ത പ്രസിഡന്റായിരുന്നു. സ്വകാര്യവത്കരണത്തിന്റെ എതിരാളിയായ അനുര കുമാര ദിശനായകെ ശ്രീലങ്കയെ നയിക്കാൻ പോകുന്നത് എങ്ങനെയായിരിക്കുമെന്ന് ലോകം ഉറ്റുനോക്കുന്നു. പ്രസിഡന്റ് മഹീന്ദ രാജ്പക്സെയെ പുറത്താക്കിയ ജനകീയ വിപ്ലവത്തിന് ശേഷമുള്ള ആദ്യ തെരഞ്ഞെടുപ്പിലാണ് അനുരയുടെ മിന്നും ജയം.
കമ്മ്യൂണിസ്റ്റ് പാർട്ടിയായ ജനത വിമുക്തി പെരമുനയുടെ നേതാവായ അനുര കുമാര ദിശനായകെ ആദ്യ വോട്ടെണ്ണലിൽ 42 ശതമാനം വോട്ടുകൾ നേടി. പ്രതിപക്ഷ നേതാവായ സജിത് പ്രേമദാസയ്ക്ക് 32 ശതമാനം വോട്ട് ലഭിച്ചു. നിലവിലെ പ്രസിഡന്റ് റനിൽ വിക്രമസിംഗെയ്ക്ക് 17 ശതമാനം വോട്ടുകളെ നേടാൻ ആയുള്ളൂ. മുൻ പ്രസിഡന്റ് മഹീന്ദ രാജ്പക്സെയുടെ മൂത്ത മകൻ നമൽ രാജപക്സെയ്ക്ക് 2.5 ശതമാനം വോട്ട് മാത്രമാണ് കിട്ടിയത്. ശ്രീലങ്കയിലെ നിയമം അനുസരിച്ച് ഒരു സ്ഥാനാർത്ഥിക്കും 50 ശതമാനം വോട്ട് നേടാനായില്ലെങ്കിൽ രണ്ടാം വോട്ടുകൾ എണ്ണും. അങ്ങനെ രണ്ടാം വോട്ടുകൾ കൂടി എണ്ണിയായിരുന്നു അന്തിമ ഫല പ്രഖ്യാപനം.
രാജ്യത്തെ 22 ജില്ലകളിൽ 15ലും അനുര കുമാര ദിശനായകെ മുന്നിലെത്തി. നൂറ്റാണ്ടുകളുടെ സ്വപ്നം യാഥാർത്ഥ്യമായെന്ന് അദ്ദേഹം തന്റെ വിജയത്തെ കുറിച്ച് പ്രതികരിച്ചു. ലങ്കൻ ചരിത്രം തിരുത്തി എഴുതാൻ തയ്യാറാണെന്നും പ്രതികരിച്ചു. സ്ഥാനമൊഴിയുന്ന പ്രസിഡന്റ് റനിൽ വിക്രമസിംഗെ ദിശനായകെയെ അഭിനന്ദിച്ചു. ചരിത്രം എന്റെ ശ്രമങ്ങളെ വിലയിരുത്തട്ടെ. ലങ്കയെ അതിന്റെ ഇരുണ്ട കാലഘട്ടങ്ങളിൽ ഒന്നിൽ സുസ്ഥിരമാക്കാൻ കഴിവിന്റെ പരമാവധി ഞാൻ ശ്രമിച്ചെന്ന് റനിൽ വിക്രമസിംഗെ പറഞ്ഞു.
1988-ൽ സോഷ്യലിസ്റ്റ് സ്റ്റുഡന്റ്സ് അസോസിയേഷൻ സംഘാടകൻ എന്ന നിലയിൽ ആരംഭിച്ചതാണ് അനുര കുമാര ദിശനായകെയുടെ രാഷ്ട്രീയ ജീവിതം. 2001-ൽ അദ്ദേഹം ലങ്കൻ പാർലമെന്റിൽ എത്തി. ദിശനായകെയുടെ നേതൃത്വത്തിലുള്ള അരകലെയാ മൂവ്മെന്റാണ് രാജ്പക്സെയെ പുറത്താക്കിയ ജനകീയ പ്രക്ഷോഭത്തിന് നേതൃത്വം നൽകിയത്. അഴിമതി തുടച്ചു നീക്കും, സ്വകാര്യവത്കരണം പുനപരിശോധിക്കും, ആഭ്യന്തര ഉത്പാദനം വർദ്ധിപ്പിക്കും, ക്ഷേമപദ്ധതികൾ വ്യാപിപ്പിക്കും തുടങ്ങിയ നിരവധി വാഗ്ദാനങ്ങളാണ് നിയുക്ത പ്രസിഡന്റ് ലങ്കൻ ജനതയ്ക്ക് നൽകിയിരിക്കുന്നത്. ഇന്ത്യയോട് അദ്ദേഹത്തിന്റെ ബന്ധം എങ്ങനെയാകുമെന്നും ലോകം ഉറ്റുനോക്കുന്നു.